| Thursday, 9th November 2023, 11:22 pm

ആര്‍.ഡി.എക്‌സിലെ ആ ഷോട്ട് എടുക്കുമ്പോള്‍ ക്രിഞ്ചടിക്കുമോ എന്ന് പേടിച്ചു: ഷെയ്ന്‍ നിഗം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ആര്‍.ഡി.എക്‌സിലെ ഹിറ്റായ ‘നീല നിലവേ’ എന്ന പാട്ടിനെ പറ്റി സംസാരിക്കുകയാണ് ഷെയ്ന്‍ നിഗം. പാട്ടിലെ ഓരോ ഷോട്ട് എടുക്കുമ്പോഴും ഇത് ആള്‍ക്കാര്‍ ട്രോളുമോ എന്നും ക്രിഞ്ചടിക്കുമോ എന്നും താന്‍ ചിന്തിച്ചിരുന്നുവെന്ന് ഷെയ്ന്‍ പറഞ്ഞു. പാട്ട് ഏത് രീതിയില്‍ ആളുകള്‍ സ്വീകരിക്കും എന്ന ആശങ്ക തനിക്കുണ്ടായിരുന്നുവെന്നും ബിഹൈന്‍ഡ്‌വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ ഷെയ്ന്‍ പറഞ്ഞു.

‘ഇന്‍സ്റ്റയിലും യൂട്യൂബിലും നീല നിലവേ റീക്രിയേറ്റ് ചെയ്യുന്നത് കാണുമ്പോള്‍ സന്തോഷം തോന്നാറുണ്ട്. അത് ആഗ്രഹിച്ചിട്ടുണ്ടായിരുന്നു. ആര്‍.ഡി.എക്‌സ് ഷൂട്ട് ചെയ്യുമ്പോഴും ആളുകള്‍ ഇങ്ങനെ സ്വീകരിക്കുമെന്ന് വിചിരിച്ചിരുന്നില്ല.

ജീവിതത്തില്‍ നമ്മള്‍ പാട്ട് പാടി ഡാന്‍സ് കളിക്കില്ലല്ലോ. അങ്ങനെ ചിന്തിച്ചാല്‍ നീല നിലവേ പോസിബിളല്ല. സത്യം പറഞ്ഞാല്‍ ഈ പാട്ടിലെ ഓരോ ഷോട്ട് എടുക്കുമ്പോഴും ഞാന്‍ ആലോചിക്കും, പടച്ചോനെ ഇത് ആള്‍ക്കാര് ട്രോളുമോ എന്ന്. ഞാന്‍ വന്ന് രണ്ട് കയ്യും വിരിക്കുന്ന സീനില്‍ ആ പെണ്ണിന്റെ മേലേക്ക് പൂക്കള്‍ വീഴുന്ന സീനിലൊക്കെ ക്രിഞ്ചടിക്കുമോ എന്നാണ് ഞാന്‍ ചിന്തിക്കുന്നത്.

ഞാന്‍ വീട്ടില്‍ പോയി ഇതൊക്കെ പെങ്ങന്മാരോട് ചര്‍ച്ച ചെയ്യും. കുറച്ച് നാളായി ഇതൊന്നും മലയാളത്തില്‍ കണ്ടിട്ടില്ലല്ലോ, ഇതെങ്ങാനും വര്‍ക്കായാലോ എന്നാണവര്‍ പറയുക. അങ്ങനെയുള്ള സാഹചര്യങ്ങളില്‍ അവര്‍ പോസിറ്റീവായി മോട്ടിവേറ്റ് ചെയ്യും. ഇത് ഏത് രീതിയില്‍ ആളുകള്‍ സ്വീകരിക്കും എന്ന ആശങ്ക എനിക്കുണ്ടായിരുന്നു,’ ഷെയ്ന്‍ പറഞ്ഞു.

വേലയാണ് ഇനി റിലീസിന് ഒരുങ്ങുന്ന ഷെയ്‌നിന്റെ ചിത്രം. ഷെയിന്‍ നിഗവും സണ്ണി വെയ്‌നുമാണ് ചിത്രത്തില്‍ കേന്ദ്രകഥാപാത്രങ്ങളാവുന്നത്. പൊലീസ് കണ്‍ട്രോള്‍ റൂമിന്റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രത്തില്‍ ഷെയിന്‍ നിഗം ഉല്ലാസ് അഗസ്റ്റിന്‍ എന്ന പൊലീസ് ഉദ്യോഗസ്ഥനെയും മല്ലികാര്‍ജുനന്‍ എന്ന പൊലീസ് കഥാപാത്രത്തെ സണ്ണി വെയ്‌നും അവതരിപ്പിക്കുന്നു.

സിന്‍സില്‍ സെല്ലുലോയ്ഡിന്റെ ബാനറില്‍ എസ്.ജോര്‍ജ് നിര്‍മിക്കുന്ന വേലയുടെ സംവിധാനം ശ്യാം ശശിയും തിരക്കഥ എം. സജാസും നിര്‍വഹിച്ചിരിക്കുന്നു. അതിഥി ബാലന്‍ പ്രധാന കഥാപാത്രത്തിലെത്തുന്ന വേലയുടെ ഓഡിയോ റൈറ്റ്സ് ടി സീരീസാണ് കരസ്ഥമാക്കിയത്. ബാദുഷ പ്രൊഡക്ഷന്‍സാണ് ചിത്രത്തിന്റെ സഹനിര്‍മാതാക്കള്‍. നവംബര്‍ പത്തിനാണ് ചിത്രം കേരളത്തിലെ തിയേറ്ററുകളിലേക്കെത്തുന്നത്. ദുല്‍ഖര്‍ സല്‍മാന്റെ വേഫേറെര്‍ ഫിലിംസ് കേരളത്തില്‍ ചിത്രം വിതരണം നിര്‍വഹിക്കുന്നു.

Content Highlight: Shane Nigam talks about the RDX hit song ‘Neela Nilave’

Latest Stories

We use cookies to give you the best possible experience. Learn more