ആര്‍.ഡി.എക്‌സ് എന്ന സിനിമയുടെ വിജയത്തിന് ശേഷം ഷെയിന്‍ നിഗം നായകനായെത്തുന്ന സിനിമയാണ് ‘വേല’. പൊലീസ് കണ്‍ട്രോള്‍ റൂമിന്റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന സിനിമയില്‍ ഷെയിന്‍ നിഗം ‘ഉല്ലാസ് അഗസ്റ്റിന്‍’ എന്ന പൊലീസ് ഉദ്യോഗസ്ഥനെയാണ് അവതരിപ്പിക്കുന്നത്. നവംബര്‍ 10നാണ് വേല തീയേറ്ററുകളിലേക്കെത്തുന്നത്.
ഇപ്പോള്‍ ആര്‍.ഡി.എക്‌സിന് ശേഷം, തന്നെ ഫുള്‍ പാക്കേജ് നടനെന്ന് വിളിക്കുന്നതിനെ പറ്റി സംസാരിക്കുകയാണ് ഷെയിന്‍ നിഗം. സില്ലി മോങ്ക്‌സ് മോളീവുഡിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.
‘ആര്‍.ഡി.എക്‌സിന് ശേഷം ഫുള്‍ പാക്കേജ് നടനെന്ന് എല്ലാവരും പറഞ്ഞു തുടങ്ങിയിട്ടുണ്ട്. അത് വലിയൊരു അഭിനന്ദനമായാണ് കാണുന്നത്. അതെനിക്ക് ഒരു പ്രമോഷന്‍ കിട്ടിയത് പോലെയാണ് തോന്നുന്നത്.
ഇപ്പോള്‍ ശരിക്കും അങ്ങനെയുള്ള കഥാപാത്രങ്ങള്‍ക്ക് വേണ്ടിയാണ് കാത്തിരിക്കുന്നത്. കുറച്ചുകൂടെ റെസ്‌പോണ്‍സിബിളായ കഥാപാത്രങ്ങള്‍ ചെയ്യണമെന്നുണ്ട്. അത് ഇനി ചെയ്യാന്‍ പറ്റുമെന്ന് തോന്നുന്നു. എന്നുവെച്ചാല്‍ പത്ത് പേരെ ഇടിച്ചിടുന്ന പരിപാടിയല്ല ഉദ്ദേശിച്ചത്.
കുറച്ചു കൂടെ റെസ്‌പോണ്‍സിബിള്‍ ഫിഗറാകാന്‍ പറ്റുമെന്ന് തോന്നുന്നു. ഒരു ആന്‍ങ്ക്രി യെങ്ങ് മാന്‍ ഇമേജിനൊപ്പം തന്നെ അങ്ങനെയൊരു പ്രോഗ്രാമിലേക്ക് പതുക്കെ മാറാന്‍ പറ്റുമെന്ന തോന്നല്‍ ഉള്ളില്‍ വന്നുതുടങ്ങി. അതിനുള്ള പ്രൊജക്റ്റിന് വേണ്ടി കാത്തിരിക്കുകയാണ്,’ ഷെയിന്‍ നിഗം പറയുന്നു.
‘വേല’ സിനിമയിലെ പൊലീസ് കഥാപാത്രത്തെ ചെയ്യുമ്പോള്‍ വലിയ സിനിമാറ്റിക്കായ കഥാപാത്രത്തെ ചെയ്യാനായിരുന്നോ അതോ ഗ്രൗണ്ട് ലെവലായ ഉല്ലാസിനെ പോലെയൊരു കഥാപാത്രത്തെ ചെയ്യാനായിരുന്നോ ആഗ്രഹമെന്ന ചോദ്യത്തിന് കഥക്ക് അനുസരിച്ചുള്ള കഥാപാത്രമാകാനാണ് ആഗ്രഹമെന്ന് താരം പറഞ്ഞു.
‘കഥക്ക് അനുസരിച്ചുള്ള കഥാപാത്രമാകാനാണ് ആഗ്രഹം. എന്റെ ആഗ്രഹം എന്തുതന്നെയാണെങ്കിലും സിനിമയിലെ ആ കഥാപാത്രത്തിന് അനുസരിച്ചല്ലേ എനിക്ക് ചെയ്യാന്‍ പറ്റുകയുള്ളൂ. ഈ സിനിമയില്‍ യഥാര്‍ത്ഥ ജീവിതത്തോട് ചേര്‍ന്ന് നില്‍ക്കുന്ന ഒരു കഥാപാത്രമാണ് ഉല്ലാസ് അഗസ്റ്റിന്‍. ഒരു ലാര്‍ജ് ലൈഫ് ക്യാരക്ടറല്ല ഉല്ലാസ്,’ ഷെയിന്‍ നിഗം പറഞ്ഞു.
Content Highlight: Shane Nigam Talks About Rdx And Vela Movie