ജിത്തു ജോസഫ് – മോഹൻലാൽ കൂട്ടുകെട്ടിൽ എത്തിയ നേര് മികച്ച പ്രേക്ഷക പ്രതികരണത്തോടെ തിയേറ്ററിൽ മുന്നേറുകയാണ്.
ചിത്രത്തിൽ മൈക്കിൾ എന്ന വേഷത്തിൽ എത്തിയത് നടൻ ശങ്കർ ഇന്ദുചൂഡൻ ആയിരുന്നു. താരം തന്റെ ആദ്യചിത്രമായ രക്ഷാധികാരി ബൈജുവിനെ കുറിച്ച് സംസാരിക്കുകയാണ്.
രഞ്ജൻ പ്രമോദ് സംവിധാനം ചെയ്ത ആ ചിത്രം മലയാളത്തിലെ ഒരുപാട് പ്രേക്ഷകർ ഇഷ്ടപ്പെടുന്ന ഒരു ചിത്രം ആണെന്ന് പറയുകയാണ് ശങ്കർ. ഇപ്പോൾ സമൂഹത്തിൽ വന്ന ഒരു മാറ്റത്തെ തുറന്നു കാണിക്കുന്ന ചിത്രമാണ് രക്ഷാധികാരി ബൈജുവെന്നും നൊസ്റ്റാൾജിയ തോന്നുന്ന കഥയായത് കൊണ്ടാണ് സിനിമ ഇത്രയും കണക്ട് ആയതെന്ന് താരം കൂട്ടിച്ചേർത്തു. ക്ലബ്ബ് എഫ്. എമ്മിനോട് സംസാരിക്കുകയായിരുന്നു താരം
‘എനിക്ക് തോന്നുന്നത് മലയാളത്തിൽ ഏറ്റവും കൂടുതൽ ആളുകൾ ഇഷ്ടപ്പെടുന്ന ഒരു സിനിമയാണ് രക്ഷാധികാരി ബൈജു.
അതിനു കാരണം ആ ഒരു നൊസ്റ്റാൾജിയയും ആ ഒരു പഴയ ഗ്രാമീണതയും ഒക്കെയാണ്. ചെറുപ്പത്തിൽ നമ്മൾ കണ്ടം ക്രിക്കറ്റ് ഒക്കെ കളിക്കുമായിരുന്നല്ലോ. എനിക്ക് തോന്നുന്നത് നമ്മുടെ തലമുറയ്ക്ക് ആണ് അത് കുറച്ചെങ്കിലും കിട്ടിയിട്ടുള്ളത്.
ഒരു പരിധിവരെ നമ്മുടെ ജനറേഷനും കുറച്ചെല്ലാം അത് അറിഞ്ഞിട്ടുണ്ട്. ഇപ്പോഴാണ് കൂടുതൽ ടർഫ് ഒക്കെ വരുന്നത്. ആ സിനിമയിലും അത് പറയുന്നുണ്ട്. ഇപ്പോൾ നമ്മൾ കാണുന്ന ഒരു മാറ്റം സിനിമയിൽ വളരെയധികം അവതരിപ്പിക്കുന്നുണ്ട്. സിനിമയുടെ അവസാനഘട്ടത്തിലേക്ക് എത്തുമ്പോൾ ഇപ്പോഴത്തെ ഒരു മാറ്റമാണ് തുറന്നു കാണിക്കുന്നത്. ഇപ്പോഴത്തെ പിള്ളേർക്ക് കളിക്കാൻ അങ്ങനെയൊരു പറമ്പില്ല, ഇടമില്ല.
ഭയങ്കരമായി ആളുകളെ ടച്ച് ചെയ്ത ഒരു വിഷയമായിരുന്നു ആ സിനിമ പറഞ്ഞത്. പ്രേക്ഷകർ നന്നായി ചർച്ച ചെയ്ത ഒരു വിഷയവും പ്രകടനവും എല്ലാം കൊണ്ട് നല്ലൊരു അനുഭവമായിരുന്നു രക്ഷാധികാരി ബൈജു.
അത്രയും വലിയ സംവിധായകനും എഴുത്തുകാരനുമായ രഞ്ജൻ സാറും തിരക്കഥാകൃത്തായ അർജുൻ ടോണി അങ്ങനെ എല്ലാവരുടെയും കൂടെ വർക്ക് ചെയ്യാൻ കഴിഞ്ഞത് വലിയൊരു ഭാഗ്യമാണ്,’ ശങ്കർ ഇന്ദുചൂഡൻ പറയുന്നു.
Content Highlight: Shanjar Induchoodan Talk About Rakshadhikari Baiju Movie