ഈയിടെ ലിറ്റിൽ ഹാർട്ട്സ് എന്ന സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി നൽകിയ ഒരു അഭിമുഖത്തിൽ നടൻ ഷെയ്ൻ നിഗം നടൻ ഉണ്ണി മുകുന്ദനെ കുറിച്ച് തമാശയായി പറഞ്ഞ ഒരു കാര്യം ചിലർ തെറ്റായി വ്യാഖ്യാനിച്ചിരുന്നു. പിന്നാലെ ഷെയ്‌നിന്റെ വാക്കുകൾ വലിയ രീതിയിൽ പ്രചരിക്കപ്പെടുകയും ഒടുവിൽ ഉണ്ണി മുകുന്ദനോടും ആരാധകരോടും ഷെയ്ൻ പരസ്യമായി മാപ്പു പറയുകയും ചെയ്തിരുന്നു.
ഒരു തമാശയായി പറഞ്ഞ കാര്യത്തെ മറ്റൊരു തരത്തിലാണ് ആളുകൾ കണ്ടതെന്നും തന്റെ വാക്കുകൾ വേദനയുണ്ടാക്കിയിട്ടുണ്ടെങ്കിൽ ഉണ്ണി മുകുന്ദനോടും ആരാധകാരോടും താൻ മാപ്പ് ചോദിക്കുന്നുവെന്നുമായിരുന്നു ഷെയ്ൻ അന്ന് പറഞ്ഞത്.
സംഭവം നടന്നിട്ട് കുറച്ച് നാളായെങ്കിലും ഇപ്പോഴും ഈ വിഷയത്തെ കുറിച്ച് സോഷ്യൽ മീഡിയയിൽ ചർച്ച നടക്കാറുണ്ട്. ഇപ്പോൾ ഉണ്ണി മുകുന്ദന്റെ പുതിയ ചിത്രം മാർക്കോ ബോക്സ് ഓഫീസിൽ മുന്നേറുമ്പോൾ വീണ്ടും ചർച്ചയാവുകയാണ് ഷെയ്ൻ – ഉണ്ണി വിഷയം. മാർക്കോ കണ്ടോ എന്ന മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന് മറുപടി പറയുകയാണ് ഷെയ്ൻ നിഗം.
മാർക്കോ കാണാൻ പറ്റിയിട്ടില്ലെന്നും തീർച്ചയായും കാണുമെന്നും ഷെയ്ൻ നിഗം പറയുന്നു. ഉണ്ണി മുകുന്ദനെ വിളിച്ചിരുന്നോ എന്ന ചോദ്യത്തിന് സിനിമ കാണാതെ വിളിക്കുന്നത് നല്ലതല്ലല്ലോ എന്നാണ് ഷെയ്ൻ തിരിച്ച് ചോദിച്ചത്.
‘മാർക്കോ കാണാൻ പറ്റിയിട്ടില്ല, ഇവിടെ കോയമ്പത്തൂരിൽ ഷൂട്ട് നടക്കുന്നതിന്റെ തിരക്കിലാണ്. തീർച്ചയായും ഞാൻ കാണുന്നുണ്ട്. ഉണ്ണി ചേട്ടനെ ഞാൻ കണ്ടിട്ട് വിളിക്കുന്നതല്ലെ നല്ലത്. കാണാതെ വിളിക്കുന്നത് നല്ലതല്ലല്ലോ. ഹാൽ എന്നൊരു സിനിമയാണ് മലയാളത്തിൽ ഇനി എന്റേതായി പുറത്തിറങ്ങാനുള്ളത്. ലൗ സ്റ്റോറിയാണ്. ഉടനെ ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു,’ഷെയ്ൻ നിഗം പറയുന്നു.
പറവ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം സൗബിൻ സംവിധാനം ചെയ്യുന്ന സിനിമയിൽ ഉണ്ടാവുമോ എന്ന ചോദ്യത്തിന്, അത് തനിക്ക് അറിയില്ലെന്നും ഷെയ്ൻ നിഗം മറുപടി പറഞ്ഞു. പറവയിൽ പ്രധാന കഥാപാത്രങ്ങളിലൊരാളായി ഷെയ്ൻ നിഗം വേഷമിട്ടിരുന്നു. ഷെയ്‌നിന്റെ തമിഴ് അരങ്ങേറ്റ ചിത്രമായ മദ്രാസ്‌ക്കാരൻ റിലീസിന് ഒരുങ്ങുകയാണ്. നേരത്തെ ഇറങ്ങിയ ചിത്രത്തിന്റെ ട്രെയ്‌ലറിന് മികച്ച അഭിപ്രായമാണ് ലഭിച്ചത്.
Content Highlight: Shane Nigam About Unni Mukundhan’s Marco Movie