ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി അടുത്ത മാസം നടക്കാനിരിക്കുകയാണ്. അഞ്ച് ടെസ്റ്റ് മത്സരങ്ങളടങ്ങുന്ന പരമ്പരയിലെ ആദ്യ മത്സരം നവംബര്‍ 26 മുതല്‍ 30 വരെയാണ് നടക്കുക. എന്നാല്‍ ടൂര്‍ണമെന്റിന് മുമ്പേ മുന്‍ ഓസ്‌ട്രേലിയന്‍ സ്റ്റാര്‍ ഓള്‍ റൗണ്ടര്‍ ഇന്ത്യന്‍ ബൗളര്‍മാരെക്കുറിച്ച് സംസാരിച്ചിരുന്നു. മാത്രമല്ല ഓസീസ് ബാറ്റര്‍മാര്‍ക്ക് വാട്‌സണ്‍ ഒരു മുന്നറിയിപ്പും നല്‍കി.
‘ഇന്ത്യ വിജയിക്കുകയാണെങ്കില്‍ അത് അവരുടെ പേസ് ആക്രമണം കൊണ്ടായിരിക്കും. ടീമിനായി മത്സരങ്ങള്‍ വിജയിപ്പിക്കാനുള്ള കഴിവ് ബൗളര്‍മാര്‍ക്കുണ്ട്, എന്നാല്‍ അഞ്ച് ടെസ്റ്റുകളില്‍ ഓസ്‌ട്രേലിയയില്‍ ആധിപത്യം സ്ഥാപിക്കാന്‍ ടീം മാനേജ്‌മെന്റിന് അവരെ റൊട്ടേറ്റ് ചെയ്യേണ്ടിവരും,’ വാട്‌സണ്‍ മാധ്യമങ്ങളോട് പറഞ്ഞു.
ഇന്ത്യയുടെ ടെസ്റ്റ് മത്സരങ്ങളിലെ വജ്രായധമാണ് ആര്‍. അശ്വിനും രവീന്ദ്ര ജഡേജയും. ബംഗ്ലാദേശിനെതിരെ അടുത്തിടെ കഴിഞ്ഞ ടെസ്റ്റില്‍ ഇരുവരും മിന്നും പ്രകടനമാണ് കാഴ്ചവെച്ചത്.
എന്നാല്‍ ഓസ്‌ട്രേലിയയിലേക്ക് പോകുമ്പോള്‍ സാഹചര്യങ്ങള്‍ മാറുമെന്നും പേസര്‍മാരെ പിന്തുണയ്ക്കുന്ന ട്രാക്കില്‍ ഇരുവര്‍ക്കും മികവ് പുലര്‍ത്താന്‍ സാധ്യത കുറവാണെന്നും വാഡ്‌സണ്‍ പറഞ്ഞിരുന്നു. എന്നിരുന്നാലും എപ്പോള്‍ വേണമെങ്കിലും ബാറ്റര്‍മാരെ ബുദ്ധിമുട്ടിക്കാന്‍ കഴിയുന്ന താരങ്ങളാണ് അശ്വിനും ജഡേജയുമെന്നും അദ്ദേഹം പറഞ്ഞു.
‘രവിചന്ദ്രന്‍ അശ്വിനും രവീന്ദ്ര ജഡേജയും വൈദഗ്ധ്യമുള്ള ബൗളര്‍മാരാണെങ്കിലും, ട്രാക്കുകള്‍ പേസ് ബൗളര്‍മാര്‍ക്ക് അനുകൂലമായതിനാല്‍ ഓസ്‌ട്രേലിയയിലെ പിച്ചുകളില്‍ നിന്ന് അവര്‍ക്ക് വേണ്ടത്ര സഹായം ലഭിക്കില്ല. എന്നിരുന്നാലും, അവര്‍ക്ക് എപ്പോഴും ബാറ്റര്‍മാരെ ബുദ്ധിമുട്ടിക്കാന്‍ കഴിയും, ഓസീസ് ബാറ്റര്‍മാര്‍ അവര്‍ക്കെതിരെ ശ്രദ്ധാപൂര്‍വം ബാറ്റ് ചെയ്യേണ്ടിവരും,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Content Highlight: Shane Watson Talking About Indian Team