| Saturday, 30th December 2023, 11:01 am

പൂവള്ളി ഇന്ദുചൂഡനായ ലാലേട്ടൻ എന്നെ ഇന്ദുചൂഡൻ എന്ന് വിളിക്കും, ഞാൻ ഓർത്തത് ആ കഥാപാത്രത്തെ കുറിച്ചാണ്: ശങ്കര്‍ ഇന്ദുചൂഡൻ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നരസിംഹം എന്ന സിനിമ കണ്ടവരാരും പൂവള്ളി ഇന്ദുചൂഡൻ എന്ന പേര് മറക്കാൻ ഇടയില്ല.

മലയാളത്തിൽ വലിയ വിജയമായി മാറിയ കൊമേഴ്ഷ്യൽ ചിത്രമായിരുന്നു നരസിംഹം. താരസമ്പന്നമായ ചിത്രത്തിൽ നന്ദഗോപാൽ മാരാർ എന്ന അതിഥി വേഷത്തിൽ മമ്മൂട്ടിയും എത്തിയിരുന്നു.

നരസിംഹത്തെ കുറിച്ചും തന്റെ പേരിനെ കുറിച്ചും പറയുകയാണ് ഇപ്പോൾ നേര് എന്ന മോഹൻലാൽ ചിത്രത്തിലൂടെ ശ്രദ്ധ നേടുന്ന നടൻ ശങ്കർ ഇന്ദുചൂഡൻ. നേര് സിനിമയുടെ ലൊക്കേഷനിൽ വെച്ച് മോഹൻലാൽ തന്നെ ഇന്ദുചൂഡൻ എന്ന് വിളിക്കാറുണ്ടായിരുന്നു എന്നും നരസിംഹം തന്റെ ഇഷ്ടചിത്രം ആണെന്നും താരം പറയുന്നു. നരസിംഹത്തിലെ മമ്മൂട്ടിയുടെ കഥാപാത്രത്തെ കുറിച്ചും ശങ്കർ വാചാലനായി.

പൂവള്ളി ഇന്ദുചൂഡൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ലാലേട്ടൻ അങ്ങനെ വിളിക്കാറുണ്ടോ എന്ന് ചോദ്യത്തിന് ക്ലബ്ബ് എഫ്. എമ്മിനോട് മറുപടി പറയുകയായിരുന്നു താരം.

‘ലാലേട്ടൻ എന്നെ ഇന്ദുചൂഡൻ എന്ന് വിളിക്കുമായിരുന്നു. എന്നെ ഒരുമാതിരിപ്പെട്ട എല്ലാവരും ഇന്ദുചൂഡൻ എന്ന് തന്നെയാണ് വിളിക്കുന്നത്. ആ പേര് മലയാളികൾ ഭയങ്കരമായി സ്വീകരിച്ച ഒന്നാണ്. നരസിംഹം ആണെങ്കിലും എനിക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു സിനിമയാണ്. എന്റെ ഫേവറീറ്റാണ്.

മമ്മൂട്ടിസാറിനെയും എടുത്ത് പറയണം. എനിക്ക് കാണാപാഠമായിരുന്നു അദ്ദേഹത്തിന്റെ ഡയലോഗുകൾ. ചെറുപ്പത്തിൽ തൊട്ട് നന്ദഗോപാൽ മാരാർ പറയുന്ന കാര്യങ്ങൾ ഞാൻ പറഞ്ഞ് നടക്കാറുണ്ടായിരുന്നു. നമുക്ക് അത്രയ്ക്കും ആ കഥാപാത്രത്തോട് ഇഷ്ടമുള്ളത് കൊണ്ടാണത്.

ലാലേട്ടന്റെതാണെങ്കിലും ഇവരുടെ രണ്ട് പേരുടെയും വലിയ ആരാധകരാണ് നമ്മൾ എല്ലാവരും. മമ്മൂക്ക ആ സിനിമയിൽ ഉണ്ടാക്കിയ ഇമ്പാക്ട് അത്രയും വലുതായിരുന്നു. അദ്ദേഹത്തിന്റെ വോയിസ്‌ മോഡുലേഷൻ ആണെങ്കിലും അത്രയും പവർ ഫുൾ ആയിരുന്നു.

വേറൊരു രീതിയിലുള്ള കൊമേഴ്ഷ്യൽ സിനിമയാണത്. പക്ഷെ ഇപ്പോഴും ടി.വിയിൽ വന്നാൽ ആളുകൾ ഇരുന്ന് കാണുന്ന ഒരു ചിത്രമാണ്,’ ശങ്കർ ഇന്ദുചൂഡൻ പറയുന്നു.

Content Highlight: Shankar Indhuchoodan Talk About Narasimham Movie

We use cookies to give you the best possible experience. Learn more