തിരുവനന്തപുരം: കൂടുതല്‍ പ്രതിഫലം നല്‍കാതെ ഉല്ലാസം സിനിമയുടെ ഡബ്ബിംഗ് പൂര്‍ത്തിയാക്കില്ലെന്ന് ഷെയ്ന്‍ നിഗം. നിര്‍മാതാക്കളും ഷെയ്‌നും തമ്മിലുള്ള തര്‍ക്കം പരിഹരിക്കുന്നതിന്റെ ഭാഗമായി ജനുവരി 5 നകം ഉല്ലാസത്തിന്റെ ഡബ്ബിംഗ് പൂര്‍ത്തിയാക്കണമെന്നായിരുന്നു നിര്‍മാതാക്കളുടെ ആവശ്യം. ഇത് സംബന്ധിച്ച് ഷെയ്‌നിന് കത്തും നല്‍കിയിരുന്നു.
സിനിമയ്ക്ക് ഇതുവരെ ഷെയ്ന്‍ ഡബ്ബിംഗ് ചെയ്യാനെത്തിയിരുന്നില്ല. പ്രതിഫലം കൂട്ടിനല്‍കാതെ ഒത്തു തീര്‍പ്പു ചര്‍ച്ചക്കില്ലെന്ന നിലപാടിലുമാണ് താരം.
2017ല്‍ 27 ലക്ഷം രൂപയ്ക്ക് കരാറുറപ്പിച്ച സിനിമയ്ക്ക് ഇന്നത്തെ വിപണി മൂല്യമനുസരിച്ച് 45 ലക്ഷം രൂപയാണ് ഷെയ്ന്‍ ആവശ്യപ്പെട്ടത്. നിര്‍മാതാക്കളുമായി ഏര്‍പ്പെട്ട കരാര്‍ ലംഘിച്ചതിനാണ് ഷെയ്‌നിനെ സിനിമയില്‍ നിന്നും വിലക്കിയത്.
നിര്‍മാതാക്കളുമായുള്ള വിഷയം പരിഹരിക്കുന്നതിന്റെ ഭാഗമായി താരസംഘടനയായ അമ്മ ജനുവരി 9ന് നിര്‍വാഹക സമിതി യോഗം ചേരാന്‍ തീരുമാനിച്ചിട്ടുണ്ട്. യോഗത്തില്‍ ഷെയ്‌നിന്റെ തീരുമാനം അറിഞ്ഞ ശേഷം നിര്‍മാതാക്കളുമായി ചര്‍ച്ചചെയ്യാനാണ് തീരുമാനിച്ചിരുന്നത്. അതിനിടയിലാണ് പ്രതിഫലം കൂട്ടി നല്‍കാതെ ഡബ്ബുചെയ്യില്ലെന്ന് ഷെയ്ന്‍ പറഞ്ഞത്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
നിര്‍മാതാക്കളെ മനോരാഗികള്‍ എന്നു വിളിച്ചതില്‍ ഷെയ്ന്‍ നിഗം മുമ്പ് മാപ്പു പറഞ്ഞിരുന്നു. മാപ്പ് ചോദിച്ചുകൊണ്ട് അമ്മ, ഫെഫ്ക, പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ എന്നിവര്‍ക്കാണ് ഷെയ്ന്‍ കത്തയച്ചത്.വിഷയം രമ്യമായി പരിഹരിക്കണമെന്ന് അന്ന് കത്തില്‍ ആവശ്യപ്പെട്ടിരുന്നു.