സിനിമാ സംഘടനകള്‍ വിലക്കേര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് അഭിനേതാക്കളുടെ സംഘടനയായ അമ്മയെ സമീപിച്ച് നടന്‍ ഷെയ്ന്‍ നിഗം. തനിക്കെതിരെ ഉയര്‍ത്തിയ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നാണ് ഷെയ്‌ന്റെ വാദം. അരോപണങ്ങള്‍ തനിക്ക് മനോവിഷമമുണ്ടാക്കിയെന്നും അദ്ദേഹം പറഞ്ഞു.
‘ആരോപണങ്ങള്‍ മനോവിഷമമുണ്ടാക്കി. എഡിറ്റ് കാണണമെന്ന് പറഞ്ഞിട്ടില്ല. മൂന്ന് അഭിനേതാക്കള്‍ ഈ സിനിമയിലുണ്ട്. മൂന്നിലൊരാളാകാന്‍ എനിക്ക് താല്‍പര്യമില്ലെന്ന് പറഞ്ഞിരുന്നു. എന്നാല്‍ സംവിധായകന്‍ പറഞ്ഞത്, തന്നെ കണ്ടുകൊണ്ടാണ് തിരക്കഥ എഴുതിയിരിക്കുന്നതെന്നാണ്.
ഞാന്‍ അവതരിപ്പിക്കുന്ന റോബര്‍ട്ട് എന്ന കഥാത്രമാണ് നായകനെന്നും പറഞ്ഞു. പക്ഷേ സിനിമ ചിത്രീകരിച്ചതിന് ശേഷം തനിക്ക് അതില്‍ സംശയം വന്നു. തുടര്‍ന്ന് സംവിധായകനോട് അതേക്കുറിച്ച് പറഞ്ഞപ്പോള്‍ അദ്ദേഹമാണ് എഡിറ്റ് കാണാമെന്ന് പറഞ്ഞത്,’ ഷെയ്ന്‍ പറഞ്ഞു.
പണം കൂടുതല്‍ ചോദിച്ചുവെന്ന തരത്തിലുള്ള ആരോപണവും താരത്തിനെതിരെ ഉയര്‍ന്നുവന്നിരുന്നു. ആ വിഷയത്തെ കുറിച്ചും ഷെയ്ന്‍ സംസാരിച്ചു.
‘സിനിമക്ക് വേണ്ടി നല്‍കിയ സമയം നീണ്ടുപോയി. അതിനാല്‍ ആര്‍.ഡി.എക്സിന് ശേഷം ഞാന്‍ അഭിനയിക്കേണ്ടിയിരുന്ന മറ്റൊരു ചിത്രവും നീണ്ടുപോയി. അതുകൊണ്ട് മുന്‍കൂറായി വാങ്ങിയ പണം തിരികെ നല്‍കേണ്ടിവന്നു. നിര്‍മാതാവിന്റെ ഭര്‍ത്താവ് എന്റെ അമ്മയോട് ബഹുമാനമില്ലാതെ പെരുമാറി. അതേ തുടര്‍ന്നാണ് അമ്മ ക്ഷോഭിച്ചത്,’ ഷെയ്ന്‍ പറഞ്ഞു.
നിര്‍മാതാക്കളുമായി കരാറില്‍ ഒപ്പിടാത്ത നടീനടന്മാരുമായി സഹകരിക്കില്ലെന്ന് നിര്‍മാതാക്കളുടെ സംഘടന അറിയിച്ചിരുന്നു. ചിലര്‍ ഒരിടത്തും അംഗത്വമെടുക്കാതെ സംഘടനയെ വെല്ലുവിളിക്കുകയാണെന്നും നിയമപരമായ സുരക്ഷിതത്വത്തിനുവേണ്ടി അമ്മയിലെ അംഗത്വ നമ്പര്‍ നിര്‍ബന്ധമാക്കുമെന്നും അവര്‍ പത്ര സമ്മേളനത്തില്‍ പറഞ്ഞു. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍, താരസംഘടനയായ അമ്മ സാങ്കേതികവിദഗ്ധരുടെ കൂട്ടായ്മയായ ഫെഫ്ക എന്നിവരുടെ സംയുക്തയോഗത്തിലായിരുന്നു തീരുമാനം.
content highlight: shane nigam reacts against new controversy