Film News
വെറും ഹാരിയല്ല, ഹാരി മേനോന്‍; ജോളിയായി ഫിലോസഫി പറയുന്ന ഷെയ്ന്‍ നിഗം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2022 Jul 02, 06:17 am
Saturday, 2nd July 2022, 11:47 am

ഷെയ്ന്‍ നിഗം, പവിത്ര ലക്ഷ്മി എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായെത്തിയ ഉല്ലാസം ജൂലൈ ഒന്നിനാണ് തിയേറ്റുകളിലെത്തിയത്. നവാഗതനായ ജീവന്‍ ജോജോ സംവിധാനം ചെയ്ത ചിത്രം ഊട്ടിയിലെ ഒരു ട്രെയ്ന്‍ യാത്രക്കിടയില്‍ കണ്ടുമുട്ടിയ യുവാവിന്റെയും യുവതിയുടെയും കഥയാണ് പറയുന്നത്.

********************spoiler alter************************

മുമ്പുള്ള കഥാപാത്രങ്ങളില്‍ നിന്നും വ്യത്യസ്തമായ ഒരു ഷെയ്ന്‍ ചിത്രമാണ് ഉല്ലാസം. സാധാരണ സീരിയസ് റോളുകളില്‍ നിന്നും വ്യത്യസ്തമായി ജോളിയായിട്ടുള്ള ഒരു കഥാപാത്രമാണ് ഷെയ്ന്‍ നിഗത്തിന്റെ ഹാരി. ഹാരി എന്നും ഹരി എന്നും ഈ കഥാപാത്രത്തെ ചിത്രത്തില്‍ വിളിക്കുന്നുണ്ട്. വെറും ഹാരിയല്ല, ഹാരി മേനോന്‍. പവിത്ര ലക്ഷ്മി അവതരിപ്പിച്ച നിമയും ഹാരിയുമാണ് ഊട്ടിയിലെ കാട്ടില്‍ ഒറ്റപ്പെട്ട് പോകുന്നത്.

സാധാരണ സിനിമകളില്‍ ഷെയ്ന്‍ സീരിയസായിട്ടാണ് ഫിലോസഫി പറയുന്നതെങ്കില്‍ ഈ ചിത്രത്തില്‍ ജോളിയായിട്ടാണ് ഫിലോസഫി പറയുന്നത്. അയാള്‍ ഓരോ നിമിഷവും ആസ്വദിച്ചാണ് ജീവിക്കുന്നത്. ഇനി എന്താണ് സംഭവിക്കാന്‍ പോകുന്നത് എന്നതിനെ പറ്റി ഹാരി ആലോചിക്കുന്നില്ല. ഈ നിമിഷത്തിലാണ് ഹാരി ജീവിക്കുന്നത്.

 

ചിത്രത്തിലെ നായിക പറയുന്നത് പോലെ വിശ്വസിക്കാന്‍ പറ്റാത്തത്രയും സത്യസന്ധനാണ് ഹാരി മേനോന്‍. സഹായം വേണ്ടിടത്തൊക്കെ അയാള്‍ ഓടിയെത്തും. ആത്മഹത്യക്ക് ശ്രമിച്ച പെണ്‍കുട്ടിയെ വാക്കുകള്‍ കൊണ്ട് മോട്ടിവേറ്റ് ചെയ്യും. അവളെ ചതിച്ച കാമുകനെ അവന്റെ വിവാഹറിസപ്ഷനില്‍ കേറി തല്ലും. അവര്‍ സ്വവര്‍ഗാനുരാഗികളാണെന്ന് പറഞ്ഞ് കല്യാണം മുടക്കും. ഇത്തരത്തിലുള്ള പരോപകാരിയാണയാള്‍.

ജീവിതത്തെ സീരിയസായി കാണാത്ത ഹാരിയോടൊപ്പം നായിക എങ്ങനെ ജീവിക്കുമെന്ന പ്രേക്ഷകരുടെ ചിന്ത ചിത്രത്തിന്റെ ക്ലൈമാക്‌സില്‍ അപ്പാടെ തകര്‍ന്ന് പോകുന്നുണ്ട്. ചിത്രത്തിന്റെ ഒടുവില്‍ ഹാരിയുടെ തറവാടും പിടിപാടുകളും ലഭിച്ച അവാര്‍ഡുകളും കാണുമ്പോള്‍ പ്രേക്ഷകരുടെ കണ്ണ് തള്ളും.

 

മലയാളത്തിലെ ഒരു ഫെയറി ലാന്‍ഡില്‍ നടക്കുന്ന കഥ പോലെയാണ് ഉല്ലാസം ഫീല്‍ ചെയ്യുക. എന്നാല്‍ അത് പ്രേക്ഷകന് കണ്‍വിന്‍സിങ്ങായ രീതിയില്‍ അവതരിപ്പിക്കുന്നതില്‍ സിനിമ പൂര്‍ണമായും വിജയിച്ചു എന്ന് പറയാനാവില്ല.

Content Highlight: Shane Nigam who speaks philosophy in Jolly mode or Harry Menon in ullasam