| Friday, 5th January 2024, 9:12 am

അദ്ദേഹം ശ്രീനിസാറിന്റെ വലിയ ആരാധകനാണ്, നേരിന്റെ ലൊക്കേഷനിൽ വെച്ച് അവരുടെ സൗഹൃദത്തെ കുറിച്ച് പറയുമായിരുന്നു: ശങ്കർ ഇന്ദുചൂഡൻ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നേര് സിനിമയിൽ നടൻ ജഗദീഷിനൊപ്പം അഭിനയിച്ചപ്പോഴുള്ള അനുഭവം പങ്കുവെക്കുകയാണ് യുവതാരം ശങ്കർ ഇന്ദുചൂഡൻ.

ജീത്തു ജോസഫ് ഒരുക്കിയ നേര് എന്ന മോഹൻലാൽ ചിത്രത്തിൽ മൈക്കിൾ എന്ന കഥാപാത്രമായാണ് ശങ്കർ എത്തിയത്.

ചിത്രത്തിൽ ജഗദീഷിനൊപ്പം അഭിനയിക്കുമ്പോൾ അധികവും സിനിമകളെ കുറിച്ചാണ് സംസാരിച്ചതെന്നും അദ്ദേഹം ഷൂട്ടിനിടയിൽ പല സിനിമകളും ആദ്യ ദിനം തന്നെ പോയി കാണുമായിരുന്നുവെന്നും ശങ്കർ പറയുന്നു.

ജഗദീഷ് നടൻ ശ്രീനിവാസന്റെ വലിയ ആരാധകൻ ആണെന്നും, അദ്ദേഹമൊത്തുള്ള സൗഹൃദത്തെ പറ്റിയെല്ലാം സംസാരിക്കാറുണ്ടെന്നും ശങ്കർ സമയം മലയാളത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

‘എല്ലാ സിനിമകളും എല്ലാ ഭാഷ സിനിമകളും ഫസ്റ്റ് ഡേ തിയേറ്ററിലും ഒ. ടി. ടിയിലുമെല്ലാം അദ്ദേഹം കാണും. നേരിന്റെ ഷൂട്ടിനിടയ്ക്ക് ജവാൻ ഇറങ്ങിയിരുന്നു അതുപോലെ വലിയ വലിയ സിനിമകൾ വേറെയും ഇറങ്ങിയിരുന്നു. ഷൂട്ട്‌ തുടങ്ങുന്നതിന് മുമ്പ് രാവിലെയുള്ള ഷോയൊക്കെ അദ്ദേഹം കാണും. ആ കാര്യത്തിൽ ജഗദീഷേട്ടൻ ഒരു കുട്ടിയെ പോലെയാണ്. അദ്ദേഹത്തിന്റെ ഒരു കൗതുകമാണ്.

തെളിയിക്കേണ്ടതൊക്കെ അദ്ദേഹം തെളിയിച്ചു കഴിഞ്ഞതാണ്. പക്ഷെ ഒരു സിനിമ ഇറങ്ങുമ്പോൾ അദ്ദേഹത്തിന് ഒരു ആകാംഷയുണ്ട്. അപ്പോൾ നമുക്ക് മനസിലാവും അദ്ദേഹം സിനിമകൾക്കെല്ലാം എത്ര ആവേശത്തോടെയാണ് കാത്തിരിക്കുന്നതെന്ന്. അത് കാണുമ്പോൾ ഞങ്ങൾക്കും വലിയ സന്തോഷമാണ്.

അതുപോലെ ശ്രീനിവാസൻ സാറിന്റെ വലിയ ആരാധകനാണ് അദ്ദേഹം. ഒരുമിച്ച് സിനിമകൾ എഴുതി പ്രവർത്തിച്ച സുഹൃത്തുക്കൾ ആണെങ്കിലും അദ്ദേഹം ശ്രീനിസാറിന്റെ ഓരോ കഥകൾ പറയുമ്പോൾ ഞങ്ങൾക്ക് വലിയ സന്തോഷമാണ്.

പ്രേക്ഷകൻ എന്ന നിലയിൽ അദ്ദേഹം അവരുടെ സൗഹൃദത്തിന്റെ കഥയൊക്കെ പറയുമ്പോൾ അതൊരു പുതിയ അനുഭവമാണ് ഞങ്ങൾക്ക്,’ശങ്കർ ഇന്ദുചൂഡൻ പറയുന്നു.

Content Highlight: Shankar Indhuchoodan Talk About Jagadheesh

We use cookies to give you the best possible experience. Learn more