ഭോപാല്‍: മധ്യപ്രദേശിലെ ഇന്‍ഡോര്‍ മണ്ഡലത്തില്‍ ലോക്‌സഭാ സ്പീക്കര്‍ സുമിത്രാ മഹാജന് പകരം ബി.ജെ.പി നേതാവ് ശങ്കല്‍ ലാല്‍വനിയെ മത്സരിപ്പിക്കുന്നു. എട്ടുതവണ സുമിത്രാ മഹാജന്‍ എം.പിയായ ഇന്‍ഡോറില്‍ ഏറെ വൈകിയാണ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനമുണ്ടാവുന്നത്. വാരാണസിയെ കൂടാതെ രണ്ടാം സീറ്റായി മോദി ഇന്‍ഡോര്‍ തെരഞ്ഞെടുക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
സുമിത്രാ മഹാജനടക്കം ഇന്ന് ഏഴ് സ്ഥാനാര്‍ത്ഥികളുടെ പേര് ബി.ജെ.പി പുറത്തു വിട്ടിട്ടുണ്ട്.
76 വയസിന് മുകളിലുള്ള നേതാക്കള്‍ക്ക് സീറ്റില്ലെന്ന ബി.ജെ.പി തീരുമാനത്തെ തുടര്‍ന്ന് മത്സരംഗത്ത് നിന്ന് പിന്മാറിയ നേതാവാണ് സുമിത്രാ മഹാജന്‍. ഇന്‍ഡോറില്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വൈകുന്നതില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് തുറന്ന കത്തെഴുതിയിരുന്ന സുമിത്ര മഹാജന് ബി.ജെ.പി തീരുമാനത്തിനെതിരെ പരസ്യമായി പ്രതികരിക്കുകയും ചെയ്തിരുന്നു.
രാഷ്ട്രീയത്തില്‍ സര്‍ക്കാര്‍ ഉദ്യോഗത്തിലേതു പോലെ വിരമിക്കല്‍ പ്രായമില്ലെന്നു പ്രതികരിച്ച സുമിത്രാ മഹാജന്‍ 75 വയസ്സിനു മുകളിലുള്ളവര്‍ക്ക് സീറ്റുകള്‍ നല്‍കുന്നില്ലെന്ന് പാര്‍ട്ടിനയമുണ്ടോ എന്ന കാര്യം തനിക്കറിയില്ലെന്നും ഇക്കാര്യത്തില്‍ അമിത് ഷായ്ക്കു മാത്രമേ എന്തെങ്കിലും പറയാനാകൂവെന്നും പറഞ്ഞിരുന്നു.
മുതിര്‍ന്ന പാര്‍ട്ടി നേതാക്കളായ എല്‍.കെ അദ്വാനി, മുരളീ മനോഹര്‍ ജോഷി എന്നിവര്‍ക്ക് ഇത്തവണ മത്സരിക്കാന്‍ സീറ്റുകള്‍ നല്‍കാതിരുന്നത് 75 വയസ്സ് പിന്നിട്ടതിന്റെ പശ്ചാത്തലത്തിലായിരുന്നു. 76 വയസ്സായ തന്റെ സീറ്റിന്റെ കാര്യത്തിലും പ്രഖ്യാപനം വൈകിയതോടെ സുമിത്ര സീറ്റ് വേണ്ടെന്നു കേന്ദ്ര നേതൃത്വത്തെ അറിയിക്കുകയായിരുന്നു.