| Wednesday, 30th May 2018, 9:12 pm

സ്മിത്തിനും വാര്‍ണറിനും പകരക്കാരനായി വാട്സണ്‍ ഓസ്ട്രേലിയന്‍ ടീമിലേക്ക് ?

ഡൂള്‍ന്യൂസ് ഡെസ്‌ക്

സിഡ്‌നി: ഐ.പി.എല്‍ പതിനൊന്നാം സീസണിലെ കലാശപ്പോരാട്ടത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന് കിരീടം നേടിക്കൊടുക്കുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ച ഷൈന്‍ വാട്സണെ ടീമിലേക്ക് മടക്കികൊണ്ടുവരണമെന്ന ആവശ്യം ശക്തമാകുന്നു. പ്രതിഭയുടെ ധാരാളിത്തം വിളിച്ചോതിയ ഗംഭീര സെഞ്ചുറിയോടെയാണ് ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ഓള്‍റൗണ്ടര്‍മാരില്‍ ഒരാളായ വാട്സണ്‍ ഹൈദരാബാദിനെതിരെ ചെന്നൈയ്ക്ക് വിജയം സമ്മാനിച്ചത്.

പന്ത് ചുരണ്ടല്‍ വിവാദത്തില്‍പ്പെട്ട് ഓസ്ട്രേലിയന്‍ ടീമില്‍ നിന്ന് പുറത്തായ സ്മിത്തിനും വാര്‍ണറിനും പകരം മിന്നും ഫോമിലുള്ള വാട്‌സണ്‍ തിരിച്ചെത്തുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. 37ാം വയസ്സിന്റെ പടിവാതിലില്‍ എത്തിനില്‍ക്കുന്ന വാട്സണ്‍ പുറത്താകാതെ 57 പന്തില്‍ നിന്ന് 117 റണ്‍സ് നേടിയാണ് ചെന്നൈയ്ക്ക് കിരീടം സമ്മാനിച്ചത്. ക്രിക്കറ്റ് ലോകമാകെ ചര്‍ച്ച ചെയ്ത ഇന്നിംഗ്സിന് പിന്നാലെയാണ് വാട്സണെ ദേശീയ ടീമിലേക്ക് മടക്കികൊണ്ടുവരണമെന്ന ആവശ്യം ഓസ്ട്രേലിയയില്‍ തന്നെ ശക്തമാകുന്നത്.


Read Also : കാണാതെ പോകരുത് ഈ കണ്ണുനീരുകള്‍


ഓസ്ട്രേലിയന്‍ ദേശീയതാരം മാര്‍ക്കസ് സ്റ്റോയിണ്‍സ് അടക്കമുളളവര്‍ പരസ്യമായി ഈ ആവശ്യം ഉന്നയിച്ച് രംഗത്തെത്തിയിരിക്കുകയാണ്. ഓസ്ട്രേലിയന്‍ മാധ്യമങ്ങളും സമാന നിലപാടാണ് വ്യക്തമാക്കുന്നത്. പന്തില്‍ കൃത്രിമം കാട്ടിയതിന് വിലക്ക് നേരിടുന്ന സ്റ്റീവ് സ്മിത്തിന്റേയും വാര്‍ണറുടേയും അഭാവം ഓസ്ട്രേലിയന്‍ ക്രിക്കറ്റിന്റെ പ്രതാപത്തിന് വലിയ തിരിച്ചടി നല്‍കിയിരിക്കുന്ന സാഹചര്യം കൂടിയായതിനാല്‍ വാട്സന്റെ സാന്നിധ്യം ആശ്വാസമാകുമെന്നാണ് ആരാധകര്‍ പറയുന്നത്.

ഓസ്ട്രേലിയന്‍ ടീമിന് വേണ്ടി കളിക്കാനുള്ള പ്രതിഭ വാട്സന് ഇപ്പോഴുമുണ്ടെന്നാണ് ആരാധകരുടെ പക്ഷം. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ 40 വയസുവരെ കളിച്ചിരുന്നതും അവര്‍ ചൂണ്ടികാട്ടുന്നു. ഐ.പി.എല്ലില്‍ 15 മത്സരങ്ങളില്‍ നിന്ന് രണ്ട് സെഞ്ചുറിയടക്കം 555 റണ്‍സ് നേടിയ വാട്സന്‍ ആറ് വിക്കറ്റുകളും വീഴ്ത്തിയിരുന്നു. എന്തായാലും ദേശീയ ടീമിലേക്ക് മടങ്ങിവരുന്നത് സംബന്ധിച്ച വാര്‍ത്തകളോട് വാട്സണ്‍ ഇനിയും മനസ് തുറന്നിട്ടില്ല.

We use cookies to give you the best possible experience. Learn more