| Saturday, 4th November 2023, 10:56 pm

ഫലസ്തീന്‍ കുട്ടികളുടെ മൃതദേഹങ്ങള്‍ കാണുമ്പോള്‍ വേദനിക്കുന്നത് മതം കൊണ്ടല്ല, മനുഷ്യത്വം കൊണ്ടാണ്: ഷെയ്ന്‍ നിഗം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സോഷ്യല്‍ മീഡിയ പേജുകളില്‍ വരുന്ന ഫലസ്തീന്‍ കുട്ടികളുടെ മൃതദേഹങ്ങളുടെ ദൃശ്യങ്ങള്‍ തന്നെ ബാധിക്കാറുണ്ടെന്ന് നടന്‍ ഷെയ്ന്‍ നിഗം. അവര്‍ തന്റെ മതമായിട്ടല്ല, മനുഷ്യത്വം കൊണ്ടാണ് അങ്ങനെ വേദന തോന്നുന്നതെന്നും ഷെയ്ന്‍ പറഞ്ഞു. യുദ്ധം കൊണ്ട് ആര്‍ക്കാണ് മെച്ചം എന്ന് എല്ലാ മനുഷ്യരും ആലോചിക്കേണ്ടതുണ്ടെന്നും മീഡിയ വണിന് നല്‍കിയ അഭിമുഖത്തില്‍ ഷെയ്ന്‍ പറഞ്ഞു.

‘ഇപ്പോള്‍ ഇന്‍സ്റ്റഗ്രാം നോക്കാന്‍ സത്യം പറഞ്ഞാല്‍ വിഷമമാണ്. വേറൊന്നും കൊണ്ടല്ല. ഞാന്‍ ഫോളോ ചെയ്യുന്ന പേജുകളുടെ പ്രശ്‌നമാണോയെന്ന് അറിയില്ല. ഫലസ്തീനിലെ ചെറിയ കുട്ടികളെ മിഠായി പൊതിയുന്ന പോലെ ചെറിയ പൊതിയിലാക്കി കൊണ്ടുപോകുന്നത് കാണാം. എനിക്ക് അത് ഭയങ്കരമായി അഫക്റ്റഡാവും.

ചിലപ്പോള്‍ ഞാന്‍ സെന്‍സിറ്റീവാകുന്നത് കൊണ്ടാവാം. അവര്‍ എന്റെ ആരുമല്ല. എന്റെ മതമാണോന്ന് ചോദിച്ചാല്‍ അതുകൊണ്ടുമല്ല. അങ്ങനെ ഒരിക്കലും കാണാന്‍ പാടില്ല. അത് ഹ്യുമാനിറ്റിയാണ്.

ഇത് മാറണം, ഈ ലോകത്തിന് അതിന്റെ ആവശ്യമില്ല. നമ്മള്‍ ജനിക്കുന്നു, കര്‍മം ചെയ്ത് പോകുന്നു, മരിച്ചുപോകുന്നു. ഇവിടെ നിന്നും ഒന്നും കൊണ്ടുപോകുന്നില്ല. യുദ്ധം കൊണ്ട് ആര്‍ക്കാണ് മെച്ചം എന്ന് എല്ലാ മനുഷ്യരും ആലോചിക്കേണ്ട സാഹചര്യം ആയിട്ടുണ്ട്,’ ഷെയ്ന്‍ പറഞ്ഞു.

വേലയാണ് ഇനി റിലീസിന് ഒരുങ്ങുന്ന ഷെയ്‌നിന്റെ ചിത്രം. ഷെയിന്‍ നിഗവും സണ്ണി വെയ്‌നുമാണ് ചിത്രത്തില്‍ കേന്ദ്രകഥാപാത്രങ്ങളാവുന്നത്. പൊലീസ് കണ്‍ട്രോള്‍ റൂമിന്റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രത്തില്‍ ഷെയിന്‍ നിഗം ഉല്ലാസ് അഗസ്റ്റിന്‍ എന്ന പൊലീസ് ഉദ്യോഗസ്ഥനെയും മല്ലികാര്‍ജുനന്‍ എന്ന പൊലീസ് കഥാപാത്രത്തെ സണ്ണി വെയ്‌നും അവതരിപ്പിക്കുന്നു.

സിന്‍സില്‍ സെല്ലുലോയ്ഡിന്റെ ബാനറില്‍ എസ്.ജോര്‍ജ് നിര്‍മിക്കുന്ന വേലയുടെ സംവിധാനം ശ്യാം ശശിയും തിരക്കഥ എം. സജാസും നിര്‍വഹിച്ചിരിക്കുന്നു. അതിഥി ബാലന്‍ പ്രധാന കഥാപാത്രത്തിലെത്തുന്ന വേലയുടെ ഓഡിയോ റൈറ്റ്സ് ടി സീരീസാണ് കരസ്ഥമാക്കിയത്. ബാദുഷ പ്രൊഡക്ഷന്‍സാണ് ചിത്രത്തിന്റെ സഹനിര്‍മാതാക്കള്‍. നവംബര്‍ പത്തിനാണ് ചിത്രം കേരളത്തിലെ തിയേറ്ററുകളിലേക്കെത്തുന്നത്. ദുല്‍ഖര്‍ സല്‍മാന്റെ വേഫേറെര്‍ ഫിലിംസ് കേരളത്തില്‍ ചിത്രം വിതരണം നിര്‍വഹിക്കുന്നു.

Content Highlight: Shane nigam about palestine issue

We use cookies to give you the best possible experience. Learn more