ആ സിനിമയുടെ കഥ മലയാളത്തിലാണെങ്കിലും ഞാൻ ചെയ്തേനെ: ഷെയ്ൻ നിഗം
Film News
ആ സിനിമയുടെ കഥ മലയാളത്തിലാണെങ്കിലും ഞാൻ ചെയ്തേനെ: ഷെയ്ൻ നിഗം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 2nd May 2024, 3:20 pm

മലയാള സിനിമയിലെ യുവതാരങ്ങളില്‍ ശ്രദ്ധേയനാണ് ഷെയ്ന്‍ നിഗം. മിനിസ്‌ക്രീനിലൂടെ അഭിനയ രംഗത്തെത്തിയ ഷെയ്ന്‍ ചുരുങ്ങിയ കാലം കൊണ്ടാണ് മലയാള സിനിമയിലെ നായക നിരയിലേക്കെത്തുന്നത്.

മറ്റ് ഭാഷയിൽ സജീവമാവാത്തതിനെക്കുറിച്ച് സംസാരിക്കുകയാണ് ഷെയ്ൻ നിഗം. താൻ ഇപ്പോൾ ഒരു തമിഴ് സിനിമ ചെയ്തിട്ടുണ്ടെന്നും അത് മലയാളത്തിൽ വന്നതാണെങ്കിൽ ചെയ്തേനെയെന്നും ഷെയ്ൻ പറഞ്ഞു. ഒരു തമിഴ് സിനിമ ചെയ്യണമെന്ന് ഓർത്ത് ചെയ്തതല്ലെന്നും അതിന്റെ കഥ ഇഷ്ടപ്പെട്ടതുകൊണ്ടാണ് അഭിനയിച്ചതെന്നും ഷെയ്ൻ കൂട്ടിച്ചേർത്തു.

അങ്ങനെയുള്ള നല്ല ഇൻട്രസ്റ്റിങ് ആയിട്ടുള്ള കഥ വന്നാലായിരിക്കും തനിക്ക് മറ്റു ഭാഷയിൽ ചെയ്യാൻ തോന്നുകയെന്നും ഷെയ്ൻ പറയുന്നുണ്ട്. ഐ ആം വിത്ത് ധന്യ വര്‍മ എന്ന യൂട്യൂബ് ചാനലിനു നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

‘ഞാൻ ചെയ്ത തമിഴ് ഫിലിം ആണെങ്കിൽ പോലും, ഒരു തമിഴ് സിനിമ ചെയ്യണമെന്ന് ഓർത്ത് ചെയ്തതല്ല. അതിന്റെ കഥ എനിക്ക് ഇഷ്ടപ്പെട്ടു. അതിന്റെ കഥ തമിഴിലാണ് വന്നത് മലയാളത്തിലാണെങ്കിലും ഞാൻ അത് ചെയ്തേനെ. ആ കഥയും ആ ക്യാരക്ടറും കൊണ്ടാണ് തെരഞ്ഞെടുത്തത്.

ഒരു ചെറിയ സിറ്റുവേഷനിൽ നിന്നും മാറിപ്പോകുന്ന ഒരു ടൈപ്പ് കഥയാണ്. പക്ഷേ അതിനെ കൊണ്ടുവന്ന രീതി അത്യാവശ്യം നല്ലതാണ്. അങ്ങനെയുള്ള നല്ല ഇൻട്രസ്റ്റിങ് ആയിട്ടുള്ള കഥ വന്നാലായിരിക്കും എനിക്ക് ചെയ്യാൻ പറ്റുകയുള്ളൂ,’ ഷെയ്ൻ നിഗം പറഞ്ഞു.

ആര്‍.ഡി.എക്‌സ് എന്ന ഹിറ്റ് സിനിമക്ക് ശേഷം ഷെയ്ന്‍ നിഗം, മഹിമ നമ്പ്യാര്‍, ബാബുരാജ് എന്നിവര്‍ പ്രധാനവേഷങ്ങളിലെത്തുന്ന റൊമാന്റിക് കോമഡി എന്റര്‍ടെയ്‌നര്‍ ചിത്രം ‘ ലിറ്റില്‍ ഹാര്‍ട്‌സ്’ റിലീസിന് ഒരുങ്ങുകയാണ്.

ആന്റോ ജോസ് പെരേര, എബി ട്രീസാ പോള്‍ എന്നിവര്‍ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം സാന്ദ്ര തോമസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സാന്ദ്ര തോമസും, വില്‍സണ്‍ തോമസും ചേര്‍ന്നു നിര്‍മിക്കുന്നു. രാജേഷ് പിന്നാടന്റേതാണ് തിരക്കഥ. മെയ് 31നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്.

Content Highlight: shane nigam explains why he didn’t active in other language