വാക്കുകൾ തെറ്റായി വ്യാഖ്യാനിച്ചതിൽ സങ്കടമുണ്ട്, ഉണ്ണി ചേട്ടനോടും ആരാധകരോടും പരസ്യമായി മാപ്പ് ചോദിക്കുന്നു: ഷെയ്ൻ നിഗം
Entertainment
വാക്കുകൾ തെറ്റായി വ്യാഖ്യാനിച്ചതിൽ സങ്കടമുണ്ട്, ഉണ്ണി ചേട്ടനോടും ആരാധകരോടും പരസ്യമായി മാപ്പ് ചോദിക്കുന്നു: ഷെയ്ൻ നിഗം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 2nd June 2024, 11:30 am

ഉണ്ണി മുകുന്ദനോടും ആരാധകരോടും പരസ്യമായി മാപ്പ് പറഞ്ഞ് യുവനടൻ ഷെയ്ൻ നിഗം. പുതിയ ചിത്രമായ ലിറ്റിൽ ഹാർട്ട്സ് എന്ന സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി നൽകിയ ഒരു അഭിമുഖത്തിൽ ഷെയ്ൻ നടൻ ഉണ്ണി മുകുന്ദനെ കുറിച്ച് തമാശയായി പറഞ്ഞ ഒരു കാര്യം ചിലർ തെറ്റായി വ്യാഖ്യാനിച്ചിരുന്നു.

ഇപ്പോൾ ചിത്രത്തിന്റെ പ്രെസ്സ് മീറ്റിൽ ഉണ്ണി മുകുന്ദനോടും ഉണ്ണി മുകുന്ദന്റെ ആരാധകാരോടും പരസ്യമായി മാപ്പ് പറഞ്ഞിരിക്കുകയാണ് ഷെയ്ൻ. ഒരു തമാശയായി പറഞ്ഞ കാര്യമാണെന്നും അതിനെ മറ്റൊരു തരത്തിലാണ് ആളുകൾ കണ്ടതെന്നും തന്റെ വാക്കുകൾ വേദനയുണ്ടാക്കിയിട്ടുണ്ടെങ്കിൽ ഉണ്ണി മുകുന്ദനോടും ആരാധകാരോടും താൻ മാപ്പ് ചോദിക്കുന്നുവെന്നും താരം പറഞ്ഞു. തന്റെ വാക്കുകൾ തെറ്റായി വ്യാഖ്യാനിച്ചതിൽ വിഷമമുണ്ടെന്നും ഷെയ്ൻ കൂട്ടിച്ചേർത്തു.

‘കൂട്ടുകാർക്കിടയിൽ ഒരു തമാശ പറഞ്ഞുപോവുന്ന പോലെ അറിയാതെ പറഞ്ഞ് പോയ ചില കാര്യങ്ങളാണ്. അതിനെ വേറൊരു രീതിയിൽ കാണാൻ പാടില്ലായിരുന്നു എന്നൊരു ചിന്തയുണ്ടായി.

ഞാൻ പരസ്യമായി മാപ്പ് ചോദിക്കുകയാണ്. ഉണ്ണി ചേട്ടന് ഞാൻ പേർസണലി മെസ്സേജ് അയച്ചിരുന്നു. ഉണ്ണി ചേട്ടനും ഉണ്ണി ചേട്ടന്റെ ഫാൻസിനും അങ്ങനെയൊരു ഹേർട്ട് ഉണ്ടായിട്ടുണ്ടെങ്കിൽ ഞാൻ പരസ്യമായി മാപ്പ് ചോദിക്കുന്നു.

കാരണം ഞാൻ മനഃപൂർവം ഒരാളെ വേദനപ്പിക്കണം എന്നുള്ള ചിന്തയിലല്ല ഒരിക്കലും അങ്ങനെ പറഞ്ഞത്. ആ ഒരു സമയത്ത് ഒരു തമാശ പോലെ വന്നതാണ്. അതിനെ വേറൊരു രീതിയിൽ വ്യാഖ്യാനിച്ചതിൽ സത്യം പറഞ്ഞാൽ എനിക്ക് സങ്കടം തോന്നി,’ഷെയ്ൻ നിഗം പറയുന്നു.

ഉണ്ണിമുകുന്ദനെ അവഹേളിച്ചുവെന്നാരോപിച്ച് ഷെയ്ൻ സുഡാപ്പിയെന്ന് മുദ്രകുത്തികൊണ്ട് ചില വലതുപക്ഷ പ്രൊഫൈലുകൾ രംഗത്തെത്തിയിരുന്നു. ഈ വിവാദങ്ങൾക്കിടയിൽ ‘സുഡാപ്പി ഫ്രം ഇന്ത്യ’ എന്ന അടിക്കുറിപ്പോടെ ഷെയ്ൻ പങ്കുവെച്ച ചിത്രവും സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു.

 

Content Highlight: Shane Nigam publicly apologized to Unni Mukundan