| Friday, 18th October 2019, 11:01 am

'ആവശ്യമില്ലാതെയുള്ള പഴിചാരലുകളിലും ഫാന്‍ ഫൈറ്റുകളിലേക്കും എന്നെ കരുവാക്കരുത് '; ഒപ്പം നിന്ന എല്ലാവരോടും സ്‌നേഹം; ഷെയ്ന്‍ നിഗം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: നിര്‍മാതാവ് ജോബി ജോര്‍ജില്‍ നിന്നും വധഭീഷണി നേരിടേണ്ടി വന്ന വിഷയത്തില്‍ തന്നെ പിന്തുണച്ച് രംഗത്തെത്തിയവര്‍ക്ക് നന്ദി രേഖപ്പെടുത്തി നടന്‍ ഷെയ്ന്‍ നിഗം.

തനിക്ക് ഒരു വിഷമഘട്ടം വന്നപ്പോള്‍ തന്റെ തോളോട് തോള്‍ ചേര്‍ന്ന് ഒപ്പം നിന്ന എല്ലാവരോടും സ്‌നേഹം എന്നാണ് ഷെയ്ന്‍ ഫേസ്ബുക്കില്‍ കുറിച്ചത്. എന്നാല്‍ ഈ വിഷയത്തില്‍ പല താര ആരാധകരുടെ ആവശ്യമില്ലാതെയുള്ള പഴിചാരലുകളിലും ഫാന്‍ ഫൈറ്റുകളിലേക്കും ദയവ് ചെയ്ത് തന്നെ കരുവാക്കരുതെന്നും ഷെയ്ന്‍ അഭ്യര്‍ത്ഥിക്കുന്നുണ്ട്.

ഷെയ്‌ന്റെ പ്രതികരണം..

”എന്റെ ഒരു വിഷമഘട്ടത്തില്‍ എന്റെ തോളോട് തോള് ചേര്‍ന്ന് ഒപ്പം നിന്ന എല്ലാവര്‍ക്കും സ്‌നേഹം..?? ഈ വിഷയത്തില്‍ പല താര ആരാധകരുടെ ആവശ്യമില്ലാതെയുള്ള പഴിചാരലുകളിലും ഫാന്‍ ഫൈറ്റുകളിലേക്കും ദയവ് ചെയ്തു എന്നെ കരുവാക്കരുത് എന്ന് വിനീതമായി അപേക്ഷിക്കുന്നു..സ്‌നേഹം മാത്രം…ഷെയിന്‍”.

ഷെയ്നെ പിന്തുണച്ച് കലാ സാസ്‌ക്കാരിക രംഗത്ത് നിന്നും നിരവധി പേര്‍ മുന്നോട്ടുവന്നിരുന്നു. ഇത്തരത്തില്‍ അക്രമഭീഷണി മുഴക്കുന്നവര്‍ക്കെതിരെ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന ആവശ്യവും ശക്തമായിയിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

എന്നാല്‍ ഷെയ്‌ന്റെ ആരോപണം നിഷേധിച്ചായിരുന്നു നിര്‍മാതാവ് ജോബി ജോര്‍ജ് രംഗത്തെത്തിയത്. ഷെയ്‌നെ ഒരു തരത്തിലും താന്‍ ഭീഷണിപ്പെടുത്തിട്ടില്ലെന്നും ഷെയ്ന്‍ തന്നെ ചതിക്കുകയായിരുന്നുവെന്നും ജോബി ജോര്‍ജ് ഇന്നലെ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു.

ആരേയും മനപൂര്‍വം തേജോവധം ചെയ്യാന്‍ ശ്രമിച്ചിട്ടില്ലെന്നും ഷെയ്ന്‍ സിനിമയുടെ ഡേറ്റ് അകാരണമായി നീട്ടിക്കൊണ്ടുപോകുകയായിരുന്നെന്നുമായിരുന്നു ജോബി ജോര്‍ജിന്റെ വാദം.

ജോബി ജോര്‍ജ് നിര്‍മ്മിക്കുന്ന വെയില്‍ എന്ന ചിത്രത്തിന്റെ ആദ്യ ഷെഡ്യൂളിന് ശേഷമാണ് ഷെയ്ന്‍ നിഗം സുബൈര്‍ നിര്‍മ്മിക്കുന്ന കുര്‍ബാനി എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിന് പോയത്. ഈ ചിത്രത്തിന് വേണ്ടി ഗെറ്റപ്പ് മാറ്റിയത് തന്റെ ചിത്രത്തിനെ ബാധിച്ചെന്ന് ആരോപിച്ചാണ് ജോബി തനിക്കെതിരെ വധഭീഷണി മുഴക്കിയതെന്ന് ഷെയ്ന്‍ പറഞ്ഞത്.

ഇന്‍സ്റ്റഗ്രാം ലൈവിലായിരുന്നു ഷൈന്‍ തനിക്കെതിരെ വധഭീഷണി ഉണ്ടെന്ന കാര്യം അറിയിച്ചത്. അഭിക്കയുടെ മകനായത് കൊണ്ട് താന്‍ അനുഭവിക്കുന്നത് ചില്ലറയല്ല എന്നും ലൈവില്‍ ഷെയ്ന്‍ പറയുന്നു. സംഭവത്തില്‍, താരസംഘടനയായ അമ്മയ്ക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും ജോബിക്കെതിരെ പൊലീസിനെ സമീപിച്ച് നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും താരം വ്യക്തമാക്കിയിട്ടുണ്ട്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more