കൊച്ചി: സിനിമാക്കരാറും ഒത്തുതീര്‍പ്പ് വ്യവസ്ഥകളും ലംഘിച്ച് താടിയും മുടിയും വെട്ടി നടന്‍ ഷെയിന്‍ നിഗത്തിനെതിരെ കടുത്ത നടപടികള്‍ക്കൊരുങ്ങുകയാണ് നിര്‍മ്മാതാക്കളുടെ സംഘടന. എന്നാല്‍ തന്നെക്കുറിച്ച് മലയാള മനോരമയില്‍ വന്ന വാര്‍ത്ത നിഷേധിച്ച് ഷെയിന്‍ രംഗത്തെത്തി.
ഷെയിനിനെ തമിഴ് സിനിമയില്‍നിന്നും ഒഴിവാക്കി എന്ന വാര്‍ത്തയാണ് താരം നിഷേധിച്ചത്. വാര്‍ത്ത വ്യാജമാണെന്നും ഡേറ്റുകളുടെ പ്രശ്‌നം മൂലം വില്ലേജ് ബോയ് എന്ന തമിഴ് ചിത്രത്തില്‍ എനിക്ക് അഭിനയിക്കാന്‍ കഴിയില്ലെന്ന് അണിയറ പ്രവര്‍ത്തകരെ അറിയിക്കുകയായിരുന്നെന്നും ഷെയിന്‍ ഫേസ്ബുക്കില്‍ കുറിച്ചു. 30 ഒക്ടോബറിന് അഡ്വാന്‍സ് തുക മടക്കി നല്‍കിയിരുന്നെന്നും ഷെയിന്‍ കുറിപ്പില്‍ പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
ഈ വാര്‍ത്ത വ്യാജമാണ് മനോരമ. എന്നോട് ഒരു വാക്ക് ചോദിച്ചിരുന്നെങ്കില്‍ ഞാന്‍ നിജസ്ഥിതി പറഞ്ഞു തന്നെനെ. ഡേറ്റുകളുടെ പ്രശ്‌നം മൂലം വില്ലേജ് ബോയ് എന്ന തമിഴ് ചിത്രത്തില്‍ എനിക്ക് അഭിനയിക്കാന്‍ കഴിയില്ലെന്ന് അവരെ അറിയിക്കുകയും. 30 ഒക്ടോബറിന് ഞാന്‍ തന്നെ അഡ്വാന്‍സ് തുക മടക്കി നല്‍കിയതുമാണ്.
ഇപ്പോള്‍ നടക്കുന്ന പല വ്യാജ പ്രചാരങ്ങള്‍ക്ക് ഞാന്‍ ഒരു തരത്തിലുമുള്ള പ്രതികരണം നല്‍കിയിട്ടുമില്ല, മാധ്യമങ്ങള്‍ ആരും തന്നെ ഒന്നും ആരാഞ്ഞിട്ടും ഇല്ല.
അതേസമയം, തനിക്ക് എല്ലാത്തിനെക്കാളും വലുത് സിനിമയാണെന്നും ഷെയ്നിന് വേണ്ടി കാത്തിരിക്കാമെന്നും വെയിലിന്റെ സംവിധായകന്‍ ശരത് പ്രതികരിച്ചു. മനോരമന്യൂസ് ഓണ്‍ലൈനിനോടായിരുന്നു സംവിധായകന്റെ പ്രതികരണം. ഇനി ചിത്രത്തിന്റെ തിരക്കഥ മാറ്റിയെഴുതാന്‍ കഴിയില്ലെന്നും ഒരു തവണ ഷെയ്നിന്റെ ലുക്കിന് വേണ്ടി തിരക്കഥ മാറ്റിയിരുന്നെന്നും സംവിധായകന്‍ പറഞ്ഞു.