| Tuesday, 7th November 2023, 6:58 pm

നായികയായി രശ്മിക മന്ദാന; ഷാറൂഖ് ഖാന്റേത് പോലെ ഡബിള്‍ റോള്‍; ആ പ്രൊമോ ഒരു സെല്‍ഫ് ട്രോളായിരുന്നു: ഷെയിന്‍ നിഗം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഈയിടെ ‘ലിറ്റില്‍ ഹാര്‍ട്ട്’ എന്ന സിനിമയുടെ വ്യത്യസ്മായ പ്രൊമോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഷെയിന്‍ നിഗം, ഷൈന്‍ ടോം ചാക്കോ, ബാബു രാജ്, അനഘ ധ്യാന്‍ എന്നിവരും സിനിമയിലെ മറ്റു പ്രവര്‍ത്തകരും ആ പ്രൊമോ വീഡിയോയില്‍ ഉണ്ടായിരുന്നു.

പുതിയ സിനിമയുടെ ചര്‍ച്ചക്കായി എല്ലാവരും ഒത്തുകൂടുന്നതും അവിടെ ഷെയിന്‍ നിഗം തനിക്ക് രശ്മിക മന്ദാനയെ നായികയായി വേണമെന്ന് പറയുന്നതുമാണ് കാണിക്കുന്നത്. ആ സമയത്താണ് നായിക അനഘ ധ്യാനാണെന്ന് ഷെയിന്‍ അറിയുന്നത്.

അത് നടക്കില്ലെന്നറിയുന്ന ഷെയിന്‍, തനിക്ക് ജവാനില്‍ ഷാറൂഖ് ഖാന്‍ ചെയ്തത് പോലെ ഡബിള്‍ റോള്‍ വേണമെന്ന് പറയുന്നു. ഇതേസമയം രണ്ടാമത്തെ റോളിലേക്ക് കാസ്റ്റ് ചെയ്യപ്പെട്ട ബാബു രാജ് അങ്ങോട്ട് കടന്നു വരുന്നു.

ഒടുവില്‍ സിനിമയില്‍ ഐറ്റം സോങ്ങെങ്കിലും വേണമെന്ന് ഷെയിന്‍ ആവശ്യപ്പെടുമ്പോള്‍, ഫാമിലി പടത്തില്‍ ഐറ്റം സോങ്ങോയെന്ന് ബാബു രാജ് ചോദിക്കുന്നു. ഈ സിനിമയില്‍ ഐറ്റം സോങ്ങുണ്ടെന്നും ഒരു പുരുഷനാണ് അത് ചെയ്യുന്നതെന്നും പറയുന്നിടത്താണ് ഷൈന്‍ ടോം ചാക്കോയുടെ എന്‍ട്രി.

ഈ പ്രൊമോ വീഡിയോയുടെ ഐഡിയ തന്റേതാണെന്നും അതൊരു സെല്‍ഫ് ട്രോളായിരുന്നെന്നും പറയുകയാണ് ഷെയിന്‍ നിഗം. സില്ലി മോങ്ക്‌സ് മോളീവുഡിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഷെയിന്‍.

‘ലിറ്റില്‍ ഹാര്‍ട്ട് എന്ന സിനിമക്ക് വേണ്ടി പ്രൊമോ വീഡിയോ ചെയ്തത് ഞാനായിരുന്നു. ഒരു ചാനലുണ്ടായിരുന്നു, എന്തോ മലയാളിയെന്നോ മറ്റോ ആണ് അതിന്റെ പേര്. അതില്‍ രശ്മിക മന്ദാനയെ ഞാന്‍ ഖല്‍ബാക്കിയൊക്കെ ബന്ധപ്പെടുത്തി പറഞ്ഞിരുന്നു.

അപ്പോള്‍ കരുതി അത് തന്നെയെടുത്ത് ഒരു പരിപാടി ചെയ്യാമെന്ന്. ഞാന്‍ തന്നെയാണ് ലിറ്റില്‍ ഹാര്‍ട്ടിന് വേണ്ടി മൊത്തം പ്രൊമോ ഡിസൈന്‍ ചെയ്തത്. ഒരു സെല്‍ഫ് ട്രോള്‍ തന്നെയായിരുന്നു അത്.

ആളുകള്‍ വേറെ രീതിയില്‍ എടുക്കുമോയെന്നൊന്നും ചിന്തിച്ചിരുന്നില്ല. കാരണം ഞാനാണ് ഇത് പ്ലാന്‍ ചെയ്യുന്നത്. പ്രൊമോ എന്റെ ഐഡിയ തന്നെയായിരുന്നു. എന്തായാലും ഒരു പ്രൊമോ വീഡിയോ ചെയ്യണമെന്നും അതില്‍ ആ സിനിമയിലെ എല്ലാവരും വേണമെന്നും പറഞ്ഞിരുന്നു.

അങ്ങനെ ഒരു ദിവസം വീട്ടുക്കാരുടെ കൂടെ കാറില്‍ പോകുമ്പോഴാണ് പെട്ടെന്ന് ഈ ഐഡിയ കിട്ടുന്നത്. എന്റെയടുത്ത് അവര്‍ സിനിമയുടെ കഥ പറയാന്‍ വരുന്നു, അപ്പോള്‍ ഇങ്ങനെയൊക്കെ പറയുന്നത് പോലെയാക്കാമെന്ന് കരുതി.

ഈ കാര്യം ഡയറക്ടര്‍മാരോട് പറഞ്ഞപ്പോള്‍ അവര്‍ അതില്‍ കുറച്ച് കാര്യങ്ങള്‍ കൂട്ടിചേര്‍ത്തു. പിന്നെ അവരത് ഒരു സ്‌ക്രിപ്റ്റ് പോലെയാക്കി,’ ഷെയിന്‍ നിഗം പറഞ്ഞു.

Content Highlight: Shane Nigam Talks About Self troll And Promo Video Of His Movie

We use cookies to give you the best possible experience. Learn more