ഭാഗ്യലക്ഷ്മിയെ അപമാനിച്ച് ഫേസ്ബുക്ക് പോസ്റ്റ്; സംവിധായകന്‍ ശാന്തിവിള ദിനേശനെതിരെ കേസെടുത്തു
Kerala News
ഭാഗ്യലക്ഷ്മിയെ അപമാനിച്ച് ഫേസ്ബുക്ക് പോസ്റ്റ്; സംവിധായകന്‍ ശാന്തിവിള ദിനേശനെതിരെ കേസെടുത്തു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 27th September 2020, 10:07 am

കൊച്ചി: സംവിധായകന്‍ ശാന്തിവിള ദിനേശനെതിരെ കേസെടുത്തു. ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയുടെ പരാതിയെ തുടര്‍ന്നാണ് നടപടി. ഭാഗ്യലക്ഷ്മിയെ മോശമായി ചിത്രീകരിച്ച് ശാന്തിവിള ദിനേശ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു.

സൈബര്‍ നിയമപ്രകാരമാണ് കേസെടുത്തത്. ജാമ്യം ലഭിക്കാവുന്ന വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്. സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയ വിജയ്. പി നായര്‍ക്കെതിരായ പ്രതിഷേധത്തിന്റെ ലൈവിനിടെ തന്നെ അടുത്തത് ശാന്തിവിള ദിനേശ് ആണെന്ന് ഭാഗ്യലക്ഷ്മി പറഞ്ഞിരുന്നു. സ്ത്രീകള്‍ക്കെതിരെ നിരന്തരമായി സോഷ്യല്‍മീഡിയയിലൂടെ അധിക്ഷേപം നടത്തുകയാണെന്ന് ഇയാളെന്നും ഭാഗ്യലക്ഷ്മി ആരോപിച്ചിരുന്നു.

അതേസമയം യൂ ട്യൂബിലൂടെ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയ വിജയ് പി. നായര്‍ക്കെതിരെ പ്രതിഷേധിച്ച് രംഗത്തെത്തിയ ഭാഗ്യലക്ഷ്മിക്കും സുഹൃത്തുക്കള്‍ക്കുമെതിരെ പൊലീസ് കേസെടുത്തിരുന്നു. വിജയ് പി. നായര്‍ നല്‍കിയ പരാതിയിലാണ് തമ്പാനൂര്‍ പൊലീസ് കേസെടുത്തത്.

ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. അതിക്രമിച്ചു കടക്കല്‍, ഭീഷണി, കൈയ്യേറ്റം ചെയ്യല്‍, മോഷണം എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് കേസ്.

തനിക്ക് പരാതിയില്ലെന്നും താന്‍ ചെയ്ത തെറ്റ് മനസിലായെന്നും അതിന് മാപ്പ് ചോദിക്കുന്നുവെന്നുമായിരുന്നു ഇയാള്‍ മാധ്യമങ്ങളോടും സംഭവ സമയം സ്ഥലത്തെത്തിയ പൊലീസിനോടും ആദ്യം പറഞ്ഞിരുന്നത്.

അതേസമയം സ്ത്രീകളെ അപമാനിച്ചെന്ന കുറ്റം ചുമത്തി വിജയ് പി. നായര്‍ക്കെതിരെ കേസ് എടുത്തിട്ടുണ്ട്. ഭാഗ്യലക്ഷ്മിയുടെയും ദിയ സനയുടെയും പരാതിയിലാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.

വിജയ് പി. നായരുടെ താമസസ്ഥലത്ത് പോയാണ് ഭാഗ്യലക്ഷ്മിയും ദിയാ സനയും ശ്രീലക്ഷ്മി അറയ്ക്കലും പ്രതിഷേധിച്ചിരുന്നത്. ഇയാളുടെ ദേഹത്ത് കരി ഓയില്‍ ഒഴിക്കുകയും ചെയ്തിരുന്നു.

ഭാഗ്യലക്ഷ്മിയും ദിയാ സനയും ശ്രീലക്ഷ്മി അറക്കലും വിജയ് പി. നായര്‍ക്കെതിരെ പരാതി നല്‍കിയതിന് പിന്നാലെയാണ് രാത്രി ഏറെ വൈകി വിജയ് പി. നായര്‍ ഇവര്‍ക്കെതിരെ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്.

ആക്ടിവിസ്റ്റുകളായ ബിന്ദു അമ്മിണി, ശ്രീലക്ഷ്മി അറക്കല്‍ എന്നിവര്‍ വിജയ് പി നായരുടെ ലിങ്കുകള്‍ സഹിതം നേരത്തെ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ക്കും ഡി.ജി.പിക്കും പരാതി നല്‍കിയിരുന്നെങ്കിലും സൈബര്‍ പൊലീസോ സിറ്റി പൊലീസ് കമ്മീഷണറോ കേസ് എടുത്തിരുന്നില്ല.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Police take a case against Director Santhivila Dinesh Bhagyalakshmi complaint