| Thursday, 9th November 2023, 4:28 pm

ആർ.ഡി.എക്സിന് ശേഷം ഷെയ്ൻ നിഗം -മഹിമ നമ്പ്യാർ ജോഡി വീണ്ടും; 'ലിറ്റിൽ ഹാർട്സ് '

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വമ്പൻ ഹിറ്റ് സമ്മാനിച്ച ആർ.ഡി.എക്സിന് ശേഷം ഷെയ്ൻ നിഗം -മഹിമ നമ്പ്യാർ ജോഡി വീണ്ടും എത്തുന്നു. സാന്ദ്ര തോമസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ഒരുങ്ങുന്ന ‘ലിറ്റിൽ ഹാർട്സ് ‘ എന്ന ചിത്രത്തിലൂടെയാണ് ഈ ഹിറ്റ്‌ കോമ്പോ വീണ്ടും ഒന്നിക്കുന്നത്. ബന്ധങ്ങളുടെ കഥ പറയുന്ന ലിറ്റിൽ ഹാർട്സിൽ സിബിയായി ഷെയ്നും ശോശയായി മഹിമയും എത്തുന്നു. വ്യത്യസ്തമായ മൂന്നുപേരുടെ പ്രണയവും ഇവരുടെ ജീവിതത്തിലേക്ക് കടന്നുവരുന്ന ആൾക്കാരും തുടർന്ന് നടക്കുന്ന സംഭവങ്ങളുമാണ് ചിത്രം പറയുന്നത്.

സാന്ദ്ര തോമസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സാന്ദ്ര തോമസും വിൽ‌സൺ തോമസും ചേർന്ന് നിർമിക്കുന്ന ചിത്രത്തിൽ ഷൈൻ ടോം ചാക്കോയും പ്രധാന കഥാപാത്രമായി എത്തുന്നു. സാന്ദ്ര തോമസ് പ്രൊഡക്ഷന്റെ ബാനറിൽ ഒരുങ്ങുന്ന രണ്ടാമത്തെ ചിത്രമാണിത്.

എബി ട്രീസ പോൾ, ആന്റോ ജോസ് പെരേര എന്നിവർ ചേർന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇരുവരും ചേർന്നുള്ള രണ്ടാമത്തെ ചിത്രമാണിത്. സംവിധാന മികവിൽ പ്രേക്ഷക പ്രശംസ നേടിയ, അർജുൻ അശോകൻ നായകനായെത്തിയ മെമ്പർ അശോകൻ ആണ് ഇവരുടെ ആദ്യ ചിത്രം.

ബാബുരാജ്, ചെമ്പൻ വിനോദ് ജോസ്, ജാഫർ ഇടുക്കി, രൺജി പണിക്കർ, അനു മോഹൻ,എയ്മ റോസ്മി, മാലാ പാർവതി, രമ്യ സുവി, പൊന്നമ്മ ബാബു, പ്രാർത്ഥന സന്ദീപ് എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. ലിറ്റിൽ ഹാർട്സിന്റെ തിരക്കഥ ഒരുക്കുന്നത് രാജേഷ് പിന്നാടനാണ്. ബിജു മേനോൻ റോഷൻ മാത്യു ചിത്രം ഒരു തെക്കൻ തല്ല് കേസ്, റിലീസിന് തയ്യാറെടുക്കുന്ന പൃഥ്വിരാജ് ചിത്രം വിലായത്ത് ബുദ്ധ എന്നീ ചിത്രങ്ങളുടെ തിരക്കഥയും രാജേഷിന്റെതായിരുന്നു.

ഏഴ് പാട്ടുകളുള്ള ചിത്രത്തിന്റെ സംഗീതം കൈലാസ് മേനോൻ. ക്യാമറ: ലുക്ക് ജോസ്. എഡിറ്റർ: നൗഫൽ അബ്ദുള്ള, പ്രൊഡക്ഷൻ ഹെഡ്: അനിറ്റാരാജ് കപിൽ. ക്രിയേറ്റീവ് ഹെഡ്: ഗോപികാ റാണി. ക്രിയേറ്റീവ് ഡയറക്ടർ: ദിപിൽദേവ്, പ്രൊഡക്ഷൻ കൺട്രോളർ: ഡേവിസൺ സി.ജെ, മേക്കപ്പ് പ്രദീപ് ഗോപാലകൃഷ്ണൻ, കോസ്റ്റ്യൂം: അരുൺ മനോഹർ, ആർട്ട് അരുൺ ജോസ്, കൊറിയോഗ്രഫി: റിഷ്ദാൻ അബ്ദുൾ റഷീദ്,
പി.ആർ.ഒ: മഞ്ജു ഗോപിനാഥ്. സ്റ്റിൽസ് അനീഷ് ബാബു, ഡിസൈൻസ്: ഏസ്ത്തറ്റിക് കുഞ്ഞമ്മ. തുടങ്ങിയവരാണ് മറ്റ് അണിയറ പ്രവർത്തകർ.

Content Highlight: shane nigam-mahima nambiar new film little hearts

Latest Stories

We use cookies to give you the best possible experience. Learn more