| Wednesday, 20th November 2024, 12:43 pm

വിരാടിനുള്ളില്‍ ഉറങ്ങിക്കിടക്കുന്ന രാക്ഷസനെ എഴുന്നേല്‍പ്പിക്കരുത്, നമ്മളത് താങ്ങില്ല; മുന്നറിയിപ്പുമായി കങ്കാരു

സ്പോര്‍ട്സ് ഡെസ്‌ക്

ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിക്കിടെ വിരാട് കോഹ്‌ലിയെ പ്രകോപിപ്പിക്കരുതെന്ന് മുന്‍ ഓസ്‌ട്രേലിയന്‍ സൂപ്പര്‍ താരം ഷെയ്ന്‍ വാട്‌സണ്‍. കഴിഞ്ഞ കുറച്ചുകാലമായി വിരാടിന് മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചിട്ടില്ലെന്നും എന്നാല്‍ ഓസ്‌ട്രേലിയന്‍ താരങ്ങള്‍ കോഹ്‌ലിയെ സ്ലെഡ്ജ് ചെയ്യാന്‍ ശ്രമിച്ചാല്‍ അദ്ദേഹം ഫോമിലേക്ക് മടങ്ങിയെത്താനുള്ള സാധ്യതകള്‍ ഏറെയാണെന്നും അദ്ദേഹം പറഞ്ഞു.

വില്ലോ ടോക് പോഡ്കാസ്റ്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘അവന്റെയുള്ളിലെ തീ ഇപ്പോഴും കത്തിക്കൊണ്ടിരിക്കുകയാണ് കൂടാതെ അവന്‍ തന്റെ നൂറ് ശതമാനവും ഓരോ മത്സരത്തിന് വേണ്ടി നല്‍കാന്‍ ശ്രമിക്കുന്നവനുമാണ്. വിരാട് ഒരു അമാനുഷികനാണ്, എന്നാല്‍ ചിലപ്പോഴെല്ലാം ആ തീവ്രത നിലനിര്‍ത്താന്‍ വിരാടിന് സാധിക്കാതെ വരാറുണ്ട്.

ഓസ്‌ട്രേലിയന്‍ താരങ്ങള്‍ അവനെ വെറുതെ വിട്ടേക്കണം. അല്ലാത്തപക്ഷം അവന്‍ ആ തീവ്രതയിലേക്ക് മടങ്ങിയെത്താനുള്ള സാധ്യതകളുണ്ട്. അവന് ആ ഇന്റന്‍സിറ്റി കണ്ടെത്താന്‍ സാധിച്ചാല്‍ വിരാട് തന്റെ സ്വപ്‌നതുല്യമായ ഫോമിലേക്ക് മടങ്ങിയെത്തും. എന്നാല്‍ വിരാടിന് അത് കണ്ടെത്താന്‍ സാധിക്കാത വന്നാല്‍ അവന് മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിക്കില്ല,’ വാട്‌സണ്‍ പറഞ്ഞു.

മുന്‍ ഇന്ത്യന്‍ താരം സുനില്‍ ഗവാസ്‌കറും വിരാടിന്റെ ഫോമില്‍ വിശ്വാസമര്‍പ്പിച്ച് സംസാരിച്ചിരുന്നു.

‘അവന്‍ അധിക ആത്മവിശ്വാസത്തോടെയാണ് ബാറ്റ് ചെയ്യുക. നേരത്തെ ഓസ്‌ട്രേലിയന്‍ മണ്ണില്‍ മികച്ച പ്രകടനമാണ് അവന്‍ നടത്തിയത്,’ ഗവാസ്‌കര്‍ പറഞ്ഞു.

നേരത്തെ ന്യൂസിലാന്‍ഡിനെതിരായ മത്സരത്തില്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിക്കാതെ പോയതിന്റെ നിരാശ വിരാട് ഈ പരമ്പരയില്‍ തീര്‍ക്കുമെന്നാണ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്.

നവംബര്‍ 22ന് ആരംഭിക്കുന്ന പരമ്പരക്ക് ഇത്തവണ പ്രത്യേകതകള്‍ ഏറെയാണ്. കാലങ്ങള്‍ക്ക് ശേഷം ബി.ജി.ടി അഞ്ച് മത്സരങ്ങളുടെ ഫോര്‍മാറ്റിലേക്ക് മാറുന്നതും വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് 2023-25 സൈക്കിളിലെ ആദ്യ ഫൈനലിസ്റ്റിനെ അറിയാന്‍ സാധിക്കും എന്നതുള്‍പ്പടെ ആരാധകര്‍ക്ക് ആവേശത്തിനുള്ള വക ഈ പരമ്പര നല്‍കുന്നുണ്ട്.

ഇന്ത്യയുടെ ഓസ്ട്രേലിയന്‍ പര്യടനം

ആദ്യ ടെസ്റ്റ് – നവംബര്‍ 22 മുതല്‍ 26 വരെ – ഒപ്റ്റസ് സ്റ്റേഡിയം, പെര്‍ത്ത്.

രണ്ടാം ടെസ്റ്റ് – ഡിസംബര്‍ 6 മുതല്‍ 10 വരെ – അഡ്ലെയ്ഡ് ഓവല്‍.

മൂന്നാം ടെസ്റ്റ് – ഡിസംബര്‍ 14 മുതല്‍ 18 വരെ – ദി ഗാബ, ബ്രിസ്ബെയ്ന്‍.

ബോക്സിങ് ഡേ ടെസ്റ്റ് – ഡിസംബര്‍ 26 മുതല്‍ 30 വരെ – മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ട്.

അവസാന ടെസ്റ്റ് – ജനുവരി 3 മുതല്‍ 7 വരെ – സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ട്.

Content Highlight: Shane Watson about Virat Kohli

We use cookies to give you the best possible experience. Learn more