പുണെ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ പതിനൊന്നാം സീസണിലെ രണ്ടാം സെഞ്ചുറി നേട്ടത്തിന് വാട്‌സണ് വഴിയൊരുക്കിയത് ത്രിപതി. രാജസ്ഥാന്‍ റോയല്‍സിനെതിരെ ചെന്നൈ സൂപ്പര്‍ കിങ്സിന് 64 റണ്‍സിന്റെ വമ്പന്‍ ജയമൊരുക്കിയ വാട്‌സന്റെ ക്യാച്ച് രണ്ട് തവണയാണ് ത്രിപതി വിട്ടുകളഞ്ഞത്. ത്രിപതിയുടെ കാരുണ്യത്തില്‍ രാജസ്ഥാന്‍ ബൗളര്‍മാരെ തലങ്ങും വിലങ്ങും ആക്രമിച്ച് വാട്‌സണ്‍ സെഞ്ചുറി കുറിച്ചു.
സ്റ്റുവര്‍ട്ട് ബിന്നിയെറിഞ്ഞ ആദ്യ ഓവറിലെ അഞ്ചാം പന്തിലാണ് വാട്സണെ ത്രിപതി ആദ്യം കൈവിട്ടത്. ഫസ്റ്റ് സ്ലിപ്പില്‍ നിന്നായിരുന്നു ഈ വീഴ്ച്ച. പിന്നീട് രണ്ടാം ഓവറിലെ അവസാന പന്തിലായിരുന്നു ത്രിപതി വീണ്ടും അവസരം കളഞ്ഞു കുളിച്ചത്. കൃഷ്ണപ്പ ഗൗതം എറിഞ്ഞ പന്ത് വാട്സണ്‍ ഓഫ്സൈഡിലേക്ക് കട്ട് ചെയ്തു. ത്രിപതി ക്യാച്ചിനായി ശ്രമിച്ചെങ്കിലും കൈപ്പിടിയിലൊതുക്കാനായില്ല. ഇതോടെ വാട്സണ് രണ്ടാം തവണയും ജീവന്‍ വെച്ചു. ഒടുവില്‍ ഇന്നിങ്സ് അവസാനിക്കുമ്പോള്‍ 57 പന്തില്‍ 106 റണ്‍സാണ് വാട്സണ്‍ അടിച്ചെടുത്തത്.
51 പന്തില്‍ നിന്ന് ഒമ്പത് ഫോറിന്റെയും ആറു സിക്സിന്റെയും അകമ്പടിയോടെയാണ് ഓസീസ് താരം സെഞ്ചുറി തികച്ചത്. ആദ്യ അമ്പത് റണ്‍സ് 28 പന്തില്‍ നിന്ന് പൂര്‍ത്തിയാക്കിയ വാട്സണ്‍ അവസാന 50 റണ്‍സെടുത്തത് 23 പന്തില്‍ നിന്നാണ്. ഐ.പി.എല്‍ പതിനൊന്നാം സീസണിലെ രണ്ടാം സെഞ്ചുറിയാണിത്.
ഷെയ്ന്‍ വാട്സന്റെ സെഞ്ചുറി കരുത്തില്‍ ചെന്നൈ ഉയര്‍ത്തിയ 204 റണ്‍സ് മറികടക്കാനെത്തിയ രാജസ്ഥാന്‍ 140ന് എല്ലാവരും പുറത്താവുകയായിരുന്നു. 45 റണ്‍സെടുത്ത ബെന്‍ സ്റ്റോക്സാണ് രാജസ്ഥാന്റെ ടോപ് സ്‌കോറര്‍. സഞ്ജു സാംസണ് (2) തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും തിളങ്ങാന്‍ സാധിച്ചില്ല.
ചെന്നൈയ്ക്ക് വേണ്ടി ദീപക് ചാഹര്‍, ഷാര്‍ദുല്‍ ഠാകൂര്‍, ഡ്വെയ്ന്‍ ബ്രാവോ, കരണ്‍ ശര്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റ് വീഴ്ത്തി. സെഞ്ചുറിയും ഒരു വിക്കറ്റും നേടിയ ഷെയ്ന്‍ വാട്സണാണ് മാന്‍ ഓഫ് ദ മാച്ച്. ജയത്തോടെ നാല് മത്സരത്തില്‍ മൂന്ന് ജയവുമായി ചെന്നൈ ഒന്നാമതെത്തി. രാജസ്ഥാന്‍ അഞ്ചാമതാണ്.