| Friday, 24th May 2019, 1:03 pm

കെ.സി വേണുഗോപാല്‍ വന്‍മേല്‍ക്കൈ നേടിയ ചേര്‍ത്തലയിലെ രണ്ട് ബൂത്തില്‍ മാത്രമായി ഷാനിമോള്‍ക്ക് കുറഞ്ഞത് 750ലേറെ വോട്ട്: അട്ടിമറിയോയെന്ന ചോദ്യത്തോട് ഷാനിമോള്‍ ഉസ്മാന്‍ പ്രതികരിക്കുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ആലപ്പുഴ: ആലപ്പുഴയില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഷാനിമോള്‍ ഉസ്മാന്റെ പരാജയത്തിന് ആക്കം കൂട്ടിയത് ചേര്‍ത്തലയും കായംകുളത്തും എല്‍.ഡി.എഫ് നേടിയ ശക്തമായ മേല്‍ക്കൈ ആയിരുന്നു. ധനമന്ത്രി തോമസ് ഐസക്കിന്റെ മണ്ഡലങ്ങളിലടക്കം യു.ഡി.എഫ് മേല്‍ക്കൈ നേടിയപ്പോള്‍ ചേര്‍ത്തലയിലും കായംകുളത്തുമുണ്ടായ ഈ തിരിച്ചടിയില്‍ എന്തെങ്കിലും അട്ടിമറിയുണ്ടോയെന്ന ചോദ്യത്തോട് അതൊക്കെ നേതൃത്വം പരിശോധിക്കുമെന്നാണ് ഷാനിമോള്‍ ഉസ്മാന്‍ മറുപടി നല്‍കിയത്.

ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിക്കുകയായിരുന്നു അവര്‍. ചേര്‍ത്തലയിലെ രണ്ട് ബൂത്തുകളിലെ കണക്കുകള്‍ ചൂണ്ടിക്കാട്ടിയായിരുന്നു മാധ്യമപ്രവര്‍ത്തകന്റെ ചോദ്യം. ‘ചേര്‍ത്തലയിലെ പത്താമത്തെ ബൂത്തില്‍ 741 വോട്ടാണ് കഴിഞ്ഞതവണ കെ.സി വേണുഗോപാല്‍ പിടിച്ചത്. 293 വോട്ടായി ഇതു കുറയുന്നു. അതായത് ഒരൊറ്റ ബൂത്തില്‍ 500 വോട്ടിന്റെ കുറവ്.’ ഒരു ബൂത്തില്‍ ഇത്രയേറെ വോട്ട് കുറയുന്നത് അസ്വാഭാവികമാണ്. ഇതില്‍ എന്തെങ്കിലും അട്ടിമറിയുണ്ടോയെന്നായിരുന്നു മാധ്യമപ്രവര്‍ത്തകന്റെ ചോദ്യം.

‘എവിടെയെങ്കിലും പിഴവുവന്നതായിട്ട് എനിക്ക് മനസിലായിട്ടില്ല. 20 മണ്ഡലങ്ങളില്‍ ആലപ്പുഴയില്‍ തോറ്റതിന് എന്നേക്കാള്‍ പ്രയാസം എന്റെ നേതൃത്വത്തിനാണ്. അവര്‍ അത് അന്വേഷിക്കുമെന്നാണ് കരുതുന്നത്. ‘ എന്നായിരുന്നു ഷാനിമോള്‍ പറഞ്ഞത്.

ആലപ്പുഴയിലെ തോല്‍വിയെ വ്യക്തിപരമായ പരാജയമായി കാണുന്നില്ല. ഇത്രയും ശക്തമായ മത്സരം കാഴ്ചവെക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും അവര്‍ പറഞ്ഞു.

കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുടെ മണ്ഡലത്തില്‍ യു.ഡി.എഫ് വോട്ടുകള്‍ ചോര്‍ന്നതും ഷാനിമോള്‍ ഉസ്മാന്റെ പരാജയത്തിന് കാരണമായിരുന്നു.

2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ രമേശ് ചെന്നിത്തല മത്സരിച്ച ഹരിപ്പാട് ഒഴികെയുള്ള ആലപ്പുഴയിലെ എല്ലാ മണ്ഡലങ്ങളും എല്‍.ഡി.എഫിനൊപ്പമായിരുന്നു. 18621 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ഹരിപ്പാട് രമേശ് ചെന്നിത്തല ജയിച്ചത്. ഇവിടെ 2016ല്‍ 75980 വോട്ടുകള്‍ നേടിയ യു.ഡി.എഫിന് ഇത്തവണ വോട്ട് 61445 ആയി കുറയുകയാണുണ്ടായത്. വോട്ടിലുണ്ടായ കുറവാകട്ടെ, ചെറുതെന്ന് പറഞ്ഞ് തള്ളിക്കളയാന്‍ കഴിയുന്ന ഒന്നല്ല. കൃത്യം 14535 വോട്ടുകളാണ് കുറഞ്ഞത്. അതായത് ആലപ്പുഴയില്‍ ആരിഫ് നേടിയ ഭൂരിപക്ഷത്തേക്കാള്‍ കൂടുതല്‍.

അതേസമയം ഹരിപ്പാട് ബി.ജെ.പിക്ക് 14000ത്തോളം വോട്ടുകള്‍ കൂടുകയും ചെയ്തു. 2016ല്‍ ബി.ജെ.പിക്ക് 12985 വോട്ടുകളാണ് ഹരിപ്പാടുണ്ടായിരുന്നത്. 2019ലെത്തുമ്പോള്‍ അത് 13253 കൂടുകയും ചെയ്തു.

Latest Stories

We use cookies to give you the best possible experience. Learn more