രക്ഷാധികാരി ബൈജു എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്ന് വന്ന നടനാണ് ശങ്കർ ഇന്ദുചൂടൻ. ഈ കഴിഞ്ഞ ദിവസം തിയേറ്ററുകളിൽ എത്തി മികച്ച അഭിപ്രായത്തോടെ മുന്നേറുന്ന ജീത്തു ജോസഫ് – മോഹൻലാൽ ചിത്രം നേരിലും ഒരു പ്രധാന കഥാപാത്രമായി ശങ്കർ എത്തുന്നുണ്ട്. മൈക്കിൾ എന്ന കഥാപാത്രത്തെയാണ് താരം ചിത്രത്തിൽ അവതരിപ്പിച്ചിട്ടുള്ളത്.
ആദ്യമായി സിനിമയുടെ സെറ്റിൽ വെച്ച് മോഹൻലാലിനെ കണ്ടപ്പോഴുള്ള അനുഭവം പങ്കുവെക്കുകയാണ് ശങ്കർ. മോഹൻലാലിനെ പരിചയപ്പെടാൻ കാത്ത് നിന്നപ്പോൾ അദ്ദേഹം ഇങ്ങോട്ട് വന്ന് സംസാരിച്ചെന്നാണ് താരം പറയുന്നത്. സിനിമയിലെ തന്റെ പ്രകടനത്തെ മോഹൻലാൽ പ്രശംസിച്ചെന്നും കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിൽ ശങ്കർ ഇന്ദുചൂടൻ പറഞ്ഞു.
‘ഞങ്ങൾ എല്ലാവരും അദ്ദേഹത്തിനായി കാത്തിരിക്കുകയായിരുന്നു. വിജയ് മോഹൻ എന്ന കഥാപാത്രത്തെക്കുറിച്ച് ഞാൻ വായിച്ചിട്ടുണ്ട്. അദ്ദേഹം കഥാപാത്രമായി മാറുന്ന ട്രാൻസിഷന് വേണ്ടിയാണ് ഞങ്ങൾ കാത്തിരുന്നത്.
പറ്റുമെങ്കിൽ അദ്ദേഹത്തിന്റെ കയ്യിൽ നിന്ന് ഒരു അനുഗ്രഹം വാങ്ങിയിട്ട് പോകണം എന്ന് മാത്രമേ ഞാൻ വിചാരിച്ചിട്ടുള്ളു. ഞാൻ ആദ്യമായിട്ടാണ് അദ്ദേഹത്തിനൊപ്പം വർക്ക് ചെയ്യുന്നത്.
ഞാൻ നോക്കി നിൽക്കുമ്പോൾ അദ്ദേഹത്തിന്റെ മുഴുവൻ ടീം വരുന്നു, ക്യാരവാനിൽ കയറുന്നുണ്ട്. കുറച്ച് കഴിഞ്ഞ് അദ്ദേഹം അഭിഭാഷക വേഷത്തിൽ ആ ഒരു ഗ്രേസോടെ ഇറങ്ങി വരികയാണ്, ഞാൻ സ്റ്റുഡിയോയുടെ അടുത്ത് നിൽക്കുകയാണ്. എന്റെ അടുത്തേക്ക് ലാൽ സാർ വരികയാണ്. ഞാൻ ടെൻഷനിലായി, എന്നെ പരിചയപെടുത്തണം സംസാരിക്കണം. അറിയാം പക്ഷെ എങ്ങനെ പരിചയപ്പെടണമെന്ന് അറിയില്ല.
പക്ഷെ അദ്ദേഹം ഇങ്ങോട്ട് വന്നിട്ടാണ് പറഞ്ഞത്, ഞാൻ നിന്റെ അഭിനയം കണ്ടു, ഗംഭീരമായിട്ടുണ്ടെന്ന്. നന്നായിട്ട് ചെയ്തിട്ടുണ്ട് മോൻ, കീപ്പ് ഇറ്റ് അപ്പ് എന്ന് ലാലേട്ടൻ പറഞ്ഞു.
പിന്നീട് ജീത്തു സാർ വന്ന് എന്നെ പരിചയപ്പെടുത്തി ഇതാണ് മൈക്കിൾ എന്ന് ലാലേട്ടനോട് ജീത്തു സാർ പറഞ്ഞപ്പോൾ ലാലേട്ടൻ പറഞ്ഞു, ഞാൻ അവന്റെ അഭിനയത്തെ കുറിച്ച് സംസാരിച്ചു കഴിഞ്ഞു. അവൻ നന്നായിട്ട് ചെയ്തിട്ടുണ്ടെന്ന്.
ഒരു നടൻ എന്ന നിലയിൽ ഇതിനേക്കാൾ വലിയൊരു അംഗീകാരം കിട്ടാൻ ഇല്ലല്ലോ. നമ്മൾ അത്രയും ആരാധിച്ച ഒരു ആക്ടർ അങ്ങനെ പറയുമ്പോൾ. അതൊരു വലിയ കാര്യമാണ്,’ ശങ്കർ ഇന്ദുചൂടൻ പറയുന്നു.
Content Highlight: Shankar Indhuchoodan Talk About Mohanlal