മലയാളികൾക്ക് ഏറെ പരിചിതനായ നടനാണ് ഷെയ്ൻ നിഗം. 2010ൽ പുറത്തിറങ്ങിയ താന്തോന്നി എന്ന സിനിമയിൽ പൃഥ്വിരാജ് സുകുമാരന്റെ ചെറുപ്പം അഭിനയിച്ച് ബാലതാരമായാണ് ഷെയ്ൻ സിനിമയിലേക്ക് എത്തുന്നത്. അതേ വർഷം അൻവറിലും ഷെയ്ൻ നിഗം അഭിനയിച്ചിരുന്നു.
രാജീവ് രവി സംവിധാനം ചെയ്ത അന്നയും റസൂലും, കമ്മട്ടിപ്പാടം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഷെയ്ൻ 2016ൽ കിസ്മത്ത് എന്ന ചിത്രത്തിലൂടെ നായകനായി അരങ്ങേറി. തുടർന്ന് ഒരുപിടി മികച്ച സിനിമകളുടെ ഭാഗമാകാൻ ഷെയ്ന് സാധിച്ചു. മദ്രാസ്കാരൻ എന്ന ചിത്രത്തിലൂടെ തമിഴിലും ഷെയ്ൻ തന്റെ സാന്നിധ്യമറിയിച്ചു.
ഇപ്പോൾ മലയാളികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയായ എമ്പുരാനെക്കുറിച്ച് സംസാരിക്കുകയാണ് ഷെയ്ൻ നിഗം. എമ്പുരാൻ സിനിമക്കായി എല്ലാവരെയും പോലെ തന്നെ താനും കാത്തിരിക്കുകയാണെന്നും ലൂസിഫർ കണ്ടത് മുതൽ എമ്പുരാനായുള്ള കാത്തിരിപ്പ് തുടങ്ങിയെന്നും ഷെയ്ൻ പറഞ്ഞു. ഒപ്പം ചിത്രം ആദ്യ ദിവസം തന്നെ കാണുമെന്നും ഷെയ്ൻ നിഗം കൂട്ടിച്ചേർത്തു.
‘എമ്പുരാന് വേണ്ടി എല്ലാവരെയും പോലെ ഞാനും വെയ്റ്റിങ് ആണ്. അതിന്റെ ടീസർ കണ്ടത് മുതൽ തന്നെ പടം കാണണമെന്ന് ഉണ്ടായിരുന്നു. ലൂസിഫർ കണ്ടപ്പോൾ തന്നെ രണ്ടാം ഭാഗത്തിന് വേണ്ടി വെയ്റ്റിങ് ആയിരുന്നു. അപ്പോൾ ടീസർ കൂടി കണ്ടപ്പോൾ പ്രതീക്ഷൾ ഇരട്ടിച്ചു. പടം കാണാനുള്ള ആഗ്രഹവും ഇരട്ടിച്ചു. ഉറപ്പായിട്ടും ആദ്യ ദിവസം തന്നെ ഞാൻ സിനിമ കണ്ടിരിക്കും,’ ഷെയ്ൻ പറഞ്ഞു.
വീര സംവിധാനം ചെയ്യുന്ന മ്യൂസിക്കൽ പ്രണയചിത്രം ‘ഹാൽ’ ആണ് ഇനി പുറത്തിറങ്ങാനുള്ള ഷെയിൻ നിഗം ചിത്രം. ഷെയ്ൻ നിഗത്തിൻറെ കരിയറിലെ തന്നെ ഏറ്റവും ചിലവേറിയ ചിത്രങ്ങളിൽ ഒന്നായെത്തുന്ന ഹാൽ ഏപ്രിൽ 24നാണ് വേൾഡ് വൈഡ് റിലീസിനായി ഒരുങ്ങുന്നത്. സാക്ഷി വൈദ്യയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. ചിത്രത്തിലെ ആദ്യ ഗാനം കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. ‘നീയേ ഇടനെഞ്ചു കൊത്തുമൊരു തീയായീ എന്നകമേ…’ എന്ന് തുടങ്ങുന്ന ഗാനം, വിനായക് ശശികുമാറിന്‍റെ വരികള്‍ക്ക് വി. നന്ദഗോപൻ ഈണം നൽകി ആദിത്യ ആർ.കെ ആണ് ആലപിച്ചിരിക്കുന്നത്.
Content Highlight: actor shane nigam talks abot mohanlal’s movie L2: Empuraan