| Monday, 6th November 2023, 5:50 pm

'വേറേ മൂഡിലുള്ള ഫാന്റസി പടമാണത്', പുതിയ സിനിമാകഥയുമായി ഷെയ്ൻ നിഗം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളി പ്രേക്ഷകർക്കിടയിൽ തന്റെ പ്രകടനം കൊണ്ട് ശ്രദ്ധ നേടിയ യുവതാരമാണ് ഷെയ്ൻ നിഗം. അവസാനമായി അഭിനയിച്ച ആർ.ഡി. എക്സ് ബോക്സ്‌ ഓഫീസിൽ ഗംഭീര വിജയമായി മാറിയിരുന്നു. സണ്ണി വെയ്നോടൊപ്പം അഭിനയിക്കുന്ന വേലയാണ് അടുത്തതായി റിലീസിന് ഒരുങ്ങുന്ന താരത്തിന്റെ ചിത്രം.

ഭാവിയിൽ തനിക്കൊരു സിനിമ സംവിധാനം ചെയ്യാൻ ആഗ്രഹമുണ്ടെന്നും ഒരു കഥ അതിനായി എഴുതിത്തുടങ്ങിയിട്ടുണ്ടെന്ന് ഷെയ്ൻ പറയുന്നു. വേല സിനിമയുടെ വിശേഷങ്ങൾ പറയുന്നതിനിടയിലാണ് ഷെയ്ൻ തന്റെ സിനിമയെ കുറിച്ച് സില്ലി മോങ്ക്സ് മോളിവുഡിനോട് പങ്കുവെച്ചത്.

‘ഒരു സമയത്ത് എനിക്ക് ഒരു കഥയ്ക്കുള്ള ചിന്ത വന്നു. തുടക്ക സമയത്ത് എനിക്കത് എഴുതാൻ നല്ല ആവേശമായിരുന്നു. പക്ഷെ എഴുതി തുടങ്ങി പകുതിയൊക്കെ ആയപ്പോഴേക്കും എനിക്ക് മനസിലായി, സാധനം കൈയിന്ന് പോയെന്ന്. അതിന് ശേഷം അടുത്തൊരു സീൻ പോലും എനിക്ക് തുടങ്ങാൻ പറ്റുന്നില്ല. ആ ഒരു ഇന്റർവെൽ വരെയുള്ള കഥ മാത്രമേ എന്റെ കൈയിൽ ഉണ്ടായിരുന്നുള്ളു. അത് ഞാൻ മുഴുവനായി കഥയ്ക്കായി എടുത്തിട്ടുണ്ട്.

പക്ഷെ അത് മുന്നോട്ട് കൊണ്ട് പോവുകയാണെങ്കിൽ എങ്ങനെ സെറ്റ് ചെയ്യുമെന്നൊരു ബ്ലോക്കിൽ ആണ് ഞാൻ. അതുകൊണ്ട് തത്കാലം കഥ അവിടെ വച്ച് നിർത്തി. ഇനി ഭാവിയിൽ അതേ കഥ തന്നെ എഴുതുമോ എന്നറിയില്ല. ആ സിനിമ വേറേ തന്നെ മൂഡുള്ള ഒരു പടമാണ്. ചെറിയൊരു ഫാന്റസി ചിത്രമാണ്. ഫാന്റസി എന്ന് പറഞ്ഞാൽ റിയാലിറ്റിക്കുള്ളിൽ നിൽക്കുന്ന തരത്തിലുള്ള ഒരു ഫാന്റസി,’ ഷെയ്ൻ നിഗം പറയുന്നു.

അതേസമയം പൊലീസ് കൺട്രോൾ റൂമിന്റെ പശ്ചാത്തലത്തിൽ കഥ പറയുന്ന വേല നവംബർ പത്തിന് തിയേറ്ററുകളിൽ എത്തും. നവാഗതനായ ശ്യാം ശശിയാണ് സംവിധാനം.

ദുൽഖർ സൽമാന്റെ വേഫേറെർ ഫിലിംസാണ് ചിത്രം വിതരണം ചെയ്യുന്നത്. സിദ്ധാർഥ് ഭാരതനും അദിതി ബാലനും പ്രധാന വേഷത്തിൽ എത്തുന്നു.


Content Highlight: Shane nigam Talk About The Film He Writing

We use cookies to give you the best possible experience. Learn more