ബ്രഹ്‌മാണ്ഡ സിനിമകളിലൂടെ പ്രേക്ഷകരെ എക്കാലത്തും അമ്പരപ്പിച്ച സംവിധായകനാണ് ഷങ്കര്‍. ആദ്യ ചിത്രമായ ജെന്റില്‍മാന്‍ മുതല്‍ ഏറ്റവുമൊടുവില്‍ പുറത്തിറങ്ങിയ 2.0 വരെ എല്ലാ സിനിമയിലും പ്രേക്ഷകരെ അത്ഭുതപ്പെടുത്തുന്ന കഥപറച്ചില്‍ കൊണ്ട് എന്നും മുന്നിട്ട് നിന്നിട്ടുള്ള സംവിധായകനാണ് ഷങ്കര്‍. 1998ല്‍ പുറത്തിറങ്ങിയ ജീന്‍സ് എന്ന ചിത്രത്തില്‍ ആറ് മിനിറ്റ് മാത്രമുള്ള ഒരു പാട്ടിന് വേണ്ടി ഏഴ് ലോകാത്ഭുതങ്ങളും കാണിച്ചത് ഇന്നത്തെ കാലത്ത് ഒരു സംവിധായകനും ചിന്തിക്കാന്‍ പറ്റാത്തതാണ്.
ഓരോ കാലത്തും തന്നെ പല സംവിധായകരും ഇംപ്രസ് ചെയ്യിക്കാറുണ്ടെന്ന് ഷങ്കര്‍ തന്റെ പല അഭിമുഖങ്ങളിലും പറയാറുണ്ട്. വെട്രിമാരന്‍, ഗൗതം മേനോന്‍, പാ. രഞ്ജിത് തുടങ്ങിയ സംവിധായകരുടെ പേര് പഴയ അഭിമുഖങ്ങളില്‍ ഷങ്കര്‍ എടുത്തുപറഞ്ഞിരുന്നു. കഴിഞ്ഞ രണ്ടുമൂന്ന് വര്‍ഷത്തിനിടെ തന്റെ ഇംപ്രസ് ചെയ്യിച്ച ചില സംവിധായകരുണ്ടെന്ന് ഷങ്കര്‍ കൂട്ടിച്ചേര്‍ത്തു.
അതില്‍ ആദ്യത്തെയാള്‍ തമിഴരസന്‍ പച്ചമുത്തുവാണെന്ന് ഷങ്കര്‍ പറഞ്ഞു. ലബ്ബര്‍ പന്ത് എന്ന ഒരൊറ്റ ചിത്രം കൊണ്ട് അയാള്‍ തന്റെ കഴിവ് തെളിയിച്ചെന്നും ഷങ്കര്‍ കൂട്ടിച്ചേര്‍ത്തു. മാരി സെല്‍വരാജും അത്തരത്തില്‍ ഒരു സംവിധായകനാണെന്നും ഷങ്കര്‍ പറഞ്ഞു. സംവിധായകന്റെ പേരുകളെക്കാള്‍ അവര്‍ ചെയ്ത സിനിമകളാണ് ആദ്യം ഓര്‍മ വരുന്നതെന്നും ഷങ്കര്‍ കൂട്ടിച്ചേര്‍ത്തു.
ചിത്ത എന്ന സിനിമ അണിയിച്ചൊരുക്കിയ അരുണ്‍ കുമാര്‍, മഹാരാജ എന്ന സിനിമ ചെയ്ത നിതിലന്‍ എന്നിവര്‍ തന്നെ അത്ഭുതപ്പെടുത്തിയെന്നും ഷങ്കര്‍ പറഞ്ഞു. നിതിലന്‍ വേറെ ഏതെങ്കിലും സിനിമ ചെയ്തിട്ടുണ്ടോ എന്ന് അന്വേഷിച്ചെന്നും അങ്ങനെയാണ് കുരങ്കു ബൊമ്മൈ കണ്ടതെന്നും ഷങ്കര്‍ കൂട്ടിച്ചേര്‍ത്തു. ദുല്‍ഖറിന്റെ കണ്ണും കണ്ണും കൊള്ളൈയടിത്താല്‍ എന്ന സിനിമ ചെയ്ത ദേസിങ്ക് പെരിയസാമിയും അത്തരത്തിലൊരു സംവിധായകനാണെന്ന് ഷങ്കര്‍ പറഞ്ഞു. സിനിമാവികടനോട് സംസാരിക്കുകയായിരുന്നു ഷങ്കര്‍.
‘എന്നെ ഓരോ കാലത്തും ഇംപ്രസ് ചെയ്യിക്കുന്ന സംവിധായകര്‍ ഉണ്ടാകാറുണ്ട്. പല ഇന്റര്‍വ്യൂവിലും ഞാനിത് പറഞ്ഞിട്ടുമുണ്ട്. ഗൗതം മേനോന്‍, വെട്രിമാരന്‍, ഹലിത ഷമീം, പാ. രഞ്ജിത് എന്നിവരുടെ പേര് പണ്ട് പറഞ്ഞിട്ടുണ്ട്. കഴിഞ്ഞ രണ്ടുമൂന്ന് വര്‍ഷത്തിനിടെ എന്നെ അത്ഭുതപ്പെടുത്തിയത് വേറെ ചിലരാണ്. അതില്‍ ആദ്യത്തെയാള്‍ തമിഴരസന്‍ പച്ചമുത്തുവാണ്. ലബ്ബര്‍ പന്ത് എന്ന സിനിമ വളരെ മനോഹരമായി അയാള്‍ എടുത്തിട്ടുണ്ട്.
അതുപോലെ മാരി സെല്‍വരാജ്, ചിത്ത എന്ന സിനിമ ചെയ്ത അരുണ്‍ കുമാര്‍ എന്നിവരും എന്നെ ഇംപ്രസ് ചെയ്തിട്ടുണ്ട്. സംവിധായകരുടെ പേരിനെക്കാള്‍ അവര്‍ ചെയ്ത സിനിമകളാണ് എനിക്ക് പെട്ടെന്ന് ഓര്‍മവരുന്നത്. മഹാരാജ എന്ന സിനിമ ചെയ്ത നിതിലന്‍ അത്തരത്തിലൊരു ആളാണ്. അയാള്‍ വേറെ ഏതെങ്കിലും സിനിമ ചെയ്തിട്ടുണ്ടോ എന്ന് അന്വേഷിച്ചു. അങ്ങനെയാണ് കുരങ്കു ബൊമ്മൈ എന്ന സിനിമ കണ്ടത്. അതുപോലെ കണ്ണും കണ്ണും കൊള്ളൈയടിത്താല്‍ എന്ന സിനിമ ചെയ്ത ദേസിങ്ക് പെരിയസാമിയും ഇക്കൂട്ടത്തിലുണ്ട്,’ ഷങ്കര്‍ പറഞ്ഞു.
Content Highlight: Shankar about the five director that impressed him