| Saturday, 4th November 2023, 5:06 pm

എല്ലാം കഴിഞ്ഞിട്ട് നിങ്ങള്‍ എനിക്കൊരു സ്വഭാവ സര്‍ട്ടിഫിക്കറ്റ് തരും, അതുകൊണ്ട് സിനിമ ഓടുമോ: ഷെയ്ന്‍ നിഗം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പ്രകടനം കൊണ്ട് മലയാള പ്രേക്ഷകർക്കിടയിൽ ശ്രദ്ധേയനായി മാറിയ യുവ നടനാണ് ഷെയ്ൻ നിഗം. സിനിമയിലും സോഷ്യൽ മീഡിയയിലും ഒരുപോലെ നിറഞ്ഞു നിൽക്കാറുണ്ട് താരം.

ഈയിടെയായി പല പൊതു കാര്യങ്ങളെ കുറിച്ചും ഷെയ്ൻ തന്റെ ഫേസ്ബുക്ക്‌ പേജിലൂടെ അഭിപ്രായങ്ങൾ പങ്കുവെക്കാറുണ്ട്. യുവ നടന്റെ പല നിലപാടുകളും സോഷ്യൽ മീഡിയയിൽ കൈയടി നേടുന്നുണ്ട്. താരത്തിന്റെ സാമൂഹിക ഉത്തരവാദിത്ത ബോധം മാതൃകപരമാണെന്നാണ് പലരും സോഷ്യൽ മീഡിയയിൽ കമന്റ്‌ ചെയ്യുന്നത്.

ഷെയ്ൻ ആദ്യമത്ര മെച്വേർഡ് അല്ലായിരുന്നുവെന്നും, ഇപ്പോൾ മെച്യൂരിറ്റിയിൽ വന്ന മാറ്റത്തിന് കാരണമെന്താണെന്നുമുള്ള ചോദ്യത്തിന് മറുപടി പറയുകാണ് താരം.
ഒരാളുടെ മെച്യൂരിറ്റി മനസിലാക്കാനുള്ള മാനദണ്ഡം എന്താണെന്ന് ചോദിക്കുകയാണ് ഷെയ്ൻ. വേല എന്ന പുതിയ സിനിമയുടെ ഭാഗമായി കൗമുദി മൂവീസിനോട് സംസാരിക്കുകയായിരുന്നു താരം.

‘ഒരാളുടെ മെച്യൂരിറ്റി കണക്കാക്കുന്നതിന്റെ മാനദണ്ഡം എന്താണെന്ന് എനിക്ക് മനസിലാവുന്നില്ല. അതായത് എന്റെ ജോലിയായ അഭിനയത്തെ തുടക്കം മുതലേ ഞാൻ വളരെ സീരിയസ് ആയാണ് കാണുന്നത്. തുടക്കം മുതൽ ഈ നിമിഷം വരെ വളരെ സീരിയസായി ഞാൻ പണിയെടുത്തിട്ടുണ്ട്.

അല്ലാത്ത ഏത് വിഷയത്തെ കുറിച്ചാണ് ആളുകൾ പറയുന്നതെന്ന് എനിക്ക് മനസിലാവുന്നില്ല. മെച്വേർഡ് ആയിട്ടും അല്ലാതെയും ഞാൻ ചിത്രീകരിക്കപ്പെടുന്നുണ്ട്. അതുകൊണ്ട് തന്നെ ഈ ചോദ്യത്തിന് എങ്ങനെ ഉത്തരം പറയണമെന്ന് എനിക്കറിയില്ല. ഇനി ഞാൻ ഒരു ഉത്തരം തന്നാൽ തന്നെ അതൊരു വലിയ കാര്യമാണോ? സിനിമ നന്നാവുക എന്നതല്ലേ വലിയ കാര്യം.

എല്ലാവരോടും ഞാനിപ്പോൾ എന്റെ മുഴുവൻ കാര്യങ്ങളും തുറന്ന് പറഞ്ഞെന്ന് കരുതുക, എല്ലാം കഴിഞ്ഞ് അവസാനം നിങ്ങൾ എനിക്കൊരു സ്വഭാവ സർട്ടിഫിക്കറ്റും തന്നിട്ട് എന്റെ പടം ഓടിയില്ലെങ്കിൽ നിങ്ങൾ എന്നെ സ്നേഹിക്കുമോ? ഇല്ല,’ ഷെയ്ൻ നിഗം പറയുന്നു.

അതേസമയം ഷെയ്ൻ നിഗവും സണ്ണി വെയ്‌നും പ്രധാന വേഷത്തിൽ എത്തുന്ന വേല റിലീസിന് ഒരുങ്ങുകയാണ്. സിദ്ധാർഥ് ഭരതനും പ്രധാന വേഷത്തിൽ എത്തുന്ന ചിത്രത്തിൽ പൊലീസ് വേഷത്തിലാണ് താരങ്ങൾ എത്തുന്നത്.


Content Highlight: Shane Nigam Says That He Is Very Bothered  About His Career

Latest Stories

We use cookies to give you the best possible experience. Learn more