| Tuesday, 3rd March 2020, 10:47 pm

പ്രശ്‌നപരിഹാരത്തിന് വഴിയൊരുങ്ങുന്നു; 32 ലക്ഷം രൂപ നല്‍കാമെന്ന് ഷെയ്ന്‍, എല്ലാം നല്ല രീതിയില്‍ അവസാനിക്കുമെന്ന് മോഹന്‍ലാല്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊച്ചി: നടന്‍ ഷെയ്ന്‍ നിഗവും നിര്‍മാതാക്കളും തമ്മിലുള്ള പ്രശ്‌നത്തിന് പരിഹാരമാകുന്നു. നിര്‍മാതാക്കള്‍ക്ക് നഷ്ടപരിഹാരം നല്‍കാമെന്ന് ഷെയ്ന്‍ സമ്മതിച്ചു. നടീ-നടന്‍മാരുടെ സംഘടനയായ അമ്മയുടെ എക്‌സിക്യൂട്ടീന് യോഗത്തിലാണ് തീരുമാനം.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഇതുപ്രകാരം വെയില്‍, കുര്‍ബാനി സിനിമകളുടെ നിര്‍മാതാക്കള്‍ക്ക് 32 ലക്ഷം രൂപ നല്‍കും. പ്രശ്‌നങ്ങളെല്ലാം നല്ലരീതിയില്‍ അവസാനിക്കുമെന്ന് അമ്മ പ്രസിഡന്റ് മോഹന്‍ലാല്‍ പറഞ്ഞു. എല്ലാ കാര്യത്തിലും നാളെ തീരുമാനമാകുമെന്നായിരുന്നു സെക്രട്ടറി ഇടവേള ബാബു പറഞ്ഞത്.

മോഹന്‍ലാല്‍ നേരിട്ട് ഇടപെട്ട സാഹചര്യത്തിലാണ് ഇന്നത്തെ യോഗം ചേര്‍ന്നത്. പ്രശ്ന പരിഹാരത്തിനായി നിര്‍മാതാക്കള്‍ ആവശ്യപ്പെട്ട നഷ്ടപരിഹാര തുക നല്‍കാന്‍ കഴിയില്ലെന്നായിരുന്നു നേരത്തെ സംഘടനയുടെ നിലപാട്.

അമ്മ ഭാരവാഹികള്‍ നിര്‍മാതാക്കളുമായി അനൗദ്യോഗിക ചര്‍ച്ചകള്‍ നടത്തിയിരുന്നു. നേരത്തെ ഒരു കോടി രൂപ നഷ്ട പരിഹാരം ഷെയ്ന്‍ നല്‍കണമെന്നായിരുന്നു നിര്‍മാതാക്കളുടെ സംഘടന ആവശ്യപ്പെട്ടിരുന്നത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

എന്നാല്‍ ഇത്രയും തുക നല്‍കാനാകില്ലെന്ന് അമ്മ നിലപാട് സ്വീകരിച്ചതോടെ ചര്‍ച്ചകള്‍ വഴി മുട്ടിയിരുന്നു.

എന്നാല്‍, അനുനയ നീക്കവുമായി താരസംഘടനയുടെ നിര്‍ദേശ പ്രകാരം ഷെയ്ന്‍ നേരിട്ട് വെയില്‍ സിനിമയുടെ നിര്‍മാതാവിന് കത്തയച്ചിരുന്നു. വെയില്‍ സിനിമ പൂര്‍ത്തീകരിക്കണമെന്നും, ഇനി കൈപ്പറ്റാനുള്ള തുക വേണ്ട എന്നും കത്തില്‍ വ്യക്തമാക്കിയിരുന്നു.

ഉല്ലാസം സിനിമയുടെ ഡബ്ബിംഗ് നടത്താതിരിക്കുകയും വെയില്‍, ഖുര്‍ബാനി സിനിമകളുടെ ചിത്രീകരണം മുടങ്ങുകയും ചെയ്തതോടെയാണ് നിര്‍മ്മാതാക്കളുടെ സംഘടന ഷെയ്നിന് വിലക്കേര്‍പ്പെടുത്തിയത്.

അമ്മയും, ഫെഫ്കയും അടക്കമുള്ള സംഘടനകള്‍ പ്രശ്‌നം ഒത്തുതീര്‍പ്പാക്കാന്‍ ഇടപെട്ടു. ഇതിനിടെ ഷെയ്ന്‍ നിര്‍മ്മാതാക്കളെ മനോരോഗികള്‍ എന്ന തരത്തില്‍ വിശേഷിപ്പിച്ചത് പ്രശ്‌നം കൂടുതല്‍ വഷളാക്കി.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more