മുംബൈ: ഐ.പി.എല്ലില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ച്ചവെക്കുന്ന സഞ്ജു സാംസണെയും ഋഷഭ് പന്തിനെയും പ്രശംസിച്ച് ബൗളിങ് ഇതിഹാസം ഷെയ്ന്‍ വോണ്‍. സഞ്ജു സാംസണെയും ഋഷഭ് പന്തും ഇന്ത്യന്‍ ക്രിക്കറ്റിലെ അടുത്ത സൂപ്പര്‍ സ്റ്റാറുകളാണെന്നാണ് വോണ്‍ പറഞ്ഞത്. തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലെഴുതിയ കുറിപ്പിലാണ് വോണ്‍ തന്റെ അഭിപ്രായം പങ്കുവെച്ചത്. ഗേറ്റ്വേ ഓഫ് ഇന്ത്യയുടെ ചിത്രം പോസ്റ്റ് ചെയ്താണ് വോണ്‍ ഇക്കാര്യം പറയുന്നത്.
മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തിനായി മുംബൈയിലെത്തിയതായിരുന്നു രാജസ്ഥാന്‍ ടീം മെന്ററായ വോണ്‍. ഈ ഐ.പി.എല്‍ സീസണില്‍ വോണിന്റെ അവസാന മത്സരമാണിത്. ഇതിന് ശേഷം വോണ്‍ ഓസ്ട്രേലിയയിലേക്ക് തിരിച്ചുപോകും.
Read Also : സഞ്ജു റോക്‌സ്; ഹാര്‍ദ്ദിക്കിനെ കൂടാരം കയറ്റിയ സഞ്ജുവിന്റെ അത്യുജ്ജ്വല ക്യാച്ച് (വീഡിയോ)
ഐ.പി.എല്‍ ഈ സീസണിലെ ഓര്‍മകള്‍ പങ്കുവെച്ചാണ് വോണ്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റിട്ടത്. മുംബൈയ്‌ക്കെതിരെ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനം കാഴ്ച്ചവെച്ച് രാജസ്ഥാനെ ജയത്തിലേക്ക് നയിച്ച ജോസ് ബട്ലര്‍, ബെന്‍ സ്റ്റോക്ക്സ്, ജോ റൂട്ട് എന്നിവരെയും വോണ്‍ പ്രശംസിക്കുന്നുണ്ട്. ജോഫ്രെ ആര്‍ച്ചര്‍ ലോകത്തെ ഏറ്റവും മികച്ച ഫാസ്റ്റ് ബൗളറാകുമെന്നും വോണ്‍ പ്രവചിക്കുന്നു. ഷോര്‍ട്ട് ഓള്‍റൗണ്ടറെന്ന നിലയില്‍ ഓസ്ട്രേലിയന്‍ ടീമിന് മുതല്‍ക്കൂട്ടാണെന്നും വോണ്‍ പോസ്റ്റില്‍ പറയുന്നുണ്ട്.
വിജയവഴിയില്‍ തിരിച്ചെത്തിയ മുംബൈ ഇന്ത്യന്‍സിന് കനത്ത പ്രഹരമാണ് രാജസ്ഥാന്‍ റോയല്‍സ് നല്‍കിയത്. ഏഴ് വിക്കറ്റിനാണ് രാജസ്ഥാന്‍ രോഹിതും സംഘത്തെയും തോല്‍പിച്ചത്. ആദ്യം ബാറ്റ് ചെയ്ത മുംബൈ വിജയലക്ഷ്യമായി ഉയര്‍ത്തിയത് ആറ് വിക്കറ്റ് നഷ്ടത്തില്‍ 168. മറുപടിയില്‍ രാജസ്ഥാന്‍ 18 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 171 നേടി. പുറത്താകാതെ 94 റണ്‍സെടുത്ത ജോസ് ബട്ട്‌ലറാണ് രാജസ്ഥാന്റെ വിജയശില്‍പ്പി.
നായകന്‍ രഹാനെ 37 റണ്‍സ് നേടി. 26 റണ്‍സ് നേടിയ സഞ്ജുവാണ് മറ്റൊരു സ്‌കോറര്‍. മുംബൈയെ രാജസ്ഥാന്‍ സ്ലോ ബൌളുകള്‍ എറിഞ്ഞു പിടിക്കുകയായിരുന്നു. എന്നാല്‍ അവസാന ഓവറുകളില്‍ ഹാര്‍ദ്ദിക്ക് പാണ്ഡ്യ നടത്തിയ മിന്നല്‍ ബാറ്റിങ്ങാണ് സ്‌കോര്‍ 160ലെത്തിച്ചത്. പാണ്ഡ്യ 36 റണ്‍സ് നേടി. തുടക്കത്തില്‍ ലെവിസ് 60 റണ്‍സ് നേടിയിരുന്നു.