| Thursday, 23rd May 2024, 11:42 am

വീഡിയോ മുഴുവന്‍ കാണാതെ തെറ്റായി വ്യാഖ്യാനിക്കുന്നു; മത വിദ്വേഷത്തിന് കാത്തുനിന്നവര്‍ക്ക് പാത്രമാകാന്‍ എന്റെ വാക്കുകള്‍ കാരണമായി: ഷെയ്ന്‍ നിഗം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഈ അടുത്തായി തന്റെ പുതിയ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ നടന്‍ ഷെയ്ന്‍ നിഗം നടത്തിയ പരാമര്‍ശങ്ങള്‍ വലിയ വിവാദമായിരുന്നു. മഹിമ നമ്പ്യാര്‍ – ഉണ്ണി മുകുന്ദന്‍ കോംമ്പോയെ കുറിച്ച് പരിഹാസപൂര്‍വം പറഞ്ഞ കാര്യങ്ങളായിരുന്നു വിവാദങ്ങള്‍ക്ക് കാരണമായത്.

ഉണ്ണി മുകുന്ദന്റെ പ്രൊഡക്ഷന്‍ കമ്പനിയായ യു.എം.എഫിനെ അശ്ലീല ഭാഷയില്‍ പ്രയോഗിച്ചായിരുന്നു ഷെയ്ന്‍ മഹിമ നമ്പ്യരെ അന്ന് പരിഹസിച്ചത്. അഭിമുഖത്തില്‍ മഹിമയും ഒപ്പമുണ്ടായിരുന്നു. ഷെയ്‌നിന്റെ പരാമര്‍ശം കേട്ട് മഹിമയും അവതാരകയും അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു.

പിന്നാലെ നിരവധി ആളുകള്‍ താരത്തെ വിമര്‍ശിച്ച് മുന്നോട്ട് വന്നിരുന്നു. സംഘപരിവാറിന്റെ വലിയ രീതിലുള്ള സൈബര്‍ ആക്രമണവും ഷെയ്ന്‍ നേരിട്ടിരുന്നു. ഇപ്പോള്‍ സംഭവത്തില്‍ എഫ്.ബി പോസ്റ്റിലൂടെ വിശദീകരണവുമായി എത്തിയിരിക്കുകയാണ് ഷെയ്ന്‍ നിഗം. വീഡിയോ മുഴുവന്‍ ഭാഗവും കാണാതെ അതിനെ തെറ്റായി പലരും വ്യാഖ്യാനിക്കുന്നത് തികച്ചും ഖേദകരമാണെന്നാണ് താരം പറയുന്നത്.

മഹിമ നമ്പ്യാരും ഉണ്ണി മുകുന്ദനും സുഹൃത്തുക്കള്‍ ആണെന്നിരിക്കെ തെറ്റായ ദിശയിലേക്ക് ചിലര്‍ താന്‍ പറഞ്ഞതിനെ കൊണ്ടെത്തിച്ചുവെന്നും അവസരം മുതലെടുത്തു മത വിദ്വേഷത്തിന് കാത്തു നിന്നവര്‍ക്ക് പാത്രമാകാന്‍ തന്റെ വാക്കുകള്‍ കാരണമായെന്നും ഷെയ്ന്‍ പോസ്റ്റില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;

കഴിഞ്ഞ ദിവസം നിങ്ങള്‍ കണ്ട വീഡിയോ ദൃശ്യത്തിലെ മുഴുവന്‍ ഭാഗവും കാണാതെ, അതിനെ തെറ്റായി പലരും വ്യാഖ്യാനിക്കുന്നത് ശ്രദ്ധയില്‍ പെട്ടത് തികച്ചും ഖേദകരമാണ്. മഹിയും ഉണ്ണി ചേട്ടനും എല്ലാവരും സുഹൃത്തുക്കള്‍ ആണെന്നിരിക്കെ തെറ്റായ ദിശയിലേക്ക് ചിലര്‍ പറഞ്ഞതിനെ കൊണ്ട് എത്തിക്കുകയും ചെയ്തു.

പിന്നെ അവസരം മുതലെടുത്തു മത വിദ്വേഷത്തിന് അവസരം കാത്തു നിന്നവര്‍ക്ക് പാത്രമാകാന്‍ എന്റെ വാക്കുകള്‍ കാരണമായി എന്ന ഒറ്റ കാരണം കൊണ്ടാണ് ഇന്നിവിടെ ഇത് പങ്കുവെക്കുന്നത്. അവരെ പ്രബുദ്ധരായ മലയാളികള്‍ അവജ്ഞയോടെ തള്ളും… തള്ളണം.

ഇത് ഷെയിന്‍ നിഗത്തിന്റെയും, ഉണ്ണി മുകുന്ദന്റെയും, മമ്മൂട്ടിയുടെയും, മോഹന്‍ലാലിന്റെയും, സുരേഷ്‌ഗോപിയുടെയും ഒക്കെ നാട് തന്നെയാണ്.

Content Highlight: Shane Nigam React To The Social Media Controversy Through A Facebook Post

We use cookies to give you the best possible experience. Learn more