'മനുഷ്യനെ പേടിപ്പിക്കാന്‍ ഓരോന്ന് ഉണ്ടാക്കി വെച്ചിരിക്കുന്നു', ഭൂതകാലം കണ്ട് പേടിച്ച് വിറച്ച് തിലകന്‍; വീഡിയോ നിര്‍മിച്ചയാളെ അന്വേഷിച്ച് ഷെയ്ന്‍
Entertainment news
'മനുഷ്യനെ പേടിപ്പിക്കാന്‍ ഓരോന്ന് ഉണ്ടാക്കി വെച്ചിരിക്കുന്നു', ഭൂതകാലം കണ്ട് പേടിച്ച് വിറച്ച് തിലകന്‍; വീഡിയോ നിര്‍മിച്ചയാളെ അന്വേഷിച്ച് ഷെയ്ന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 22nd January 2022, 9:42 pm

രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്ത ‘ഭൂതകാലം’ മികച്ച അഭിപ്രായം നേടി മുന്നേറിക്കൊണ്ടിരിക്കുകയാണ്. ഷെയ്ന്‍ നിഗവും രേവതിയും കേന്ദ്രകഥാപാത്രങ്ങളായെത്തിയ ചിത്രം കഴിഞ്ഞ ദിവസമാണ് സോണി ലീവില്‍ പ്രദര്‍ശനത്തിനെത്തിയത്.

അമ്മയും മകനും അനുഭവിക്കുന്ന മാനസിക സംഘര്‍ഷങ്ങള്‍ മികച്ചതായി തന്നെയാണ് രേവതിയും ഷെയ്‌നും അവതരിപ്പിച്ചത്.

ഇപ്പോള്‍ ഭൂതകാലത്തെ പറ്റി എഡിറ്റ് ചെയ്ത വീഡിയോ ആണ് ഷെയ്ന്‍ പങ്കുവെച്ചിരിക്കുന്നത്. കിലുക്കം എന്ന ചിത്രത്തില്‍ നോവല്‍ വായനയില്‍ മുഴുകിയിരിക്കുന്ന തിലകനെ രേവതി വന്ന് വിളിക്കുമ്പോള്‍ പേടിക്കുന്ന രംഗമാണ് വീഡിയോയില്‍. വിഡിയോയില്‍ ഭൂതകാലത്തിന്റെ പോസ്റ്ററും കൊടുത്തിട്ടുണ്ട്. മനുഷ്യനെ പേടിപ്പിക്കാന്‍ ഒരോന്ന് എഴുതി ഉണ്ടാക്കി വെച്ചിരിക്കുന്നു എന്ന തിലകന്റെ സംഭാഷണവും വീഡിയോയിലുണ്ട്.

വീഡിയോ പങ്കുവെച്ചുകൊണ്ട് ആരാണിത് ചെയ്തത് എന്നാണ് ഷെയ്ന്‍ ചോദിച്ചിരിക്കുന്നത്.

ഭൂതകാലം നിര്‍ബന്ധമായും കണ്ടിരിക്കേണ്ട ഒന്നാണെന്നാണ് സാമൂഹ്യമാധ്യമങ്ങളില്‍ ഉയരുന്ന അഭിപ്രായം. ഷെയ്ന്‍ നിഗത്തിന്റെ അഭിനയം തന്നെയാണ് സാമൂഹ്യമാധ്യമങ്ങളിലെ കുറിപ്പില്‍ എല്ലാവരും എടുത്തുപറയുന്നത്. രേവതിയുടെ പ്രകടനവും ഒന്നിനൊന്ന് മികച്ചതായി തന്നെ നില്‍ക്കുന്നു. ഭൂതകാലം’ എന്ന ചിത്രം സംവിധാനം ചെയ്ത രാഹുല്‍ സദാശിവനെയും അഭിനന്ദിച്ചാണ് സാമൂഹ്യ മാധ്യമത്തില്‍ കുറിപ്പുകള്‍.

ഷെയ്ന്‍ നിഗത്തിന്റെ മാതാവ് സുനില ഹബീബ്, സംവിധായകന്‍ അന്‍വര്‍ റഷീദിന്റെ ഭാര്യ തെരേസ റാണി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്. ഷെയ്ന്‍ നിഗം ഫിലിംസിന്റെ ബാനറിലാണ നിര്‍മാണം. ഷെയ്ന്‍ നിഗമാണ് ചിത്രത്തിന്റെ സംഗീത സംവിധായകനും.

രാഹുല്‍ സദാശിവനൊപ്പം ശ്രീകുമാര്‍ ശ്രേയസും ചേര്‍ന്നാണ് തിരക്കഥ എഴുതിയിരിക്കുന്നത്. ഗോപി സുന്ദറിന്റേതാണ് ചിത്രത്തിന്റെ പശ്ചാത്തലസംഗീതം. ഷെഹ്നാദ് ജലാലാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത്. ബിനു മുരളിയാണ് ചിത്രത്തിന്റെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: shane nigum shares the edited video of kilukkam with bhoothakalam