പ്രേക്ഷകന്‍ എന്ന നിലയില്‍ സീരിയസായ പടങ്ങള്‍ കണ്ടിരിക്കാന്‍ പറ്റാതായി, ക്ഷമയില്ല: ഷെയ്ന്‍ നിഗം
Film News
പ്രേക്ഷകന്‍ എന്ന നിലയില്‍ സീരിയസായ പടങ്ങള്‍ കണ്ടിരിക്കാന്‍ പറ്റാതായി, ക്ഷമയില്ല: ഷെയ്ന്‍ നിഗം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 6th November 2023, 8:25 am

ഓഫ് ബീറ്റ് സിനിമകളില്‍ നിന്നും കൊമേഴ്ഷ്യല്‍ സിനിമകളിലേക്ക് മാറിയതിന് പറ്റി സംസാരിക്കുകയാണ് നടന്‍ ഷെയ്ന്‍ നിഗം. പ്രേക്ഷകന്‍ എന്ന നിലയില്‍ സീരിയസായ സിനിമകള്‍ ഇപ്പോള്‍ കാണാന്‍ പറ്റാതായെന്നും കണ്ടിരിക്കാനുള്ള ക്ഷമ ഇല്ലാതായെന്നും ഷെയ്ന്‍ പറഞ്ഞു. മുമ്പ് ആളുകള്‍ വന്ന് കഥ പറയുമ്പോള്‍ തന്നെ അതിലെ പൊളിടിക്‌സിനെ പറ്റി ചിന്തിക്കുമായിരുന്നുവെന്നും ഇന്ന് അങ്ങനെയല്ലെന്നും സൈന സൗത്ത് പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ ഷെയ്ന്‍ പറഞ്ഞു.

‘പ്രേക്ഷകന്‍ എന്ന നിലയില്‍ സീരിയസായ പടങ്ങള്‍ കണ്ടിരിക്കാന്‍ പറ്റാതായി. സിനിമകള്‍ മോശമാണെന്നല്ല പറയുന്നത്. എന്തോ അതിന് പറ്റാതായി. ക്ഷമ പോയതുപോലെ. കുറച്ച് ലൈറ്റായ, എന്നാല്‍ അത്യാവശം കണ്ടന്റ് പറഞ്ഞുപോകുന്ന, രസിച്ചിരുന്ന് കാണുന്ന പടങ്ങളുടെ ഭാഗമാകണമെന്നുള്ള തോന്നല്‍ ഉള്ളില്‍ വരാന്‍ തുടങ്ങി. അങ്ങനത്തെ പടങ്ങളാണ് കാണാനും കൂടുതല്‍ പറ്റുന്നത്.

മുമ്പ് വിദേശ സിനിമകള്‍ ഉള്‍പ്പെടെ കുറെ കാണും. എന്നോട് ആളുകള്‍ വന്ന് കഥ പറയുമ്പോഴും എന്താണ് ഇതിന്റെ പൊളിടിക്‌സ് എന്ന് വലിച്ച് കീറി ചിന്തിക്കും. ഇന്ന് അങ്ങനെയല്ല. കുറച്ച് കൂടി ഫാമിലി ആയി ഇരുന്ന് കാണാന്‍ പറ്റുന്ന സിനിമകളും എനിക്ക് ഇഷ്ടപ്പെട്ട് തുടങ്ങി. അങ്ങനെയാണ് ഓഫ് ബീറ്റ് അല്ലാതെയുള്ള സിനിമകളും ചെയ്യാന്‍ തുടങ്ങിയത്. ബോധപൂര്‍വം അങ്ങനെയുള്ള സിനിമകളുടെ ഭാഗമാകണമെന്നും തോന്നിത്തുടങ്ങി,’ ഷെയ്ന്‍ പറഞ്ഞു.

വേലയാണ് ഇനി റിലീസിന് ഒരുങ്ങുന്ന ഷെയ്നിന്റെ ചിത്രം. ഷെയിന്‍ നിഗവും സണ്ണി വെയ്നുമാണ് ചിത്രത്തില്‍ കേന്ദ്രകഥാപാത്രങ്ങളാവുന്നത്. പൊലീസ് കണ്‍ട്രോള്‍ റൂമിന്റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രത്തില്‍ ഷെയിന്‍ നിഗം ഉല്ലാസ് അഗസ്റ്റിന്‍ എന്ന പൊലീസ് ഉദ്യോഗസ്ഥനെയും മല്ലികാര്‍ജുനന്‍ എന്ന പൊലീസ് കഥാപാത്രത്തെ സണ്ണി വെയ്നും അവതരിപ്പിക്കുന്നു.

സിന്‍സില്‍ സെല്ലുലോയ്ഡിന്റെ ബാനറില്‍ എസ്.ജോര്‍ജ് നിര്‍മിക്കുന്ന വേലയുടെ സംവിധാനം ശ്യാം ശശിയും തിരക്കഥ എം. സജാസും നിര്‍വഹിച്ചിരിക്കുന്നു. അതിഥി ബാലന്‍ പ്രധാന കഥാപാത്രത്തിലെത്തുന്ന വേലയുടെ ഓഡിയോ റൈറ്റ്‌സ് ടി സീരീസാണ് കരസ്ഥമാക്കിയത്. ബാദുഷ പ്രൊഡക്ഷന്‍സാണ് ചിത്രത്തിന്റെ സഹനിര്‍മാതാക്കള്‍. നവംബര്‍ പത്തിനാണ് ചിത്രം കേരളത്തിലെ തിയേറ്ററുകളിലേക്കെത്തുന്നത്. ദുല്‍ഖര്‍ സല്‍മാന്റെ വേഫേറെര്‍ ഫിലിംസ് കേരളത്തില്‍ ചിത്രം വിതരണം നിര്‍വഹിക്കുന്നു.

Content Highlight: Shane nigum said that as an audience, I can’t watch serious movies now