| Sunday, 2nd October 2022, 5:06 pm

ബുംറക്ക് പകരക്കാരനാവാന്‍ ലോകത്തില്‍ ഒരാള്‍ക്കും പറ്റില്ല, ഇന്ത്യയെ വെറുതെ വിട്ടേക്കുക: ഷെയ്ന്‍ വാട്‌സണ്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യന്‍ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയെ പുകഴ്ത്തി ഓസീസ് സൂപ്പര്‍ ഓള്‍ റൗണ്ടറും ഇതിഹാസ താരവുമായ ഷെയ്ന്‍ വാട്‌സണ്‍. ബുംറ ലോകത്തിലെ തന്നെ മികച്ച ടി-320 ബൗളറാണെന്നും അദ്ദേഹത്തിന് പകരം വെക്കാന്‍ മറ്റാരെക്കൊണ്ടും സാധിക്കില്ലെന്നുമായിരുന്നു വാട്‌സണ്‍ പറഞ്ഞത്.

എന്‍.ഡി.ടി.വിക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു വാട്‌സണ്‍ ഇക്കാര്യം പറഞ്ഞത്.

ജസ്പ്രീത് ബുംറയുടെ അഭാവം ലോകകപ്പില്‍ ഇന്ത്യക്ക് വമ്പന്‍ തിരിച്ചടിയാകുമെന്നും വാട്‌സണ്‍ കൂട്ടിച്ചേര്‍ത്തു.

‘ജസ്പ്രീത് ബുംറ ആരോഗ്യം വീണ്ടെടുക്കാതിരിക്കുകയും ലോകകപ്പില്‍ കളിക്കാതിരിക്കുകയും ചെയ്താല്‍ ഇന്ത്യക്ക് വിജയം വളരെ കഠിനമായിരിക്കും. കാരണം ഒരു അറ്റാക്കിങ് ബൗളറായും ഡിഫന്‍സീവ് ബൗളറായും ബുംറ മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. ഇന്ത്യയെ സംബന്ധിച്ച് ഇത് വലിയൊരു നഷ്ടം തന്നെയായിരിക്കും.

ബുംറക്ക് പകരക്കാരനാകാന്‍ ലോകത്തിലെ ഒരു ബൗളര്‍ക്കും സാധിക്കില്ല, ഇന്ത്യയെ വെറുതെ വിട്ടേക്കുക. ഒരു കളിയുടെ അവസാന ഓവറുകളില്‍ പന്തെറിയുമ്പോഴോ ഒരു ഇന്നിങ്‌സ് അവസാനിപ്പിക്കാന്‍ ശ്രമിക്കുമ്പോഴോ അതിന് ഉതകുന്ന പെര്‍ഫെക്ട് ഡിഫന്‍സീവ് ബൗളര്‍മാരെ കണ്ടെത്തുന്നത് വളരെ ബുദ്ധിമുട്ടാണ്. അത് തന്നെയായിരിക്കും യഥാര്‍ത്ഥ വെല്ലുവിളിയും.

ഇന്ത്യക്ക് ടൂര്‍ണമെന്റില്‍ മികച്ച പ്രകടനം കാഴ്ചവെക്കണമെന്നുണ്ടെങ്കില്‍ മറ്റ് ഫാസ്റ്റ് ബൗളര്‍മാര്‍ മുന്നോട്ട് വരികയും മികച്ച പ്രകടനം കാഴ്ചവെക്കുകയും വേണം,’ വാട്‌സണ്‍ പറയുന്നു.

ഇന്ത്യ – സൗത്ത് ആഫ്രിക്ക പരമ്പരയിലെ ആദ്യ മത്സരത്തിന് മുന്നോടിയായുള്ള പ്രാക്ടീസ് സെഷനിലായിരുന്നു ബുംറക്ക് പരിക്കേറ്റത്. പ്രാക്ടീസിനിടെ താരത്തിന് കഠിനമായ പുറം വേദന അനുഭവപ്പെടുകയായിരുന്നു.

ഇതോടെ ആദ്യ ടി-20യില്‍ നിന്നും താരം പുറത്താവുകയായിരുന്നു. എന്നാല്‍ ബുംറയുടെ പരിക്ക് സാരമുള്ളതല്ലെന്നും അസം ക്രിക്കറ്റ് ഗ്രൗണ്ടില്‍ വെച്ച് നടക്കുന്ന രണ്ടാം ടി-20യില്‍ താരം കളിക്കുമെന്നുമായിരുന്നു പ്രാഥമിക റിപ്പോര്‍ട്ടുകള്‍.

എന്നാല്‍ ബുംറക്ക് ആറ് മാസത്തോളം വിശ്രമം വേണ്ടി വരുമെന്നാണ് ഡോക്ടര്‍മാരുടെ നിര്‍ദേശം. ഒക്ടോബര്‍ അവസാനം നടക്കുന്ന ലോകകപ്പ് താരത്തിന് ഇതോടെ നഷ്ടമാവും.

ഏഷ്യാ കപ്പിലും ബുംറക്ക് കളിക്കാന്‍ സാധിച്ചിരുന്നില്ല. പരിക്ക് തന്നെയായിരുന്നു ബുംറക്ക് വെല്ലുവിളിയായത്. ബുംറയില്ലാത്തതിന്റെ തിരിച്ചടി ഏഷ്യാ കപ്പില്‍ ഇന്ത്യക്ക് നേരിടേണ്ടി വന്നിരുന്നു.

എന്നാല്‍ ലോകകപ്പില്‍ താരം കളിക്കുമോ ഇല്ലയോ എന്ന കാര്യത്തില്‍ ഇനിയും വ്യക്തത വന്നിട്ടില്ല. ഡോക്ടര്‍മാര്‍ വിശ്രമം അനിവാര്യമാണെന്ന് പറയുമ്പോള്‍ കാത്തിരിക്കാനാണ് ബി.സി.സി.ഐ ആരാധകരോട് പറയുന്നത്.

എന്തായാലും താരം ലോകകപ്പില്‍ ഇന്ത്യക്കൊപ്പം വേണമെന്ന് തന്നെയാണ് ആരാധകര്‍ ആഗ്രഹിക്കുന്നത്.

Content highlight: Shane Watson praises Jasprit Bumrah

We use cookies to give you the best possible experience. Learn more