തിരുവനന്തപുരം: കെ.പി.സി.സി സംസ്ഥാന അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്റെ പരാമര്‍ശത്തിനെതിരെ കോണ്‍ഗ്രസ് നേതാവ് ഷാനിമോള്‍ ഉസ്മാന്‍. വാക്കുകള്‍ ശ്രദ്ധിച്ചു തന്നെ ഉപയോഗപ്പെടുത്തണമെന്നും സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ ഒരു കാരണവശാലും ഉണ്ടാകാന്‍ പാടില്ലെന്നും ഷാനിമോള്‍ ഉസ്മാന്‍ വ്യക്തമാക്കി.
” ഒരു കാരണവശാലും അത്തരം വാക്കുകളോട് എനിക്ക് യോജിക്കാന്‍ കഴിയില്ല. വധശിക്ഷ പ്രതീക്ഷിച്ച് കഴിയുന്ന ഒരു സ്ത്രീയാണെങ്കില്‍കൂടി അവളുടെ ആത്മാഭിമാനത്തിന് കോട്ടം തട്ടുന്ന രീതിയിലുള്ള ഒരു പ്രസ്താവനയും വാക്കും ആരുടെ ഭാഗത്തു നിന്നും ഉണ്ടാകാന്‍ പാടില്ല, എന്നതാണ് എന്റെ പക്ഷം. ഷാനിമോള്‍ ഉസ്മാന്‍ പറഞ്ഞു. വിഷയത്തില്‍ അദ്ദേഹം കൂടുതല്‍ ശ്രദ്ധിക്കണമെന്നും ഷാനിമോള്‍ ഉസ്മാന്‍ കൂട്ടിച്ചേര്‍ത്തു.
സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ മുല്ലപ്പള്ളിക്കെതിരെ നിയമനടപടിക്കുള്‍പ്പെടെ പോകുമെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി ജോസഫൈന്‍ പറഞ്ഞിരുന്നു.
സോളാര്‍ കേസില്‍ ലൈംഗിക പീഡന പരാതി നല്‍കിയ സ്ത്രീക്കെതിരെയായിരുന്നു മുല്ലപ്പള്ളിയുടെ സ്ത്രീവിരുദ്ധ പരാമര്‍ശം. ബലാത്സംഗത്തിനിരയായ സ്ത്രീ ആത്മാഭിമാനമുള്ളയാളാണെങ്കില്‍ ഒന്നുകില്‍ ആത്മഹത്യ ചെയ്യുമെന്നായിരുന്നു മുല്ലപ്പള്ളി പറഞ്ഞത്.
കേരളപ്പിറവി ദിനത്തില്‍ സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് വഞ്ചനാദിനം ആചരിക്കുന്നതിന്റെ ഭാഗമായി നടത്തിയ സമരപ്പന്തലിലായിരുന്നു മുല്ലപ്പള്ളിയുടെ പരാമര്‍ശം. സോളാര്‍ കേസ് മുന്‍നിര്‍ത്തി സര്‍ക്കാര്‍ യു.ഡി.എഫിനെതിരെ നീങ്ങുന്നു എന്നാരോപിച്ചായിരുന്നു മുല്ലപ്പള്ളി വിവാദ പരാമര്‍ശം നടത്തിയത്.
സോളാര്‍ കേസ് പരാതിക്കാരിയെ യു.ഡി.എഫിനെതിരെ രാഷ്ട്രീയ ആവശ്യത്തിനായി ഉപയോഗിക്കരുതെന്ന് പറഞ്ഞതിന് ശേഷമായിരുന്നു മുല്ലപ്പള്ളി സോളാര്‍ കേസില്‍ പരാതി നല്‍കിയ സ്ത്രീയെ കടന്നാക്രമിച്ചത്.
‘ആരെയാണിവര്‍ കൊണ്ടു വരാന്‍ പോകുന്നത്. ഓരോ ദിവസവും ഉറങ്ങിയെണീക്കുമ്പോള്‍ എന്നെയിതാ ബലാത്സംഗം ചെയ്തിരിക്കുന്നു എന്ന് പറയുകയാണ്. ബലാത്സംഗത്തിന് ഇരയായെന്ന് പറയുന്ന ഒരു സ്ത്രീയെ അണിയിച്ചൊരുക്കിക്കൊണ്ട് തിരശ്ശീലക്ക് പിന്നില്‍ നിര്‍ത്തിയിരിക്കുകയാണ്. എപ്പോഴാണ് ഞാന്‍ രംഗത്ത് വരേണ്ടതെന്ന് അവര്‍ ചോദിച്ച് കൊണ്ടിരിക്കുന്നു. മുഖ്യമന്ത്രീ, ഈ കളി ഇവിടെ നടപ്പില്ല. മുങ്ങിച്ചാവാന്‍ പോകുമ്പോള്‍ ഒരു അഭിസാരികയെ കൊണ്ട് വന്നിരിക്കുകയാണ് അദ്ദേഹം. അവരെ കൊണ്ട് വന്നതു കൊണ്ട് രക്ഷപ്പെടാമെന്ന് അങ്ങ് കരുതണ്ട,’ മുല്ലപ്പള്ളി പറഞ്ഞു.
ഒരു സ്ത്രീ ഒരു തവണ ബലാത്സംഗം ചെയ്യപ്പെട്ടാല്‍ ആത്മാഭിമാനമുള്ളവളാണെങ്കില്‍ ഒന്നുകില്‍ അവര്‍ മരിക്കും അല്ലെങ്കില്‍ അത് പിന്നീട് ഒരിക്കലും ആവര്‍ത്തിക്കില്ല, അത്തരമൊരു സാഹചര്യമാണ് നമ്മുടെ സമൂഹത്തിലുള്ളത്,’എന്നായിരുന്നു മുല്ലപ്പള്ളി പറഞ്ഞത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Shanimol Usman Against Mullappally’s misogynist remark