Sports News
പാകിസ്ഥാന്‍ വാട്‌സന് വാഗ്ദാനം ചെയ്തത് രണ്ട് മില്ല്യണ്‍ യു.എസ് ഡോളര്‍; വെച്ചുനീട്ടിയ സ്ഥാനം നിരസിച്ച് ഷെയ്ന്‍ വാട്‌സണ്‍
സ്പോര്‍ട്സ് ഡെസ്‌ക്
2024 Mar 16, 03:04 pm
Saturday, 16th March 2024, 8:34 pm

അടുത്തിടെ പാകിസ്ഥാന്‍ ടീമിന്റെ ഹെഡ് കോച്ചാവാന്‍ ഓസ്‌ട്രേലിയയുടെ മുന്‍ സ്റ്റാര്‍ ബൗളറായ ഷെയ്ന്‍ വാട്‌സനെ പി.സി.ബി സമീപിച്ചിരുന്നു. എന്നാല്‍ പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം പാകിസ്ഥാന്‍ ടീമിന്റെ പരിശീലകന്‍ ആകാന്‍ വാട്‌സണ്‍ തയ്യാറല്ല എന്നാണ് അറിയിച്ചിരിക്കുന്നത്. പി.സി.ബി അദ്ദേഹത്തെ ആയിരുന്നു തെരഞ്ഞെടുത്തത്. എന്നാല്‍ താരം അവസരത്തില്‍ നിന്നും പിന്മാറുകയായിരുന്നു.

പാകിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ ക്വെറ്റാ ഗ്ലാഡിയേറ്റേഴ്‌സിന്റെ പരിശീലകനായി വാട്‌സണ്‍ ജോയിന്‍ ചെയ്തിരുന്നു. ആ സമയത്ത് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോഡിയുമായി ചര്‍ച്ചയും ഉണ്ടായിരുന്നു. എന്നാല്‍ ചര്‍ച്ചയില്‍ അദ്ദേഹം പാകിസ്ഥാന്‍ കളിക്കാരെ പരിശീലിപ്പിക്കുന്നതിന് വിസമ്മതിക്കുകയായിരുന്നു.

ഇ.എസ്.പി.എന്‍ ക്രിക്ഇന്‍ഫോ പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം വാട്‌സണ്‍ നിലവിലെ കോച്ചിങ് അസൈമെന്റിലും കമന്റേറ്ററിങ് ചുമതലകളിലുമാണ് ശ്രദ്ധിക്കുന്നത്. നിലവില്‍ വാട്‌സണ്‍ ഐ.പി.എല്ലിന്റെ കമന്ററി ടീമിന്റെ കൂടെ വര്‍ക്ക് ചെയ്യാനിരിക്കുകയാണ്. മാത്രമല്ല മേജര്‍ ലീഗ് ക്രിക്കറ്റില്‍ സാന്‍ഡ് ഫ്രാന്‍സിസ്‌കോ യുണീകോണ്‍സിന്റെ പരിശീലകനും കൂടിയാണ് വാട്‌സണ്‍.

ഏപ്രിലില്‍ ന്യൂസിലാന്‍ഡിനെതിരെ നടക്കാനിരിക്കുന്ന വൈറ്റ് ബോള്‍ പരമ്പരയിലാണ് പാകിസ്ഥാന്‍ വാട്‌സനെ കോച്ചിന്റെ സ്ഥാനത്തേക്ക് വിളിച്ചത്. എന്നാല്‍ മുന്‍ താരം അതിനു സമ്മതിച്ചാല്‍ ഉടന്‍തന്നെ ടീമിന്റെ കൂടെ ജോയിന്‍ ചെയ്യേണ്ടിവരും. നിലവില്‍ കിവീസിനെതിരായ പരമ്പരക്ക് പാകിസ്ഥാന് ഹെഡ്‌കോച്ച് ഇല്ല. പി.സി.ബിയുടെ റിപ്പോര്‍ട്ടുകള്‍ പ്രകാരം വാട്‌സന് പ്രതിവര്‍ഷം രണ്ട് മില്യണ്‍ യു.എസ് ഡോളര്‍ നല്‍കാമെന്ന് പറഞ്ഞിരുന്നു.

 

 

Content Highlight: Shane Watson is not ready to coach the Pakistan team