Advertisement
Entertainment
അയാളുടെ സിനിമയാണെങ്കില്‍ സെറ്റില്‍ അറിയാതെ സ്വാഭാവികമായും അഭിനയിച്ച് പോകും: ഷെയ്ന്‍ നിഗം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Jan 21, 04:37 am
Tuesday, 21st January 2025, 10:07 am

മലയാളികള്‍ക്ക് ഏറെ പരിചിതനായ നടനാണ് ഷെയ്ന്‍ നിഗം. 2010ല്‍ പുറത്തിറങ്ങിയ താന്തോന്നി എന്ന സിനിമയില്‍ പൃഥ്വിരാജ് സുകുമാരന്റെ ചെറുപ്പം അഭിനയിച്ച് ബാലതാരമായാണ് ഷെയ്ന്‍ സിനിമയിലേക്ക് എത്തുന്നത്. അതേ വര്‍ഷം അന്‍വറിലും നടന്‍ അഭിനയിച്ചിരുന്നു.

പിന്നീട് അന്നയും റസൂലും, നീലാകാശം പച്ചകടല്‍ ചുവന്ന ഭൂമി, ബാല്യകാല സഖി, കമ്മട്ടിപാടം എന്നീ സിനിമകളില്‍ ഷെയ്ന്‍ നിഗം അഭിനയിച്ചു. 2016ലാണ് കിസ്മത്ത് എന്ന സിനിമയിലൂടെ ആദ്യമായി നായകനായി എത്തുന്നത്.

ഇപ്പോള്‍ ഓരോ സംവിധായകരുടെയും സെറ്റുകള്‍ വ്യത്യസ്തമാണെന്ന് പറയുകയാണ് ഷെയ്ന്‍ നിഗം. രാജീവ് രവിയുടെ സെറ്റാണെങ്കില്‍ നമ്മളോട് സ്വാഭാവികമായും അഭിനയിച്ച് പോകുമെന്നാണ് നടന്‍ പറയുന്നത്. ക്യൂ സ്റ്റുഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഷെയ്ന്‍ നിഗം.

‘ഓരോ സംവിധായകരുടെയും സെറ്റിന് ഒരുപാട് പ്രാധാന്യമുണ്ട്. രാജീവ് സാറിന്റെ സെറ്റാണെങ്കില്‍ നമ്മളോട് സ്വാഭാവികമായും അഭിനയിച്ച് പോകും. അതിന് എനിക്ക് പറയാന്‍ പറ്റുന്ന ഏറ്റവും നല്ല എക്‌സാബിളാണ് അന്നയും റസൂലും.

ആ സിനിമ ചെയ്ത സമയത്ത് എനിക്ക് ഒന്നും അറിയില്ലായിരുന്നു. എന്നോട് ഒരു സീനില്‍ പറഞ്ഞത് അടിക്കാന്‍ വേണ്ടി മാത്രമായിരുന്നു. അന്ന് ആ സീനോ സിനിമയോ ചെയ്തപ്പോള്‍ അഭിനയിച്ചതായി എനിക്ക് തോന്നിയിട്ടില്ല.

നീലാകാശം പച്ചകടല്‍ ചുവന്ന ഭൂമി എന്ന സിനിമയില്‍ ഞാന്‍ അഭിനയിച്ചിരുന്നു. അതില്‍ ചെറിയ ഒരു കഥാപാത്രമായിരുന്നു ചെയ്തത്. ആ സിനിമയില്‍ അഭിനയിക്കുമ്പോള്‍ ഒരു മാര്‍ക്ക് കാണിച്ച് തന്നിട്ട് അവിടെ ചെന്ന് നിന്ന് ഡയലോഗ് പറയാന്‍ പറഞ്ഞു.

ആ സമയത്താണ് ഇത് കുറച്ച് വേറെ തന്നെ ഒരു പരിപാടിയാണെന്ന് ഞാന്‍ മനസിലാക്കിയത്. ലൈറ്റ് ക്യാച്ചിങ്ങ് ഉള്‍പ്പെടെയുള്ള കുറേ കാര്യങ്ങളുണ്ടെന്ന് മനസിലാക്കി. രാജീവ് സാറിന്റെ സിനിമയില്‍ അങ്ങനെയൊന്നും ഉണ്ടായിരുന്നില്ല. അതില്‍ എവിടെയെങ്കിലും ക്യാമറ വെച്ചിട്ടാണ് ഷൂട്ട് ചെയ്യുക.

മറ്റൊന്നും ഞങ്ങള്‍ അറിഞ്ഞിട്ടില്ലായിരുന്നു. അടുത്ത സിനിമയിലേക്ക് പോയപ്പോഴാണ് വേറെയും കുറേ കാര്യങ്ങളുണ്ടെന്ന് മനസിലാക്കുന്നത്. പിന്നെ കിസ്മത്ത് സിനിമയിലേക്ക് വന്നപ്പോള്‍ അതില്‍ കുറച്ച് കൂടെ റിയലിസ്റ്റിക്ക് മൂഡായിരുന്നു. കെയര്‍ ഓഫ് സൈറ ബാനു വന്നപ്പോള്‍ പിന്നെയും മാറി,’ ഷെയ്ന്‍ നിഗം പറഞ്ഞു.

Content Highlight: Shane Nigam Talks About Rajeev Ravi’s Set