World News
'സമ്പൂര്‍ണ തകര്‍ച്ച'; ചൈനയില്‍ കൊവിഡ് വ്യാപനത്തിന്റെ ഹോട്‌സ്‌പോട്ടായി ഷാങ്ഹായ്; പ്രതിസന്ധിയില്‍ ജനങ്ങളും ബിസിനസും
ഡൂള്‍ന്യൂസ് ഡെസ്‌ക്
2022 Apr 07, 07:13 am
Thursday, 7th April 2022, 12:43 pm

ഷാങ്ഹായ്: ചൈനീസ് നഗരമായ ഷാങ്ഹായില്‍ കൊവിഡ് വീണ്ടും രൂക്ഷമായതോടെ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ച് അധികൃതര്‍.

നിയന്ത്രണങ്ങള്‍ ജനങ്ങളുടെ ദൈനംദിന ജീവിതത്തെയും ചെറുകിട ബിസിനസുകളെയും വളരെ മോശമായ രീതിയില്‍ ബാധിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

നിലവില്‍ ചൈനയിലെ കൊവിഡ് വ്യാപനത്തിന്റെ ഹോട്‌സ്‌പോട്ടായി ഷാങ്ഹായ് മാറിയതായാണ് വിദഗ്ധര്‍ പറയുന്നത്.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ചൈനയില്‍ ദിവസേനയുള്ള കൊവിഡ് കണക്കില്‍ കുറവുണ്ടെങ്കിലും മറ്റ് രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ രാജ്യത്തെ കൊവിഡ് കണക്കുകള്‍ കൂടുതലാണ്.

ചൈനയിലെ ഏറ്റവും വലിയ നഗരമായ ഷാങ്ഹായില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ റസ്‌റ്റോറന്റുകള്‍ അടക്കമുള്ള ബിസിനസ് മേഖലകള്‍ പ്രതിസന്ധിയിലാണ്.

‘ബിസിനസ് സമ്പൂര്‍ണമായി തകര്‍ന്നു’ എന്ന് പ്രദേശത്തെ ചില ബിസിനസുകാര്‍ പ്രതികരിച്ചതായാണ് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തത്.

ലോക്ഡൗണിലൂടെ കടന്നുപോകുന്ന നഗരത്തിന്റെ ഫോട്ടോകളും വീഡിയോകളും സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുന്നുമുണ്ട്.

വീടിന് പുറത്തിറങ്ങരുതെന്നാണ് ജനങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം. അധികൃതരുടെ നിര്‍ദേശങ്ങള്‍ ജനങ്ങളിലെത്തിക്കുന്നതിന് ഡ്രോണുകള്‍ ഉപയോഗിക്കുന്നതായുള്ള ദൃശ്യങ്ങളും കഴിഞ്ഞ ദിവസങ്ങളില്‍ വൈറലായിരുന്നു.

‘ദമ്പതികള്‍ ഒരുമിച്ച് കിടക്കരുത്, ഒരുമിച്ച് ഭക്ഷണം കഴിക്കരുത്. പരസ്പരം കെട്ടിപ്പിടിക്കുകയോ ഉമ്മ വെക്കുകയോ ചെയ്യരുത്,’ എന്നിങ്ങനെ മെഗാഫോണ്‍ ഉപയോഗിച്ച് ആരോഗ്യപ്രവര്‍ത്തകര്‍ അറിയിപ്പ് കൊടുക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും ട്വിറ്ററില്‍ പ്രചരിക്കുന്നുണ്ട്.

കര്‍ശന നിയന്ത്രണങ്ങളില്‍ ജനങ്ങള്‍ക്കിടയില്‍ നിന്നുതന്നെ പ്രതിഷേധമുയരുന്നുണ്ട്.

ചൈനയുടെ ഫിനാന്‍ഷ്യല്‍ ഹബ് കൂടിയാണ് ഷാങ്ഹായ്. 26 മില്യണ്‍ ജനങ്ങളാണ് ഷാങ്ഹായിലുള്ളത്. കഴിഞ്ഞയാഴ്ചയായിരുന്നു അധികൃതര്‍ നഗരത്തില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചത്.

Content Highlight: Shanghai became hotspot of covid spread in China, Residents of Locked-Down city warned by authorities