ലാലേട്ടന്റെ ആ മാറ്റം കണ്ട് ദൃശ്യത്തിലെ ശാന്തി ചേച്ചിയെ പോലെ വായ പൊളിച്ച് നിന്നുപോയി: ശങ്കർ ഇന്ദുചൂഡൻ
Entertainment
ലാലേട്ടന്റെ ആ മാറ്റം കണ്ട് ദൃശ്യത്തിലെ ശാന്തി ചേച്ചിയെ പോലെ വായ പൊളിച്ച് നിന്നുപോയി: ശങ്കർ ഇന്ദുചൂഡൻ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 25th December 2023, 5:46 pm

മലയാളത്തിലെ ഹിറ്റ് കോമ്പോ ആയ ജീത്തു ജോസഫ് – മോഹൻലാൽ കൂട്ടുകെട്ട് വീണ്ടും ഒന്നിച്ച നേര് തിയേറ്ററിൽ മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്.

നടൻശങ്കർ ഇന്ദുചൂഡൻ, മൈക്കിൾ എന്ന ഒരു പ്രധാന വേഷത്തിൽ സിനിമയിൽ അഭിനയിക്കുന്നുണ്ട്. മോഹൻലാൽ ആദ്യമായി അഭിനയിക്കുന്നത് നേരിൽ കണ്ട അനുഭവം പങ്കുവെക്കുകയാണ് താരം.

തുടക്കം മുതലേ മോഹൻലാൽ കഥാപാത്രമായി മാറുന്നത് കാണാനാണ് താൻ കാത്തിരുന്നതെന്നാണ് ശങ്കർ പറയുന്നത്. അത്രയും നേരം തമാശ പറഞ്ഞ് നിന്ന മോഹൻലാൽ പെട്ടെന്ന് കഥാപാത്രമായി മാറിയെന്നും അത്ഭുതം കാരണം താൻ വായ പൊളിച്ച് നോക്കി നിന്ന് പോയെന്നും കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിൽ താരം പറഞ്ഞു.

‘കഥാപാത്രമായി മാറുമ്പോഴുള്ള അദ്ദേഹത്തിന്റെ ട്രാൻസ്ഫോർമേഷൻ വേണ്ടിയാണ് ആദ്യദിവസം തന്നെ ഞാൻ കാത്തിരുന്നത്. ടേക്ക് എടുക്കുമ്പോൾ അതുംകൂടി കാണാൻ വേണ്ടിയാണ് ഞാൻ അവിടെ നിന്നത്. ഞാൻ വായിച്ചറിഞ്ഞ ഒരു കഥാപാത്രമാണ് വിജയ് മോഹൻ. അതുകൊണ്ടുതന്നെ അദ്ദേഹം അത് എങ്ങനെ ചെയ്യുന്നു എന്നറിയാൻ എനിക്ക് ആകാംക്ഷ ഉണ്ടായിരുന്നു.

ഞാൻ നോക്കുമ്പോൾ ജഗദീഷ് ചേട്ടന്റെയും ഗണേഷ് ഏട്ടന്റെയുമെല്ലാം ഇടയിൽ തമാശയും പറഞ്ഞ് നിൽക്കുകയാണ് ലാലേട്ടൻ. പെട്ടെന്ന് വിജയ് മോഹൻ ഒരു സ്ഥലത്തേക്ക് കടന്നു വരുന്ന ഒരു സീനാണ് അടുത്തത് എടുക്കാൻ ഉള്ളത്.

പെട്ടെന്ന് സ്റ്റാർട്ട്‌ ആക്ഷൻ എന്ന് പറയുന്നത് കേട്ട് ഞാൻ മോണിറ്ററിൽ നോക്കുമ്പോൾ സംഭവം സ്വിച്ച് മാറി. ആ ഒരു ക്യാരക്ടർ ഗ്രാഫ് തന്നെ മാറി ഒരു വക്കീലായി അദ്ദേഹം മാറിയിട്ടുണ്ട്. ആ കഥാപാത്രമായി അദ്ദേഹം മാറി കഴിഞ്ഞു.

ഷോട്ട് കഴിഞ്ഞ ഉടനെ തന്നെ തിരിച്ചു വന്ന് ആ പറഞ്ഞ കോമഡിയുടെ ബാക്കി അദ്ദേഹം അവിടെ പറയുകയാണ്. ദൃശ്യം സിനിമയിൽ ശാന്തി ചേച്ചി നോക്കുന്ന പോലെ വായും പൊളിച്ച് നോക്കി നിൽക്കുകയായിരുന്നു ഞാൻ. ലാലേട്ടൻ അതിന്റെ ഇടയിൽ, മോന്റെ വീടെവിടെയാണ്, എവിടെ നിന്നാണ് മോൻ വരുന്നത് എന്നൊക്കെ ചോദിക്കുന്നുണ്ട്. അദ്ദേഹത്തിന് മനസിലായി ഞാൻ ആ ഷോട്ട് കാണാൻ വേണ്ടി അവിടെ നിൽക്കുകയാണെന്ന്.

അതൊരു മാജിക്കാണ്. പലരും പറഞ്ഞ് കേട്ട കാര്യം നേരിട്ട് കണ്ട് ആ ഒരു കിക്കിൽ നിൽക്കുമ്പോൾ നമുക്കൊന്നും പറയാൻ കിട്ടില്ല. അതൊരു വലിയ നിമിഷമാണ്,’ ശങ്കർ ഇന്ദുചൂഡൻ പറയുന്നു.

Content Highlight: Shankar Indhuchoodan Talk About Performance Of Mohanlal