ന്യൂദല്‍ഹി: ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ ഷാങ്ഹായ് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പാകിസ്ഥാന്‍ സന്ദര്‍ശിക്കുമെന്നറിയിച്ച് വിദേശകാര്യമന്ത്രാലയം. ഇസ്‌ലാമാബാദില്‍ നടക്കുന്ന എസ്.സി.ഒ കൗണ്‍സില്‍ ഓഫ് ഹെഡ്‌സ് ഓഫ് ഗവണ്‍മെന്റിന്റെ മീറ്റിങ്ങിലാണ് വിദേശകാര്യ മന്ത്രി പങ്കെടുക്കുക. പങ്കെടുക്കുന്നതിനായി പാകിസ്ഥാനില്‍ നിന്നും ക്ഷണം ലഭിച്ചതായി വിദേശകാര്യ മന്ത്രാലയം നേരത്തെ സ്ഥിരീകരിച്ചിരുന്നു.
ഒക്ടോബര്‍ 15,16 തീയ്യതികളില്‍ പാകിസ്ഥാന്റെ തലസ്ഥാനമായ ഇസ്‌ലാമാബാദില്‍ വെച്ചാണ് കൗണ്‍സില്‍ ചേരുന്നത്. ഇന്ത്യയുടെ പ്രതിനിധി സംഘത്തെ എസ്.ജയശങ്കര്‍ നയിക്കുമെന്നാണ് വിദേശകാര്യമന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്‌സ്വാള്‍ അറിയിച്ചത്.
2015ല്‍ സുഷമാസ്വരാജ് ഹാര്‍ട്ട് ഓഫ് ഏഷ്യ ഫോര്‍മാറ്റിന്റെ മീറ്റിങ്ങിനായി പാകിസ്ഥാന്‍ സന്ദര്‍ശിച്ചിരുന്നു. പിന്നീട് സാര്‍ക്ക് യോഗത്തില്‍ പങ്കെടുക്കാന്‍ 2016ല്‍ രാജ്‌നാഥ് സിങ്ങും പാക് സന്ദര്‍ശിച്ചിരുന്നു. ഇതിന് ശേഷമുള്ള സന്ദര്‍ശനമാണ് എസ്. ജയശങ്കറിന്റേത്.
എസ്.സി.ഒ സന്ദര്‍ശനത്തിന് ശേഷമുള്ള ഉഭയ കക്ഷി യോഗത്തെക്കുറിച്ച് വ്യക്തമായ ധാരണയില്ലെന്നാണ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയത്. കൂടാതെ മന്ത്രിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പങ്കുവെക്കാന്‍ കഴിയില്ലെന്നും വിദേശകാര്യ മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.
ഈ സന്ദര്‍ശനം എസ്.സി.ഒ ഉച്ചകോടിക്ക് വേണ്ടിയാണെന്നും അതില്‍ കൂടുതലൊന്നും വ്യക്തമാക്കാനില്ലെന്നുമായിരുന്നു വിദേശകാര്യ മന്ത്രാലയം വക്താവ് അറിയിച്ചത്.
റഷ്യ, ചൈന, കിര്‍ഗിസ് റിപ്പബ്ലിക്ക്, കസാഖിസ്ഥാന്‍, താജിഖിസ്ഥാന്‍, ഉസ്ബക്കിസ്ഥാന്‍ എന്നീ രാജ്യങ്ങളുടെ പ്രസിഡന്റുമാര്‍ ചേര്‍ന്ന് 2001 ല്‍ ഷാങ്ഹായില്‍ നടന്ന ഉച്ചകോടിയിലാണ് എസ്.സി.ഒ സ്ഥാപിച്ചത്. 2017ലാണ് ഇന്ത്യക്കും പാകിസ്ഥാനും കൗണ്‍സിലില്‍ സ്ഥിരാംഗത്വം ലഭിച്ചത്.
കഴിഞ്ഞ വര്‍ഷം ഇന്ത്യ ആതിഥേയത്വം വഹിച്ച എസ്.സി.ഒ ഉച്ചകോടിയില്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് പങ്കെടുത്തിരുന്നു.
Content Highlight: shanghai summit; indian foreign minister to visit pakisthan