Advertisement
Entertainment
എന്റെ കരിയറില്‍ ഏറ്റവും പാടുപെട്ട വി.എഫ്.എക്‌സ് ആ സിനിമകളിലായിരുന്നു: ഷങ്കര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Jul 23, 06:06 am
Tuesday, 23rd July 2024, 11:36 am

ബ്രഹ്‌മാണ്ഡ സിനിമകളിലൂടെ പ്രേക്ഷകരെ എക്കാലത്തും അമ്പരപ്പിച്ച സംവിധായകനാണ് ഷങ്കര്‍. ആദ്യ ചിത്രമായ ജെന്റില്‍മാന്‍ മുതല്‍ എല്ലാ സിനിമയിലും പ്രേക്ഷകരെ അത്ഭുതപ്പെടുത്തുന്ന കഥപറച്ചില്‍ കൊണ്ട് എന്നും മുന്നിട്ട് നിന്നിട്ടുള്ള സംവിധായകനാണ് ഷങ്കര്‍. വി.എഫ്.എക്‌സിന്റെ അനന്തസാധ്യതകള്‍ തന്റെ എല്ലാ സിനിമകളിലും ഉള്‍പ്പെടുത്താന്‍ ഷങ്കര്‍ ശ്രമിച്ചിട്ടുണ്ട്. 2010ല്‍ പുറത്തിറങ്ങിയ എന്തിരന്‍ ഇന്നും അത്ഭുതമാണ്.

താന്‍ ചെയ്ത സിനിമകളില്‍ ഏറ്റവും ബുദ്ധിമുട്ടിയത് എന്തിരന്‍, 2.0 എന്നീ സിനിമകളുടെ വി.എഫ്.എക്‌സിനായിരുന്നുവെന്ന് പറയുകയാണ് ഷങ്കര്‍. എന്തിരനില്‍ എല്ലാ റോബോട്ടും ഒന്നിച്ച് നില്‍ക്കുന്ന സീനില്‍ റോബോട്ടിന്റെ തല റൊട്ടേറ്റ് ചെയ്യുന്ന സീന്‍ ചിത്രീകരിക്കാന്‍ വല്ലാതെ പാടുപെട്ടുവെന്ന് ഷങ്കര്‍ പറഞ്ഞു.

2.0യില്‍ വലിയ പക്ഷിയെ വി.എഫ്.എക്‌സില്‍ ചെയ്തതാണെന്നും ആ സീന്‍ ചെയ്യാന്‍ വളരെയധികം കഷ്ടപ്പെട്ടുവെന്നും ഷങ്കര്‍ പറഞ്ഞു. വെറുമൊരു ഇരുമ്പ് കമ്പി മാത്രമേ ആ സീനില്‍ ഉണ്ടായിരുന്നുള്ളൂവെന്ന് ഷങ്കര്‍ പറഞ്ഞു. അതിനെ നോക്കി പേടിക്കാന്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളോട് ആവശ്യപ്പെട്ടുവെന്നും ആ സീനിന് ക്യാമറ ആങ്കിളും ലെന്‍സും എല്ലാം സെറ്റ് ചെയ്തത് താനായിരുന്നുവെന്നും ഷങ്കര്‍ പറഞ്ഞു.

തന്റെ മനസിലുള്ളത് വി.എഫ്.എക്‌സ് ആര്‍ട്ടിസ്റ്റുകള്‍ക്ക് മനസിലാക്കി കൊടുക്കാന്‍ താന്‍ വി.എഫ്.എക്‌സിന്റെ ബേസിക് പാഠങ്ങള്‍ പഠിച്ചുവെന്നും ഷങ്കര്‍ കൂട്ടിച്ചേര്‍ത്തു. ഗലാട്ടാ പ്ലസിന് നല്‍കിയ അഭിമുഖത്തിലാണ് ഷങ്കര്‍ ഇക്കാര്യം പറഞ്ഞത്.

‘വി.എഫ്.എക്‌സ് ചെയ്യുന്നതില്‍ എപ്പോഴും ബുദ്ധിമുട്ട് നേരിട്ടിട്ടുണ്ട്. പക്ഷേ ഏറ്റവും പാടുപെട്ടത് എന്തിരനും 2.0ക്കും ആയിരുന്നു. എന്തിരനില്‍ എല്ലാ റോബോട്ടും ഒരുമിച്ച് നില്‍ക്കുമ്പോള്‍ തല റൊട്ടേറ്റ് ചെയ്യിക്കുന്ന സീന്‍ എടുക്കാന്‍ വളരെയധികം പാടുപെട്ടു. ആ സീനില്‍ എല്ലാം വി.എഫ്.എക്‌സ് ആയിരുന്നു. എങ്ങനെ ചെയ്യണമെന്ന് ആര്‍ക്കും ഒരു പിടിയില്ലായിരുന്നു. എന്റെ മനസിലുള്ള കാര്യത്തിന്റെ ഔട്പുട് കിട്ടാന്‍ വളരെ പാടുപെട്ടു.

അതുപോലെ 2.0യില്‍ ആ ജയന്റ് പക്ഷിയുടെ വി.എഫ്.എക്‌സ് സീനും ബാക്കിയുള്ളവരുടെ റിയാക്ഷനും എടുക്കാന്‍ വളരെ പാടുപെട്ടിരുന്നു. ആ സീനില്‍ ഒരു ഇരുമ്പ് കമ്പി മാത്രമാണ് ഉള്ളത്. അതിലേക്ക് നോക്കി പേടിക്കാനാണ് എല്ലാ ജൂനിയര്‍ ആര്‍ട്ടിസ്റ്റിനോടും പറഞ്ഞത്. എന്താണ് സംഭവമെന്നൊന്നും ആര്‍ക്കും പിടിയില്ല.

ആ സീനിന് വേണ്ടി ക്യാമറാ ആംഗിളും ലെന്‍സുമെല്ലാം സെറ്റ് ചെയ്തത് ഞാനായിരുന്നു. വി.എഫ്.എക്‌സ് ആര്‍ട്ടിസ്റ്റുകളോട് എന്റെ മനസിലുള്ള ഐഡിയ കണ്‍വേ ചെയ്യാന്‍ ഞാന്‍ വി.എഫ്.എക്‌സിന്റെ ബേസിക് കാര്യങ്ങള്‍ പഠിക്കേണ്ടി വന്നു,’ ഷങ്കര്‍ പറഞ്ഞു.

Content Highlight: Shankar about the most difficult VFX scene in his career