| Monday, 25th December 2023, 8:06 pm

നേര് കണ്ട് ഹൈകോടതി ജഡ്ജിമാർ പറഞ്ഞത് അതായിരുന്നു, അവരെല്ലാം തിരക്കുപിടിച്ച് സിനിമ കാണുകയാണ്: ശങ്കർ ഇന്ദുചൂഡൻ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മുൻ ചിത്രങ്ങളിൽ നിന്ന് വ്യത്യസ്തമായി സംവിധായകൻ ജീത്തു ജോസഫ് ഒരുക്കിയ കോർട്ട് റൂം ഡ്രാമ ചിത്രമാണ് നേര്. മോഹൻലാൽ നായകനായി എത്തിയ ചിത്രം വലിയ രീതിയിൽ പ്രേക്ഷക ശ്രദ്ധ നേടി മുന്നേറുകയാണ്. നടൻ ശങ്കർ ഇന്ദുചൂഡൻ ഒരു പ്രധാന കഥാപാത്രമായി ചിത്രത്തിൽ എത്തുന്നുണ്ട്.

റിയൽ ലൈഫിൽ അഭിഭാഷകനാണ് ശങ്കർ ഇന്ദുചൂഡൻ. നേര് കണ്ട് ഹൈകോടതിയിലെ ജഡ്ജിമാർ തന്നോട് സംസാരിച്ചു എന്നാണ് താരം പറയുന്നത്.

അവർ സിനിമയെ പ്രശംസിച്ച് സംസാരിച്ചെന്നും ഏറ്റവും ഉന്നതിയിലുള്ള അവരെല്ലാം സിനിമയെ കുറിച്ച് സംസാരിക്കുമ്പോൾ അത് വലിയൊരു അവാർഡിന് തുല്യമാണെന്നും താരം കൂട്ടിച്ചേർത്തു. മൂവി വേൾഡ് മീഡിയയോട് സംസാരിക്കുകയായിരുന്നു ശങ്കർ.

‘ഞാൻ കഴിഞ്ഞ ദിവസം തിയേറ്ററിൽ പോയപ്പോൾ രണ്ട് ഹൈകോടതി ജഡ്ജിമാർ വന്നിരുന്നു. അത് ശരിക്കും ഒരു നിമിഷമാണല്ലോ.

കാരണം കേരളത്തിലുള്ള മിക്ക അഭിഭാഷകരും തിരക്കുപിടിച്ച് സിനിമ കാണുന്നുണ്ട്. എന്റെ ഒരു സീനിയർ നാളെ നേര് കാണുന്നുണ്ട്. അവരുടെയെല്ലാം വലിയൊരു റെപ്രസന്റേഷനാണ് ഈ സിനിമ.

ഇത്രയും ഭംഗിയായി ഒരു കോടതി ചിത്രീകരിച്ചിരിക്കുന്ന ഒരു സിനിമ ആദ്യമായിട്ടാണ് മലയാളത്തിൽ വരുന്നതെന്നാണ് അവർ പറയുന്നത്. ജഡ്ജിമാര് പടം കഴിഞ്ഞിറങ്ങി വന്നപ്പോൾ അവർ എന്നെ കണ്ടിട്ട് മൈക്കിളേ എന്ന് വിളിച്ചിട്ടാണ് സംസാരിക്കുന്നത്. ഞാൻ അത്രയും ബഹുമാനത്തോടെ കാണുന്നവരാണ് അവർ. അവർ എന്റെ കഥാപാത്രത്തെ ഉൾക്കൊണ്ട്‌ അങ്ങനെ വിളിക്കുമ്പോൾ വലിയ സന്തോഷം തോന്നുന്നു.

സിനിമയുടെ വിഷയത്തെ കുറിച്ചും അത് പ്രേക്ഷകർക്ക്‌ നൽകുന്ന ചിന്തയെ കുറിച്ചുമെല്ലാം വളരെയധികം വാചലരായി അവർ സംസാരിച്ചു.

അത് ശരിക്കും വലിയൊരു അവാർഡ് അല്ലേ. ഏറ്റവും ഉന്നതിയിൽ നിൽക്കുന്ന അവർ തന്നെ നേരിനെ കുറിച്ച് പറയുമ്പോൾ ഒരുപാട് സന്തോഷം തോന്നുന്നു,’ ശങ്കർ ഇന്ദുചൂഡൻ പറയുന്നു.

Content Highlight: Shankar Indhuchoodan Says That Neru Movie Watched By Hi court  Judges

We use cookies to give you the best possible experience. Learn more