Entertainment
കൈയിലെ മരുന്ന് തീര്‍ന്ന ഷങ്കര്‍, മാഷപ്പുകള്‍ കൊണ്ട് വെറുപ്പിക്കുന്ന ഇന്ത്യന്‍ 2
അമര്‍നാഥ് എം.
2024 Jul 13, 10:14 am
Saturday, 13th July 2024, 3:44 pm

ഒരൊറ്റ പാട്ടില്‍ തന്നെ ഏഴ് ലോകാത്ഭുതങ്ങള്‍ കാണിച്ച് സിനിമാലോകത്തെ ഞെട്ടിച്ച സംവിധായകനാണ് ഷങ്കര്‍. ആദ്യ സിനിമ മുതല്‍ വിജിലാന്റിസം എന്ന പ്രമേയം മുന്‍നിര്‍ത്തിയുള്ള സിനിമകളാണ് കൂടുതലും ചെയ്തിട്ടുള്ളത്. എല്ലാ സിനിമകളിലും പ്രേക്ഷകരെ അത്ഭുതപ്പെടുത്തുന്ന എന്തെങ്കിലുമൊരു കാര്യം ഉണ്ടാകും. 2010ല്‍ പുറത്തിറങ്ങിയ എന്തിരന്റെ അവസാന 20 മിനിറ്റിനോളമെത്താന്‍ ഇന്നേവരെ മറ്റൊരു ഇന്ത്യന്‍ സിനിമക്കും  കഴിഞ്ഞിട്ടില്ല.

എന്നാല്‍ 28 വര്‍ഷം മുമ്പ് പുറത്തിറങ്ങിയ ഇന്ത്യന്റെ രണ്ടാം ഭാഗം ഷങ്കര്‍ എന്ന സംവിധായകന്റെ കരിയറിലെ ഏറ്റവും മോശം സിനിമ എന്ന് പറയേണ്ടി വരും. ഷങ്കറിന്റെ കരിയറിലെ ഏറ്റവും മികച്ച സിനിമകളിലൊന്നായ ഇന്ത്യന്റെ രണ്ടാം ഭാഗം ഒരുക്കുമ്പോള്‍ അതിന് വേണ്ടി നല്ലൊരു തിരക്കഥ പോലും എഴുതാന്‍ ശ്രമിച്ചിട്ടില്ല എന്ന് തോന്നിപ്പോകും.

തന്റെ തന്നെ പഴയ സിനിമകളുടെ റഫറന്‍സ് സീനുകള്‍ തുന്നിച്ചേര്‍ത്ത് ഷങ്കര്‍ ഉണ്ടാക്കിയ കഥയാണ് ഇന്ത്യന്‍ 2വിന്റെത്. ബോയ്‌സിലെപ്പോലെ സ്വന്തം മാതാപിതാക്കളോടും സമൂഹത്തോടും കലഹിക്കുന്ന നാല് യുവാക്കള്‍ എന്ന ഭാഗം സിദ്ധാര്‍ത്ഥിനും ഗ്യാങ്ങിനും നല്‍കിയപ്പോള്‍ അന്യനിലെ പ്രകാശ് രാജിനെ ഓര്‍മിപ്പിക്കുന്ന തരത്തിലുള്ള ക്യാരക്ടര്‍ ആര്‍ക് ബോബി സിംഹക്ക് നല്‍കി. അന്യനില്‍ പ്രകാശ് രാജിന്റെ കൂടെ നടന്ന വിവേകിനെ ഈ സിനിമയിലും കൊണ്ടുവരാന്‍ ഷങ്കര്‍ കാണിച്ച ബുദ്ധിയെ നമിക്കണം.

രജിനി ചിത്രം ശിവാജിയിലെ ഒരു സീന്‍ അതുപോലെ കോപ്പി ചെയ്ത് ഈ സിനിമയിലും ഉപയോഗിച്ചിട്ടുണ്ട്. സീരിയസായി ചെയ്ത മറ്റ് സീനുകള്‍ കോമഡിയായി തോന്നിയപ്പോള്‍ കോമഡിക്ക് വേണ്ടി ചെയ്ത ഈ സീന്‍ വെറുപ്പിക്കലായി. ഐ യില്‍ ബോഡിബില്‍ഡര്‍മാരുമൊത്ത് വിക്രം നടത്തിയ ഫൈറ്റ് ഇതിലും ആവര്‍ത്തിക്കുന്നുണ്ട്. 100ലധികം വയസ്സുള്ള സേനാപതിക്ക് സിക്‌സ് പാക്ക് വെച്ച് കൊടുത്തപ്പോള്‍ ഷങ്കര്‍ സ്വന്തം കഥാപാത്രത്തിനെ കൊന്നുകളഞ്ഞതുപോലെ തോന്നി.

സിനിമയുടെ ടെക്‌നോളജി ഇത്രയും മാറിയ കാലഘട്ടത്തില്‍ അതെല്ലാം ഉപയോഗിക്കാന്‍ കാണിക്കുന്ന വ്യഗ്രതയുടെ പത്തിലൊന്ന് പോലും ആത്മാര്‍ത്ഥതയില്ലാതെ എഴുതിയ കഥയാണ് ഇന്ത്യന്‍ 2വിന്റേതെന്ന് തോന്നും. വലിയ ബജറ്റില്‍ പ്രേക്ഷകന്റെ കണ്ണില്‍ പൊടിയിടാന്‍ ഗിമ്മിക്ക് കാണിച്ചാല്‍ മാത്രം പോരാ, കഥയിലേക്ക് അവരെ വലിച്ചിടാന്‍ ഇമോഷണലി കണക്ട് ആക്കുകയും വേണം. 40 വര്‍ഷത്തെ അനുഭവസമ്പത്തുള്ള ഷങ്കറിന് അടുത്ത സിനിമ മുതല്‍ അതിന് സാധിക്കുമെന്ന് കരുതുന്നു.

Content Highlight: Shankar copied his own old scenes in Indian 2

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം