ഒരുപാട് റിജക്ഷന്‍സ് നേരിട്ട ഒരു വ്യക്തിയാണ് താനെന്നും, അതുകൊണ്ട് റിജക്ഷന്‍സ് തനിക്ക് പ്രശ്നമല്ല എന്നും പറഞ്ഞിരിക്കുകയാണ് ഷെയ്ന്‍ നിഗം. സംവിധായകന്‍ ടി. കെ. രാജീവ് നല്‍കിയ ഒരു ഉപദേശത്തെ കുറിച്ചും ജിഞ്ചര്‍ മീഡിയ എന്റര്‍ടെയ്ന്‍മെന്റിന് നല്‍കിയ അഭിമുഖത്തില്‍ ഷെയ്ന്‍ പറഞ്ഞു.
‘ഉപദേശം എനിക്ക് കുറേപേര്‍ തന്നിട്ടുണ്ട്. ടി. കെ. രാജീവ് കുമാര്‍ തന്ന ഒരു ഉപദേശം എന്താണെന്നു വെച്ചാല്‍ നമ്മള്‍ക്ക് ബുദ്ധിമുട്ടില്ലാത്ത കാര്യങ്ങള്‍ ആളുകള്‍ക്ക് ചെയ്തു കൊടുക്കുക. അധികം നമ്മുടെ എത്തിക്സിനെ ബാധിക്കാത്ത കാര്യമാണെങ്കിലും അത് ചെയ്ത് കൊടുക്കുക. നമ്മളതിനെ എങ്ങിനെ എടുക്കുന്നു എന്നത് പോലെയിരിക്കും. ഉദാഹരണത്തിന് ഇപ്പോള്‍ ഒരു ഇന്‍ഫ്ളുവെന്‍ഷ്യല്‍ ആള്‍ വന്ന് നമ്മളോട് ഒരു കാര്യം ചെയ്യാന്‍ ആവശ്യപ്പെടുകയാണ്. നമ്മള്‍ ചെയ്യാത്ത കാര്യമാണത്, എന്നാലും അത് ചെയ്യുക. അവരെ വെറുപ്പിക്കാതിരിക്കുക,’ താരം പറഞ്ഞു
‘ഞാന്‍ ആരെയും വെറുപ്പിക്കാത്ത ഒരാളാണ്. ഞാന്‍ എനിക്ക് പറ്റുന്ന കാര്യം ചെയ്യും, പറ്റാത്ത കാര്യങ്ങള്‍ പറ്റില്ലെന്ന് തന്നെ പറയും. പറ്റില്ലാന്ന് പറയുമ്പോള്‍ ചിലര്‍ക്ക് അത് ബുദ്ധിമുട്ടായി മാറുന്നു. അവര്‍ക്കു റിജക്ഷന്‍സ് കിട്ടാത്തത് കൊണ്ടാണത്. ഞാന്‍ ഒരുപാടു റിജക്ഷന്‍സ് നേടിയ ഒരു വ്യക്തിയാണ്. അതുകൊണ്ടെനിക്കതൊരു പ്രശ്നമല്ല.
ആളുകള്‍ ഷെയിന്‍ ചെയ്തത് ശരിയായില്ല എന്നൊക്കെ പറഞ്ഞാല്‍ എനിക്കത് മനസ്സിലാകും. അത് ഈ ഇന്‍ഡസ്ട്രിയില്‍ വളരെ പ്രധാനപ്പെട്ടതാണ്. ഇവിടുത്തെ ആളുകളുടെ ഈഗോ വളരെ വലുതാണ്. ആള്‍ നടന്നു കഴിഞ്ഞാലും ആള്‍ടെ മുന്‍പിലാണ് ഈഗോ നടക്കുന്നത്. അങ്ങനത്തെ ഒരു കാലമാണിത്. അതത്ര നല്ല സ്വഭാവമൊന്നുമല്ല. അങ്ങനത്തെ കുറേ ആളുകളുമുണ്ടിപ്പോള്‍,’ ഷെയ്ന്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം ബര്‍മുഡയാണ് താരത്തിന്റെ ഇറങ്ങാനുള്ള പുതിയ ചിത്രം. ഹാസ്യത്തിന് പ്രാധാന്യം കൊടുക്കുന്ന സിനിമാണ് ബര്‍മുഡ. 24 ഫ്രെയിംസ്, ബാദുഷ സിനിമാസ് എന്നീ ബാനറുകളില്‍ സൂരജ് സി.കെ, ബിജു സി.ജെ, ബാദുഷ എന്‍.എം, ഷിനോയ് മാത്യു എന്നിവര്‍ ചേര്‍ന്നാണ് നിര്‍മിക്കുന്നത്. കൃഷ്ണദാസ് പങ്കിയാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്.