കോഴിക്കോട്: താന്‍ ലക്ഷദ്വീപിലെ ജനങ്ങള്‍ക്കൊപ്പമാണെന്ന് നടന്‍ ഷെയ്ന്‍ നിഗം. സേവ് ലക്ഷദ്വീപ്, സമാധാനം കൊണ്ടുവരൂ, സ്‌നേഹത്താല്‍ ഒരുമിച്ച് നില്‍ക്കുക എന്നീ ഹാഷ് ടാഗുകള്‍ ഉപയോഗിച്ച ഫേസ്ബുക്ക് പോസ്റ്റിലാണ് ഷെയ്ന്‍ ലക്ഷദ്വീപിലെ ജനങ്ങള്‍ക്കൊപ്പമാണെന്ന് അറിയിച്ചത്.
കൂടാതെ അവരെ സഹായിക്കൂ എന്ന ഹാഷ് ടാഗില്‍ ലക്ഷദ്വീപിലെ നിലവിലെ രാഷ്ട്രീയ സ്ഥിതിഗതികള്‍ വിവരിക്കുന്ന വീഡിയോയും താരം മറ്റൊരു പോസ്റ്റില്‍ പങ്കുവെച്ചു. ഈ വിവരം എല്ലാവരിലും എത്തിക്കാനും ഷെയ്ന്‍ അഭ്യര്‍ഥിക്കുന്നുണ്ട്.
ലക്ഷദ്വീപിനെ പിന്തുണച്ച് നിരവധി പേരാണ് രംഗത്തെയിരിക്കുന്നത്. ഗീതു മോഹന്‍ദാസ്, സണ്ണിവെയ്ന്‍, ആന്റണി വര്‍ഗീസ്, പൃഥ്വിരാജ്, റിമ കല്ലിങ്കല്‍ തുടങ്ങിയ സിനിമാ താരങ്ങളും ഫുട്ബോള്‍ താരം സി കെ വിനീതും ലക്ഷദ്വീപിനെ പിന്തുണച്ച് രംഗത്തെത്തി.
കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയതും ബീഫ് നിരോധനവും കുടിയൊഴിപ്പിക്കലും ഗുണ്ടാ ആക്ട് നടപ്പിലാക്കിയതുമടക്കം സംഘപരിവാര്‍ അജണ്ടകളുമായി മുന്നോട്ടുപോകുന്ന പ്രധാനമന്ത്രിയുടെ വിശ്വസ്തനും മുന്‍ ഗുജറാത്ത് ആഭ്യന്തരമന്ത്രിയുമായ ഫ്രഫുല്‍ പട്ടേലിനെതിരെ വലിയ പ്രതിഷേധം ഉയരുകയാണ്.
ലക്ഷദ്വീപിലെ ജനങ്ങളുടെ ശബ്ദം നമ്മള്‍ കേള്‍ക്കേണ്ടതുണ്ടെന്നും അവരുടെ ദേശത്തിന് ഏറ്റവും നല്ലത് എന്താണെന്ന് അറിയുന്ന, അവിടുത്തുകാര്‍ പറയുന്നതാണ് നമ്മള്‍ വിശ്വസിക്കേണ്ടതെന്നും പൃഥ്വിരാജ് ഫേസ്ബുക്കില്‍ എഴുതി.
ലക്ഷദ്വീപിലെ മുന്‍ അഡ്മിനിസ്ട്രേറ്ററായിരുന്ന ദിനേശ്വര്‍ ശര്‍മ്മ ശ്വാസകോശ രോഗത്തെ തുടര്‍ന്ന് മരണപ്പെട്ടതോടെയാണ് കഴിഞ്ഞ ഡിസംബറില്‍ ഗുജറാത്ത് മുന്‍ ആഭ്യന്തരമന്ത്രി പ്രഫുല്‍ പട്ടേലിനെ പ്രധാനമന്ത്രി നരേന്ദ്രമോദി ലക്ഷദ്വീപിന്റെ അഡ്മിനിസ്ട്രേറ്റര്‍ ചുമതല ഏല്‍പ്പിക്കുന്നത്.
ചുമതലയേറ്റത് മുതല്‍ പ്രഫുല്‍ പട്ടേല്‍ ഏകാധിപത്യഭരണം നടത്താനാണ് ശ്രമിച്ചിരുന്നത്. പദവി ഏറ്റെടുത്ത ശേഷമുള്ള അഡ്മിനിസ്ട്രേറ്ററുടെ ആദ്യ നിയമപരിഷ്‌കാരം ഗുണ്ടാ ആക്ട് നടപ്പിലാക്കിയതായിരുന്നു.
കുറ്റകൃത്യങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യാറില്ലാത്ത ദ്വീപില്‍ ഗുണ്ടാ ആക്ട് പാസാക്കിയ നടപടി ജനാധിപത്യവിരുദ്ധമാണെന്നാണ് ദ്വീപ് നിവാസികള്‍ ആരോപിക്കുന്നത്.
മാത്രമല്ല കൊവിഡ് പ്രോട്ടോകോളില്‍ ഇളവ് നല്‍കിയതോടെ ദ്വീപില്‍ കൊവിഡ് വ്യാപിക്കുകയാണ്. രാജ്യം മുഴുവന്‍ കൊവിഡില്‍ മുങ്ങിയപ്പോഴും ഒരു വര്‍ഷത്തോളം രോഗത്തെ കടലിനപ്പുറം നിര്‍ത്തിയ ലക്ഷദ്വീപിലെ ഇപ്പോഴത്തെ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 68 ശതമാനമാണ്.
കൊച്ചിയില്‍ ക്വാറന്റീനില്‍ ഇരുന്നവര്‍ക്ക് മാത്രം ദ്വീപിലേക്ക് പ്രവേശനം നല്‍കി പാലിച്ച് പോന്ന നിയന്ത്രണങ്ങള്‍ക്കാണ് ദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ പട്ടേല്‍ ഇളവുകളനുവദിച്ചത്.
ലക്ഷദ്വീപിലെ ജനാധിപത്യ സംവിധാനങ്ങള്‍ പുനഃസ്ഥാപിക്കുകയെന്ന ആവശ്യമുന്നയിച്ച് ലക്ഷദ്വീപ് സ്റ്റുഡന്‍സ് അസോസിയേഷന്റെ ഓണ്‍ലൈന്‍ പ്രതിഷേധ ക്യാംപയിന്‍ തുടരുകയാണ്.
CONTENT HIGHLIGHTS : Shane Nigam said he was with the people of Lakshadweep