Advertisement
Mollywood
ഷെയ്‌നിനു നിര്‍മാതാക്കളുടെ സ്വാഭാവ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല; ലഹരി ആരോപണത്തിനു പിന്നില്‍ അജണ്ടകളുണ്ടെന്നും ഷെയ്‌നിന്റെ ഉമ്മ
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Nov 29, 12:23 pm
Friday, 29th November 2019, 5:53 pm

കൊച്ചി: നടന്‍ ഷെയ്ന്‍ നിഗത്തിനെതിരെ നിര്‍മാതാക്കളുടെ സംഘടന ഉന്നയിച്ച ലഹരി ആരോപണത്തിനു പിന്നില്‍ അജണ്ടകളുണ്ടെന്ന് ഷെയ്‌നിന്റെ ഉമ്മ സുനില. മലയാള സിനിമയിലെ ചെറുപ്പക്കാരെ അടച്ചാക്ഷേപിക്കുന്ന രീതിയിലാണ് നിര്‍മാതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിച്ചതെന്നും അവരുടെ ഉദ്ദേശ്യമെന്തെന്ന് കാലം തെളിയിക്കുമെന്നും സുനില പറഞ്ഞു.

ഷെയ്ന്‍ വികാരങ്ങള്‍ പ്രകടിപ്പിക്കുന്ന കുട്ടിയാണെന്നും അതിനെ ദുര്‍വ്യാഖ്യാനം ചെയ്യുകയാണെന്നും സുനില കൂട്ടിച്ചേര്‍ത്തു. ദേഷ്യം വന്നാല്‍ കള്ളത്തരം കാണിക്കാന്‍ ഷെയ്‌നിന് അറിയില്ലെന്നും തൊഴിലില്‍ മാത്രമാണ് ശ്രദ്ധിക്കുന്നതെന്നും സുനില പറഞ്ഞു. മാതൃഭൂമിയോടായിരുന്നു പ്രതികരണം.

ഷെയ്‌നിനു നിര്‍മാതാക്കളുടെ സംഘടനയുടെ സ്വാഭാവ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലെന്നും അവന്‍ വികാരങ്ങള്‍ പ്രകടിപ്പിക്കുന്നതിനെ ഇങ്ങനെയാണ് വ്യാഖ്യാനിക്കുന്നതെങ്കില്‍ അതില്‍ തങ്ങള്‍ക്കൊരു പ്രശ്‌നവുമില്ലെന്നും സുനില പറഞ്ഞു.’

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

തീരെ സഹിക്കാനാകാത്ത സാഹചര്യത്തിലാണ് വെയില്‍ സിനിമയുടെ സെറ്റില്‍ നിന്ന് ഇറങ്ങിപ്പോന്നതെന്നും സുനില പറയുന്നു. ഇഷ്‌ക്ക് എന്ന ചിത്രത്തിന്റെ സമയത്ത് ഷെയ്നിന് ഉറക്കം തന്നെ വരാത്ത അവസ്ഥയുണ്ടായിരുന്നെന്നും ദിവസത്തില്‍ കുറഞ്ഞത് ഏഴു മണിക്കൂറെങ്കിലും ഉറങ്ങണമെന്നാണ് ഡോക്ടര്‍ പറഞ്ഞിരിക്കുന്നതെന്നും സുനില പറഞ്ഞു.

‘അഭിനേതാക്കളെ കംഫര്‍ട്ടബിള്‍ ആക്കുകയാണ് സംവിധായകന്‍ ചെയ്യേണ്ടത്. അങ്ങനെയല്ലെങ്കില്‍ അവര്‍ക്ക് പെര്‍ഫോം ചെയ്യാനാവില്ല. അതാണ് ഇവര്‍ മറന്നുപോകുന്നത്’ -സുനില കൂട്ടിച്ചേര്‍ത്തു.

തൊണ്ണൂറു വര്‍ഷത്തെ മലയാള സിനിമാ ചരിത്രത്തില്‍ ഒരു നടനും പെരുമാറാത്ത രീതിയിലാണ് ഷെയ്നിന്റെ ഇടപെടലുകളെന്ന് ആരോപിച്ചാണ് നിര്‍മ്മാതാക്കളുടെ സംഘടന ഷെയ്ന്‍ നിഗത്തിന് വിലക്കേര്‍പ്പെടുത്തിയത്.

ഷെയ്ന്‍ ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന വെയില്‍, കുര്‍ബാനി സിനിമകള്‍ ഉപേക്ഷിക്കാന്‍ അവര്‍ തീരുമാനിച്ചിരുന്നു. ഈ സിനിമകള്‍ക്കു ചെലവായ തുക നല്‍കാതെ ഷെയ്‌നിനെ ഇനി മലയാള സിനിമകളില്‍ അഭിനയിപ്പിക്കില്ലെന്നും ഇതുവരെ ചെലവായ തുക ഷെയ്നില്‍ നിന്ന് ഈടാക്കുമെന്നും അവര്‍ പറഞ്ഞു. രണ്ട് സിനിമകള്‍ക്ക് ചെലവായത് ഏഴുകോടി രൂപയാണ്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

കരാര്‍ ലംഘിച്ചതിന് ഷെയ്ന്‍ നിഗത്തിനെതിരെയുള്ള പരാതിയില്‍ തുടര്‍നടപടി സ്വീകരിക്കുന്നതിനായി കൊച്ചിയില്‍ ചേര്‍ന്ന നിര്‍മാതാക്കളുടെ സംഘടനാ യോഗത്തിലാണ് ഷെയിനിനെ വിലക്കാനുള്ള തീരുമാനം എടുത്തത്. അന്യഭാഷാ ചിത്രത്തില്‍ അഭിനയിപ്പിക്കുന്നതിനെ സംബന്ധിച്ച് അവിടത്തെ നിര്‍മ്മാതാക്കളുമായി സംസാരിക്കുമെന്നും അവര്‍ പറഞ്ഞിരുന്നു.