| Friday, 3rd November 2023, 10:28 pm

'എന്റെ ബാപ്പച്ചിക്ക് രക്തം നൽകാൻ വന്നവർ മതം നോക്കിയല്ല വന്നത്; മതത്തിന്റെ പേരിൽ സമൂഹത്തിൽ വിഷം വിതറുന്നതായി തോന്നിയിട്ടുണ്ട്'

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: മതത്തിന്റെ പേരിൽ സമൂഹത്തിൽ ഇടക്കിടെ വിഷം വിതറുന്നതായിട്ട് തനിക്ക് തോന്നിയിട്ടുണ്ടെന്നും കളമശ്ശേരി സ്ഫോടനം നടന്നപ്പോൾ പ്രതികരിക്കണമെന്ന അപ്പോഴത്തെ തോന്നലിലാണ് താൻ പോസ്റ്റ്‌ പങ്കുവെച്ചതെന്ന് നടൻ ഷെയ്ൻ നിഗം.

തന്റെ പിതാവ് അസുഖം ബാധിച്ചു കിടന്നപ്പോൾ രക്തം നൽകാൻ വന്നവർ മതവും രാഷ്ട്രീയവും നോക്കിയല്ല വന്നതെന്നും മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിൽ ഷെയ്ൻ പറഞ്ഞു.

‘എന്റെ പിതാവ് വയ്യാതെ ഇരുന്ന സമയത്ത് രക്തം ദാനം ചെയ്യാൻ വന്നവരാരും ഏത് മതമാണെന്ന് നോക്കിയല്ല വന്നത്. പ്രത്യേകിച്ച് പറയുകയാണെങ്കിൽ ബാപ്പച്ചി പോയിക്കൊണ്ടിരുന്ന ജിമ്മിലെ സിമി ചേട്ടൻ, കളമശ്ശേരി പൊലീസ് യൂണിറ്റിലുള്ളവർ എന്നിവരെല്ലാം ഇങ്ങോട്ട് ചോദിക്കുമായിരുന്നു സഹായം വേണോ എന്ന്.

അവരൊന്നും മതമോ രാഷ്ട്രീയമോ നോക്കിയല്ല സഹായിച്ചത്. അങ്ങനെയുള്ള നല്ല ആളുകൾ നമുക്ക് ചുറ്റുമുണ്ട്.

ചെറിയ ഒരു വിഷം നമ്മുടെ സമൂഹത്തിൽ ഇടക്കിടക്ക് മതത്തിന്റെ പേരിൽ ഇടുന്നതായി എനിക്ക് തോന്നിയിട്ടുണ്ട്. അതൊന്നും ആവശ്യമില്ലല്ലോ, നമ്മൾ ജനിച്ച് ജീവിച്ച് ഒരിക്കൽ മരിക്കണം. അത്രയേ ഉള്ളൂ.

എനിക്ക് അപ്പോൾ അങ്ങനെ ഒരു പോസ്റ്റ്‌ ഇട്ടേക്കാം എന്ന് തോന്നിയിട്ട് ഇട്ടതാണ്. അല്ലാതെ അധികമായി രാഷ്ട്രീയമൊന്നും എനിക്കില്ല,’ ഷെയ്ൻ പറഞ്ഞു.

യഹോവ സാക്ഷികളുടെ കൺവെൻഷൻ സെന്ററിലെ സ്‌ഫോടനത്തിൽ വിദ്വേഷ പ്രചരണം ആരംഭിച്ചതിന് പിന്നാലെ ഷെയ്ൻ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. ഒരിക്കലും സംഭവിക്കാൻ പാടില്ലാത്ത ഒരു അപകടമാണ് അരങ്ങേറിയതെന്നും ദയവായി ഊഹങ്ങൾ പ്രചരിപ്പിക്കരുതെന്നും ഷെയ്ൻ പറഞ്ഞു. ചാനലുകളും രാഷ്ടീയ പ്രസ്ഥാനങ്ങളും വ്യക്തികളും മത്സരിക്കാനും വിജയിക്കാനുമുള്ള അവസരമാക്കരുതെന്നും ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ ഷെയ്ൻ പറഞ്ഞിരുന്നു.

വൈകിട്ടോടെ ജനക്കൂട്ടം എത്തുന്ന പരിപാടികളിൽ പാലിക്കേണ്ട സുരക്ഷ ക്രമീകരണങ്ങളെ പറ്റിയും ഷെയ്ൻ പങ്കുവെച്ച പോസ്റ്റ് ശ്രദ്ധിക്കെപ്പെട്ടിരുന്നു.

പോസ്റ്റിന് ലഭിച്ച അഭിനന്ദനങ്ങൾക്ക് പിന്നാലെ വ്യക്തിയുടെ പൗരബോധത്തിന് ഉപരി, സമൂഹത്തിൽ ഇപ്പോഴും നിലനിൽക്കുന്ന വർഗ, മത, വർണ വിഭാഗീയതക്ക് സാക്ഷ്യം വഹിക്കുന്ന വ്യക്തി എന്ന നിലക്ക് തന്റെ വ്യക്തിപരമായ അഭിപ്രായങ്ങളും കാഴ്ചപ്പാടുകളും മാത്രം ആണ് പങ്കുവെച്ചതെന്ന് ഷെയ്ൻ പറഞ്ഞിരുന്നു.

സ്വാർത്ഥ ലാഭത്തിനുവേണ്ടി വാക്കുകളിലും പ്രവൃത്തികളിലും വെറുപ്പിനെ പുരട്ടുമ്പോൾ വെറുപ്പിന് മീതെ ഉറക്കെ നമ്മുടെ വാക്കുകൾ വിളിച്ചു പറയണമെന്നും ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റിൽ ഷെയ്ൻ നേരത്തെ പറഞ്ഞിരുന്നു.

Content Highlight: Shane Nigam says There is an attempt to spread poison in the name of Religion

We use cookies to give you the best possible experience. Learn more