തിരുവനന്തപുരം: കോടതി വിധിയെ ബഹുമാനമില്ലാത്തതുകൊണ്ടാണ് രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ വിഷയത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒരുമിച്ച് സമരം ചെയ്യുന്നതെന്ന ചാനല്‍ ചര്‍ച്ചയിലെ ബി.ജെ.പി പ്രതിനിധിയുടെ വാദത്തെ പൊളിച്ച് അവതാരിക ഷാനി പ്രഭാകരന്‍.
കോടതി വിധിയുടെ ബഹുമാനവുമായി ബന്ധപ്പെട്ട് സംസാരിക്കാന്‍
ബി.ജെ.പിക്ക് എന്ത് യോഗ്യതയാണുള്ളതെന്ന് ഷാനി ചോദിച്ചു. ബില്‍ക്കിസ് ബാനു കേസില്‍ ഗുജറാത്ത് സര്‍ക്കാര്‍ സ്വീകരിച്ച അസാധാരണ നടപടിയെ സൂചിപ്പിച്ചായിരുന്നു, മനോരമ ന്യൂസിലെ കൗണ്ടര്‍ പോയിന്റ് ചര്‍ച്ചയില്‍ ബി.ജെ.പി പ്രതിനിധിയായി എത്തിയ പി. കൃഷ്ണദാസിനോടുള്ള ഷാനിയുടെ ചോദ്യം.
‘ബി.ജെ.പിയുടെ മുന്‍ മന്ത്രിയും എം.എല്‍.എയുമായ വ്യക്തി ഗുജറാത്തിലെ കോടതിയില്‍ കൊടുത്ത പരാതിയാണിത്. തുടര്‍ന്ന് അസ്വാഭാവികമായ കോടതി നടപടിയും അതിന് ശേഷമുണ്ടാകുന്ന വിധിക്കും ശേഷമാണ് രാഹുല്‍ അയോഗ്യനാക്കുന്നത്. ഇന്നിതാ അദ്ദേഹത്തിന്റെ വീട് ഒഴിയാന്‍ ആവശ്യപ്പെടുകയാണ്.
പ്രതിപക്ഷത്തിന് കോടതിയോട് ബഹുമാനമില്ലെന്ന് പറയുന്ന ബി.ജെ.പിക്ക് കോടതി വിധിയോട് എത്ര ബഹുമാനമുണ്ട്. ബില്‍ക്കിസ് ബാനു എന്ന 21 കാരിയെ കൂട്ടബലാത്സംഗത്തിനിരായാക്കിയ കേസില്‍ കോടതി ശിക്ഷിച്ച പ്രതികളെ വെറുതെവിട്ടത് ഗുജറാത്തിലെ ബി.ജെ.പി സര്‍ക്കാരല്ലേ.
ബില്‍ക്കിസ് ബാനുവിന്റെ മൂന്ന് വയസായ കുഞ്ഞിനെ വരെ കൊലക്കിരയാക്കിയ കേസിലെ പ്രതികളെ വെറുതെവിട്ട നിങ്ങളാണോ, കോടതി വിധിയെ ബഹുമാനിക്കാന്‍ പറയുന്നത്. ഇന്ന് സുപ്രീം കോടതിയില്‍ നിങ്ങള്‍ ഈ കാര്യത്തില്‍ ചോദ്യങ്ങള്‍ നേരിട്ടില്ലേ,’ ഷാനി പ്രഭാകരന്‍ പറഞ്ഞു.
ലോകരാജ്യങ്ങള്‍ക്ക് മുമ്പില്‍ ഇന്ത്യയുടെ യശസ്സ് താഴ്ത്തിക്കെട്ടാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്ന കൃഷ്ണദാസിന്റെ വാദത്തിനും ഷാനി മറുപടി പറഞ്ഞു. പ്രതിപക്ഷത്തെ ഏറ്റവും പ്രധാനപ്പെട്ട നേതാവിനെ മാനനഷ്ടക്കേസില്‍ കുടുക്കിയിട്ട് രാജ്യത്തെ ഇകഴ്ത്തുന്നു എന്ന് എങ്ങനെയാണ് ബി.ജെ.പിക്ക് ലോകത്തോട് പറയാനാകുകയെന്നും ഷാനി ചോദിച്ചു.
അതേസമയം, ബില്‍ക്കിസ് ബാനു ഹരജിയില്‍ ഗുജറാത്ത് വംശഹത്യ കേസിലെ പ്രതികള്‍ക്ക് ശിക്ഷായിളവ് നല്‍കിയ നടപടിയില്‍ സംസ്ഥാന, കേന്ദ്ര സര്‍ക്കാരുകള്‍ക്ക് സുപ്രീം കോടതി തിങ്കളാഴ്ച നോട്ടീസ് നല്‍കിയിരുന്നു.
ബില്‍ക്കിസ് ബാനുവിനെ ബലാത്സംഗം ചെയ്യുകയും കുടുംബാംഗങ്ങളെ കൊലപ്പെടുത്തുകയും ചെയ്ത കേസിലെ 11 പ്രതികളെ ജയില്‍ മോചിതരാക്കിയതിനെതിരെയാണ് ബില്‍ക്കിസ് ബാനു ഹരജി നല്‍കിയത്. മഹാരാഷ്ട്രയില്‍ വിചാരണ പൂര്‍ത്തിയായ ഒരു കേസില്‍ ഗുജറാത്ത് സര്‍ക്കാരിന് എങ്ങനെയാണ് കേസില്‍ ശിക്ഷ ഇളവ് നല്‍കാനാകുകയെന്ന് കോടതി ചോദിച്ചു.
Content Highlight: Shani Prabhakaran’s replay to BJP Representative in manorama news counter point