തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരായ കെ. സുധാകരന്‍ എം.പിയുടെ അധിക്ഷേപ പരാമര്‍ശത്തെ അപലപിച്ച് കോണ്‍ഗ്രസ് നേതാവ് ഷാനിമോള്‍ ഉസ്മാന്‍ എം.എല്‍.എ. സുധാകരന്റെ പരാമര്‍ശത്തോട് ഒരുതരത്തിലും യോജിക്കാനാകില്ലെന്ന് ഷാനിമോള്‍ പറഞ്ഞു.
‘തൊഴിലിനെ അപമാനിച്ച് സുധാകരന്‍ സംസാരിച്ചത് അങ്ങേയറ്റം തെറ്റാണ്. പരാമര്‍ശം പിന്‍വലിച്ച് സുധാകരന്‍ മാപ്പ് പറയണം’, ഷാനിമോള്‍ പറഞ്ഞു.
പിണറായിയുടെത് ചെത്തുകാരന്റെ കുടംബമാണെന്നും ചെത്തുകാരന്റെ കുടുംബത്തിലെ ആള്‍ക്ക് മുഖ്യമന്ത്രിയായപ്പോള്‍ സഞ്ചരിക്കാന്‍ ഹെലികോപ്റ്റര്‍ വേണമെന്നുമായിരുന്നു സുധാകരന്റെ പരാമര്‍ശം.
തലശ്ശേരിയിലെ യോഗത്തിലായിരുന്നു സുധാകരന്റെ അധിക്ഷേപ പരാമര്‍ശം. പിണറായി വിജയന്‍ കേരളത്തിന്റെ മുഖ്യമന്ത്രിയായപ്പോള്‍, ചെത്തുകാരന്റെ വീട്ടില്‍ നിന്ന് വന്ന മുഖ്യമന്ത്രിക്ക് സഞ്ചരിക്കാന്‍ ഹെലികോപ്റ്റര്‍ എടുത്ത ആളായി മാറിയെന്നും സുധാകരന്‍ പറഞ്ഞു.
സുധാകരന്റെ പരാമര്‍ശം,
”എന്താ പിണറായിയുടെ കുടുംബം ? ചെത്തുകാരന്റെ കുടുംബം,
ആ ചെത്തുകാരന്റെ കുടുംബത്തില്‍ നിന്ന് തൊഴിലാളി വര്‍ഗത്തിന്റെ വിപ്ലവ ജ്വാലയായി. ചെങ്കൊടി പിടിച്ച് മുന്നില്‍ നിന്ന് നിങ്ങള്‍ക്ക് നേതൃത്വം വഹിച്ച പിണറായി വിജയന്‍ എവിടെ ?
പിണറായി വിജയന്‍ കേരളത്തിന്റെ മുഖ്യമന്ത്രിയായപ്പോള്‍. ചെത്തുകാരന്റെ വീട്ടില്‍ നിന്ന് വന്ന മുഖ്യമന്ത്രിക്ക് സഞ്ചരിക്കാന്‍ ഹെലികോപ്റ്റര്‍ എടുത്ത ആളായി തൊഴിലാളി വര്‍ഗത്തിന്റെ അപ്പോസ്തലന്‍ പിണറായി മാറിയതായി ചരിത്രത്തില്‍ രേഖപ്പെടുത്തുന്നു”
നേരത്തെ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എ വിജയരാഘവനെയും അധിക്ഷേപിച്ച് കെ.സുധാകരന്‍ രംഗത്ത് എത്തിയിരുന്നു ‘വിജയരാഘവന്‍ ഇരിക്കുന്നത് ഒരു വലിയ സ്ഥാനത്താണ്. പക്ഷെ കനക സിംഹാസനത്തില്‍ കയറിയിരിക്കുന്നത് കനകനോ ശുംഭനോ ശുനകനോ എന്ന ചോദ്യത്തിന് വളരെ പ്രസക്തിയുള്ള ഒരു വ്യക്തിത്വമാണ് ശ്രീ വിജയരാഘവന്റെ വ്യക്തിത്വം,’ എന്നായിരുന്നു കെ. സുധാകരന്‍ പറഞ്ഞത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Shanimol Usman on K Sudhakarans Statement Pinaray Vijayan