വരാനിരിക്കുന്ന ഐ.പി.എല്ലിനെ ഏറെ ആവേശത്തോടെയാണ് ദല്‍ഹി ക്യാപ്പിറ്റല്‍സ് നോക്കിക്കാണുന്നത്. ഗുരുതരമായി പരിക്കേറ്റ് ഐ.പി.എല്‍ സീസണ്‍ മൊത്തമായും നഷ്ടമായ റിഷബ് പന്തിന് പകരക്കാരനായി ഡേവിഡ് വാര്‍ണറെ ക്യാപ്റ്റനാക്കിക്കൊണ്ടാണ് ദല്‍ഹി ക്യാപ്പിറ്റല്‍സ് ഈ സീസണിലെ അങ്കത്തിനൊരുങ്ങുന്നത്.
2016ല്‍, സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ ചാമ്പ്യന്‍മാരാക്കിയ അതേ മികവ് വാര്‍ണറിന് ദല്‍ഹിയിലും ആവര്‍ത്തിക്കാന്‍ സാധിക്കുമെന്നും ക്യാപ്പിറ്റല്‍സിനെ തങ്ങളുടെ കന്നിക്കിരീടത്തിലേക്ക് കൈപിടിച്ച് നടത്താന്‍ താരത്തിനാകുമെന്നും ആരാധകര്‍ ഒന്നടങ്കം വിശ്വസിക്കുന്നു.
അതേസമയം, ഈ സീസണില്‍ ദല്‍ഹി ക്യാപ്പിറ്റല്‍സിന്റെ ട്രംപ് കാര്‍ഡാകാന്‍ പോകുന്ന താരത്തെ കുറിച്ച് പറയുകയാണ് ഓസീസ് ഇതിഹാസ താരവും ദല്‍ഹി ക്യാപ്പിറ്റല്‍സിന്റെ അസിസ്റ്റന്റ് കോച്ചുമായ ഷെയ്ന്‍ വാട്‌സണ്‍.
സൗത്ത് ആഫ്രിക്കന്‍ സൂപ്പര്‍ താരം റിലി റൂസോയാണ് ഇത്തവണ ടീമിന്റെ തുറുപ്പുചീട്ടെന്ന് പറയുകയാണ് വാട്‌സണ്‍. പാകിസ്ഥാന്‍ സൂപ്പര്‍ ലീഗിലെ താരത്തിന്റെ പ്രകടനം ഏറെ മികച്ചതായിരുന്നുവെന്നും വാട്‌സണ്‍ പറയുന്നു.
സ്റ്റാര്‍ സ്‌പോര്‍ട്‌സിന് നല്‍കിയ അഭിമുഖത്തിലാണ് വാട്‌സണ്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്.
‘ടീമിലെ ഒരാളെ കുറിച്ച് പ്രത്യേകിച്ച് പറയുകയാണെങ്കില്‍ അത് റിലി റൂസോയെ കുറിച്ചാണ്. അവന്‍ നിങ്ങള്‍ക്കറിയുന്ന ആള്‍ തന്നെയാണ്. ക്വേറ്റ ഗ്ലാഡിയേറ്റേഴ്‌സിന് വേണ്ടി ഞാന്‍ അവനൊപ്പം പാകിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ കളിച്ചിട്ടുണ്ട്. അന്താരാഷ്ട്ര തലത്തിലേക്ക് വേള്‍ഡ് ക്ലാസ് ബോള്‍ ഹിറ്ററായാണ് അവന്‍ മടങ്ങിയെത്തിയത്.
അവന് ഏത് സാഹചര്യത്തിലും, ഗെയിമിന്റെ ഏത് ഘട്ടത്തിലും, ഏത് ബൗളറെയും നേരിടാന്‍ സാധിക്കും. ഒരവസരം ലഭിച്ചാല്‍ ഏത് സാഹചര്യത്തിലും മത്സരം തിരിക്കാന്‍ കഴിവുള്ളവനാണ് അവന്‍,’ വാട്‌സണ്‍ പറഞ്ഞു.
ഈ സീസണില്‍ മുള്‍ട്ടാന്‍ സുല്‍ത്താന്‍സിന് വേണ്ടിയാണ് റൂസോ പി.എസ്.എല്ലില്‍ കളിച്ചത്. ഷഹീന്‍ ഷാ അഫ്രിദിയുടെ ലാഹോര്‍ ഖലന്തേഴ്‌സിനെതിരയ ഫൈനല്‍ മത്സരത്തില്‍ 32 പന്തില്‍ നിന്നും 52 റണ്‍സായിരുന്നു താരം നേടിയത്. മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും ഒറ്റ റണ്‍സിന് സുല്‍ത്താന്‍സ് പരാജയപ്പെടുകയായിരുന്നു.
ഏപ്രില്‍ ഒന്നിനാണ് ദല്‍ഹിയുടെ സീസണിലെ ആദ്യ മത്സരം. കെ.എല്‍. രാഹുലിന്റെ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സാണ് എതിരാളികള്‍. സൂപ്പര്‍ ജയന്റ്‌സിന്റെ ഹോം ഗ്രൗണ്ടായ എകാന സ്‌പോര്‍ട്‌സ് സിറ്റിയാണ് വേദി.
Content highlight: Shane Watson about Rylie Rossow